സ്ത്രീകളുടെ പുനരധിവാസകേന്ദ്രമായ മിതൃമ്മല സ്നേഹതീരം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ ദിലീപ് എത്തിയിരുന്നു. ഉദ്ഘാടനത്തിനിടെ ദിലീപ് യോഗവേദിയിൽ വിങ്ങിക്കരഞ്ഞു. സമൂഹത്തിൽ മാനസിക വിഭ്രാന്തിമൂലവും അല്ലാതെയും തെരുവിലാക്കപ്പെട്ട സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളും അവർ ഗർഭം ധരിക്കേണ്ടിവരുന്ന സാഹചര്യവും സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസ്‌ലിൻ വിവരിക്കുന്നതിനിടെയാണു നടൻ കരഞ്ഞുപോയത്.
ഒൻപതു മാസം മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങൾ ഇവിടെ അന്തേവാസികൾക്കൊപ്പമുണ്ട്. ഇവരെല്ലാം തെരുവിൽനിന്നു സ്ത്രീകൾക്കൊപ്പം ഇവിടെ എത്തിപ്പെട്ടവരാണെന്നുകൂടി പറഞ്ഞതോടെ ദിലീപിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
തെരുവിൽ ഒരു സ്ത്രീയും അലയാൻ ഇടവരാത്ത അവസ്ഥ സൃഷ്ടിക്കലാണു സ്നേഹതീരത്തിന്റെ ലക്ഷ്യമെന്നു ഡയറക്ടർ പറഞ്ഞത് ആവേശത്തോടെയാണു കേട്ടിരുന്നതെന്നും അതിനു തന്റെയും തന്നോടൊപ്പമുള്ള കലാകാരന്മാരുടെയും പിന്തുണയുണ്ടാകുമെന്നും ദിലീപ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
യോഗത്തിൽ സിനിമ,സീരിയൽ രംഗത്തെ കലാകാരന്മാർ പങ്കെടുത്തു. തുടർന്നു സ്നേഹതീരം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ നടന്നു.