Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുരുഗദോസിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം; സർക്കാരിനെതിരെ ‘സർക്കാർ

sarkar-admk

വിജയ് ചിത്രം മെർസലിനെതിരെ ബിജെപി വാളെടുത്തതോടെയാണ് മെർസൽ തമിഴ്നാടിനെ അതിശയിപ്പിക്കുന്ന വിജയമായി മാറിയത്. വിവാദങ്ങളുടെ തലവേദന വിജയ്‌യെ വിട്ടുമാറുന്നില്ല. പുതിയ ചിത്രം ‘സർക്കാർ’ തമിഴ്നാട് സർക്കാരിനെ അധിക്ഷേപിക്കുന്നുവെന്നാണ് ആരോപണം. പേടിപ്പിച്ചും ആരോപണം ഉന്നയിച്ചും ചിത്രത്തെ വരുതിയിൽ നിർത്താനാണ് സർക്കാർ ശ്രമം. സംവിധായകൻ എ.ആർ.മുരുകദോസിന്റെ വീട്ടിൽ ഇന്നലെ രാത്രി പൊലീസ് പരിശോധനയ്ക്കെത്തിയതും കൃത്യമായ സൂചനയുമായിരുന്നു. വിജയ്ക്കെതിരെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെയും നടപടിയെടുക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

സർക്കാർ എന്ന ചിത്രം ഭീകരവാദം തന്നെയാണെന്നായിരുന്നു തമിഴ്നാട് നിയമമന്ത്രി  സി.വി. ഷൺമുഖത്തിന്റെ പ്രതികരണം. സമൂഹത്തിൽ കലാപം അഴിച്ചു വിടാനാണ് ചിത്രത്തിന്റെ ശ്രമം. ഇത് തുടരാൻ അനുവദിക്കില്ല. ഒരു ഭീകരവാദി അക്രമത്തിനു പ്രേരിപ്പിക്കുന്നതിനു തുല്യമാണ് ഈ ചിത്രം ചെയ്യുന്നത്. വിജയിക്കും അണിയറപ്രവർത്തകർക്കു നേരേയും ശക്തമായ നടപടി എടുക്കുക തന്നെ ചെയ്യും– മന്ത്രി പറഞ്ഞു. 

വെറും രണ്ട് ദിവസം കൊണ്ട് 100 കോടി നേടുന്ന ആദ്യ വിജയ് ചിത്രമാണ് സർക്കാർ. വേൾഡ് വൈഡ് കലക്​ഷൻ റിപ്പോർട്ട് ആണിത്. സർക്കാരിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം തുടരുകയാണ്. മധുരയിലും കൊയമ്പത്തൂരിലും അണ്ണാ ഡി.എം.കെ പ്രവർത്തകർ ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ അക്രമിച്ചു. സംവിധായകൻ എ.ആർ.മുരുകദോസിന്റെ വീട്ടിൽ ഇന്നലെ രാത്രി പൊലീസ് പരിശോധനയ്ക്കെത്തി. അതേ സമയം ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.

sarkar-admk-1

തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ചിത്രത്തിനെതിരെ മന്ത്രിമാരടക്കം രംഗത്ത് വന്നതോടെ പ്രതിഷേധം ശക്തമായി. അണ്ണാ ഡി.എം.കെ പ്രവർത്തകർ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലേക്ക് മാർച്ച് നടത്തി. ചെന്നൈ , മധുര, കൊയമ്പത്തൂർ എന്നിവിടങ്ങളിലാണ് പ്രതിഷേധം കനത്തത്. വിജയ്‌യുടെ കട്ടൗട്ടുകളടക്കം നശിപ്പിച്ചു. വിവാദ രംഗങ്ങൾ നീക്കിയില്ലെങ്കിൽ വ്യാപകമായി പ്രദർശനം തടയാനാണ് അണ്ണാ ഡി.എം.കെ തീരുമാനം.

