Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടക്കിവാഴും ഈ സർക്കാർ; റിവ്യു

sarkar-review

രക്ഷകൻ എന്നു പകുതി കളിയായും പകുതി കാര്യമായും വിളിക്കപ്പെടുന്ന വിജയ് ഇത്തവണ ആ പതിവ് ഒന്നു തെറ്റിച്ചു. മുരുഗദോസ് എന്ന സംവിധായകനു പൂർണമായും വഴങ്ങിക്കൊടുത്ത താരത്തെയാണു ‘സർക്കാരിൽ’ കാണാൻ കഴിയുന്നത്. നായകനൊപ്പം സംവിധായകൻ കൂടി മിന്നുമ്പോൾ സർക്കാർ വെറുമൊരു ദളപതി ചിത്രം മാത്രമായി ഒതുങ്ങുന്നില്ല. നിലനിൽക്കുന്ന സമകാലീന തമിഴ് കുടുംബരാഷ്ട്രീയത്തിനെതിരെയാണ് ‘സർക്കാർ’.

കോർപറേറ്റ് മോൺസ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സുന്ദർ, ഒരു മൾട്ടിനാഷനൽ കമ്പനിയുടെ സിഇഒ ആണ്. നാലു രാജ്യങ്ങൾ വിലക്കിയിരിക്കുന്ന സുന്ദറിനെ മറ്റു വൻകിട കമ്പനികൾക്കെല്ലാം പേടിയാണ്. അമേരിക്കയിൽ ജോലി ചെയ്യുന്ന സുന്ദർ ഏതെങ്കിലും രാജ്യത്തിൽ കാലു കുത്തിയാൽ അവിടെയുള്ള കമ്പനികൾ മുടിച്ചിട്ടേ സ്ഥലം വിടൂ.

അമേരിക്കയിൽ നിന്നും സുന്ദർ സ്വന്തം നാട്ടിലേയ്ക്കു വോട്ട് ചെയ്യാൻ വരുന്നിടത്താണു സർക്കാരിന്റെ ആരംഭം. വോട്ട് ചെയ്ത് അന്നുതന്നെ തിരികെ മടങ്ങണമെന്ന ഉദ്ദേശത്തോടെ നാട്ടിലെത്തുന്ന സുന്ദറിനെ കാത്തിരിക്കുന്നത് മറ്റൊന്നായിരുന്നു. സ്വന്തം പേരിൽ മറ്റാരോ കള്ളവോട്ട് ചെയ്തിരിക്കുന്നു. ഇതിനെതിരെ നിയമപരമായി പോരാട്ടത്തിനിറങ്ങുന്ന സുന്ദറിന്റെ കഥയാണു മുരുഗദോസ് സർക്കാരിലൂടെ പറയുന്നത്.

ശിവാജി ഗണേശന്റെ ഇലക്‌ഷൻ ക്യാംപെയ്നിൽ നിന്നുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു മുരുഗദോസിന് ലഭിക്കുന്നത്. തമിഴ്നാട്ടിലെ രാഷ്ട്രീയനാടകങ്ങൾക്കെതിരെയുള്ള മുരുഗദോസിന്റെയും വിജയുടെയും ഒളിയമ്പ് തന്നെയാണു സർക്കാർ. വോട്ടിനു വേണ്ടി ടിവിയും ലാപ്ടോപ്പും സൗജന്യമായി നൽകി ജനങ്ങളെ അടിമകളാക്കുന്ന രാഷ്ട്രീയഭീമന്മാരെ ചിത്രത്തിലൂടെ വലിച്ചു കീറുന്നു.  

Sarkar FDFS Response Kerala

കടബാധ്യതയെക്കുറിച്ചു പരാതി നല്‍കാനെത്തിയ ഒരു കുടുംബത്തിലെ നാലു പേര്‍ തിരുനെല്‍വേലി കലക്ടറേറ്റിൽ  തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ചിത്രത്തിൽ വീണ്ടും ദൃശ്യവൽകരിക്കപ്പെടുന്നുണ്ട്. തമിഴ്നാടിനെ പിടിച്ചുലച്ച പല യഥാർഥ സംഭവങ്ങളും തിരക്കഥയിൽ ഉൾപ്പെടുത്താൻ മുരുഗദോസ് ശ്രമിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ പ്രശ്നം വരെ ചിത്രത്തിൽ ചെറുതായാണെങ്കിലും പരാമർശിക്കപ്പെടുന്നു.

sarkar-promo-5

വാണിജ്യ ചേരുവകളെല്ലാം ഒരുപോലെ ചേര്‍ത്തു ചെയ്യപ്പെട്ട സിനിമയുടെ ആദ്യപകുതി പ്രേക്ഷകരെ പിടിച്ചിരുത്തും. ആക്​ഷനും പഞ്ച് ഡയലോഗും പാട്ടും മാസ് രംഗങ്ങളും ആവോളം നിറഞ്ഞ ആദ്യപകുതി അതിവേഗം തന്നെ മുന്നോട്ട് പോകുന്നു. 