തിയറ്ററുകൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുണ്ട്. സംവിധായകൻ എ.ആർ.മുരുകദോസിന്റെ വീട്ടിൽ രാത്രി വൈകി പൊലീസ് പരിശോധനയ്ക്കെത്തി. എന്നാൽ മുരുകദോസ് ഇല്ലാത്തതിനാൽ തിരിച്ചു പോവുകയായിരുന്നു. അറസ്റ്റടക്കമുള്ള നടപടിക്കല്ലെന്നും സുരക്ഷ നൽകാനാണ് വന്നതെന്നും പൊലീസ് വ്യക്തമാക്കി. മുരുകദോസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേർസ് ആരോപിച്ചു. 

രാത്രി വൈകി മുരുകദോസിന്റെ വീട്ടിലെത്തിയ പൊലീസ് നടപടിക്കെതിരെ രജനീകാന്ത്, വിശാൽ അടക്കമുള്ള സിനിമ മേഖലയിൽ നിന്നുള്ളവർ രംഗത്തെത്തി. സെൻസർ ചെയ്ത സിനിമകളിൽ ഇടപെടുന്ന സർക്കാർ നീക്കത്തെ വിശാൽ വിമർശിച്ചു. നേരത്തെ നടൻ കമൽഹാസനും ചിത്രത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.ഇതേ രീതിയിൽ പ്രദർശനം തുടർന്നാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് തിയറ്റർ എക്സിബിഷൻ അസോസിയേഷൻ നിർമാതാക്കളെ അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നും വാരിയത് 6.6 കോടി

വിവാദങ്ങൾക്കിടയിലും റെക്കോർ‍ഡുകൾ ഭേദിച്ച് സർക്കാരിന്‍റെ കുതിപ്പ്. റെക്കോർഡുകൾ പലതും പഴങ്കഥയാക്കിയ സർക്കാർ റീലീസ് ചെയ്ത് ആദ്യദിനം തന്നെ തമിഴ്നാട്ടിൽ നിന്നു നേടിയത് 30.5 കോടിയാണ്. ആദ്യദിനം ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷനാണിത്. സംസ്ഥാനത്ത് 650 തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. 

ഇന്ത്യയിലെ ആകെ കളക്ഷൻ പരിഗണിച്ചാൽ ആദ്യദിനം സർക്കാർ നേടിയത് 47.85 കോടിയാണ്. ഇക്കാര്യത്തിൽ രൺബീർ കപൂർ നായകനായ 'സഞ്ജു'വിനെയാണ് സർക്കാർ മറികടന്നത്. ആദ്യദിനം 34.75 കോടിയാണ് 'സഞ്ജു' നേടിയത്. സഞ്ജു ഇന്ത്യയിൽ മാത്രം 4000 തിയേറ്ററുകളിലായിരുന്നു റിലീസ് ചെയ്തതെങ്കിൽ സർക്കാർ ഇന്ത്യയിലും വിദേശത്തുമായി 3400 തിയേറ്ററുകളിലാണ് റീലീസ് ചെയ്തത്. 

കേരളത്തിലെ വിജയ് ആരാധകർക്കുമുണ്ട് സന്തോഷവാർത്ത. സംസ്ഥാനത്ത് ആദ്യദിനം ചിത്രം നേടിയത് 6.6 കോടിയാണ്. ബാഹുബലിയുടെ കേരളത്തിലെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ മറികടന്നാണ് ഈ നേട്ടം. ബാഹുബലി രണ്ടാം ഭാഗം ആദ്യദിനം കേരളത്തിൽ നിന്നു നേടിയത് 5.5 കോടിയാണ്. കേരളത്തിൽ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ എന്ന ചിത്രവും സർക്കാർ സ്വന്തമാക്കി.

അയൽ സംസ്ഥാനമായ കർണാടകത്തിൽ ആദ്യദിനം സർക്കാർ നേടിയത് 6.1 കോടിയാണ്. ആദ്യദിന കളക്ഷൻ പരിഗണിച്ചാൽ രജനീകാന്തിന്‍റെ കബാലി മാത്രമാണ് കർണാടകയിൽ സർക്കാരിനു മുന്നിലുള്ളത്.