എന്നാൽ രണ്ടാം പകുതിയിൽ സിനിമയുടെ വേഗത കുറയുകയാണ്. കണ്ടുശീലിച്ച അവതരണശൈലിയാണു സംവിധായകൻ പിന്നീട് അവലംബിക്കുന്നത്. ദൈർഘ്യമേറിയ പ്രസംഗങ്ങളും ക്ലീഷേ ക്ലൈമാക്സുമായി രണ്ടാംപകുതിയിൽ സർക്കാർ അൽപം പുറകോട്ട് ആകുന്നു.

sarkar-release

ഡാൻസിൽ ചടുലമായ ചുവടുകളോടെയും ആക്​ഷനിൽ കൊടുങ്കാറ്റായും ഡയലോഗുകളിൽ തീക്ഷ്ണതോടെയും ആരാധകരുടെ മനംകീഴടക്കും  വിജയ്. കഴിഞ്ഞ ചിത്രങ്ങളിലേക്കാൾ കൂടുതൽ സ്റ്റൈലിഷ് ലുക്കിൽ ആണ് വിജയ് സർക്കാരിൽ എത്തുന്നത്. മാത്രമല്ല ഇത്രയേറെ സാമൂഹികപ്രശ്നങ്ങൾ ഉയർത്തി കാണിക്കുകയും ഭരിക്കുന്ന സർക്കാരിനെ പോലും സ്വന്തം സിനിമകളിലൂടെ വിമര്‍ശിക്കുന്ന മറ്റൊരു സൂപ്പർതാരം ഉണ്ടാകുമോ എന്നുതന്നെ സംശയമാണ്.

നായികയായി എത്തിയ കീർത്തിക്ക് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല. വരലക്ഷ്മി അവതരിപ്പിക്കുന്ന കോമളവല്ലി എന്ന കഥാപാത്രമാണു സർക്കാരിലെ മറ്റൊരു ശക്തമായ സാന്നിധ്യം. സംഭാഷണങ്ങളിലും ശരീരഭാഷയിലും തന്റെ നെഗറ്റീവ് റോൾ വരലക്ഷ്മി ഗംഭീരമാക്കി. കോമഡി താരം യോഗി ബാബുവും ഒന്നു രണ്ടു രംഗങ്ങളിൽ മാത്രം മിന്നിമറയുന്നു. മുൻ എംഎൽഎ കൂടിയായ കറുപ്പയ്യ ആണു വില്ലനായി എത്തുന്നത്. രാധാ രവിയും മികച്ചു നിൽക്കുന്നു.

sarkar-teaser-record

എ.ആർ.റഹ്മാന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സർക്കാരിന്റെ നട്ടെല്ലാണ്. ആക്​ഷൻ രംഗങ്ങളിൽ മുഴങ്ങുന്ന ‘ടോപ്പ് സക്കർ’ എന്ന ഗാനവും ‘ഒരു വിരൽ പുരത്ചിയെന്ന’ ഗാനവും ചിത്രത്തിന്റെ കരുത്ത് കൂട്ടുന്നു. ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരന്റെ തമിഴിെല അരങ്ങേറ്റം അതിഗംഭീരമായെന്നു പറയാം. കളർഫുൾ ഫ്രെയിം ലൈറ്റിങ്, ആക്‌ഷൻ രംഗങ്ങളിലെ ക്യാമറ ചലനങ്ങൾ ഇവയെല്ലാം മികച്ചുനിന്നു. 

168 മിനിറ്റാണ് സർക്കാരിന്റെ ദൈർഘ്യം. രണ്ടാംപകുതിയിൽ അൽപം നീളം വെട്ടിക്കുറച്ചിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നെന്നു തോന്നി. ശ്രീകർ പ്രസാദ് ആണ് എഡിറ്റിങ്. റാം ലക്ഷ്മൺ ടീമിന്റെ സ്റ്റണ്ട് രംഗങ്ങൾ അത്യുഗ്രൻ. പ്രത്യേകിച്ചും ക്ലൈമാക്സിലെ കാർ ചേസ്. 

Sarkar - Official Teaser [Tamil] | Thalapathy Vijay | Sun Pictures | A.R Murugadoss | A.R. Rahman

ഒരേയൊരു വിരലിൽ വിപ്ലവം ജനിക്കുന്നു എന്നതാണ് സർക്കാർ സിനിമയിലൂടെ വിജയും മുരുഗദോസും നൽകുന്ന സന്ദേശം. പൊളിറ്റിക്കൽ ത്രില്ലര്‍ ഗണത്തിൽെപടുന്ന സിനിമയായതിനാൽ തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങളിലെ പഞ്ച് ‘സർക്കാരിൽ’ കാണാൻ കഴിയില്ല. വിജയ് എന്ന താരത്തിനെ കാണാൻ ആഗ്രഹിക്കുന്നവർക്കും മുരുഗദോസ് എന്ന സംവിധായകന്റെ സിനിമകൾ ഇഷ്ടപെടുന്നവർക്കും ധൈര്യമായി സർക്കാരിന് കയറാം. കൊടുക്കുന്ന കാശിനു മുതലാണ് ഈ വിജയ് സിനിമയും.