സോഫിയ പോൾ ഇന്നു മലയാള സിനിമയിൽ വെറും പേരല്ല. വിജയ ചിത്രങ്ങൾക്കൊപ്പം ചേർത്തെഴുതിയ ഈ പേരിൽ നല്ല സിനിമയെ പ്രോൽസാഹിപ്പിക്കുന്ന ഒരു നിർമാതാവ് ഉണ്ടെന്നു മലയാളികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ‘ മുന്തിരവള്ളികൾ തളിർക്കുമ്പോൾ’ എന്ന മോഹൻലാൽ ചിത്രം തിയറ്ററുകൾ സൂപ്പർ ഹിറ്റായതോടെ ഇവരുടെ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് എന്ന നിർമാണക്കമ്പനിയും സൂപ്പർ ഹിറ്റായിരിക്കുന്നു.
കച്ചവടം മാത്രമല്ല, കഥയും കലാമൂല്യവുമെല്ലാം സോഫിയ പോളിന്റെ സിനിമാ സങ്കൽപത്തിന്റെ ചേരുവകളാണെന്ന്. ‘മുന്തിരിവള്ളികളും കാടുപൂക്കുന്ന നേരവും ബാംഗ്ലൂർ ഡെയ്സുമെല്ലാം ’ തെളിയിക്കുന്നു. ഇവരുടെ അടുത്ത പ്രോജക്ട് മാർത്താണ്ഡന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രമാണ്. തിരക്കഥയുടെ കെട്ടുറപ്പു കൊണ്ടു മാത്രം സൂപ്പർഹിറ്റായ ‘ വെള്ളിമൂങ്ങ’യുടെ തിരക്കഥാകൃത്ത് ജോജി തോമസ് വീണ്ടും എഴുതുന്ന ചിത്രം കൂടിയാണിത്.
പാവാട എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മാർത്താണ്ഡനും വെള്ളിമൂങ്ങയ്ക്കു ശേഷം ജോജിയും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണു സോഫിയപോൾ നിർമിക്കാനൊരുങ്ങുന്നത്. കോമഡിയാണു പശ്ചാത്തലമെന്നു സംവിധായകൻ മാർത്താണ്ഡൻ പറഞ്ഞു. മനസ്സിണങ്ങിയ കഥയ്ക്കുള്ള കാത്തിരിപ്പായിരുന്നെന്നും അതുപൂർത്തീകരിക്കുന്നൊരു കഥ തന്നെയാണ് ഈ സിനിമയുടേതെന്നും മാത്രമല്ല പുതിയ ചിത്രത്തിന്റെ കഥയും പശ്ചാത്തവും ഏറെയിഷ്ടപ്പെട്ടെന്നും മാർത്താണ്ഡൻ പറഞ്ഞു.
വെള്ളിമൂങ്ങയെക്കാൾ മുകളിൽ നിൽക്കുന്ന തനിമയുള്ള തമാശയാവും പുതിയ ചിത്രത്തിലേതെന്നു തിരക്കഥാകൃത്ത് ജോജി പറഞ്ഞു. അതുകൊണ്ടാണ് രണ്ടാമത്തെ ചിത്രത്തിന് ഇത്രയധികം കാലതാമസമുണ്ടായതെന്നും ജോജി വ്യക്തമാക്കി.
വളരെ പ്രതീക്ഷയോടെയാണു സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. ചിരി അൺലിമിറ്റഡ് എന്നതാണു ചിത്രത്തിന്റെ സമീപനം. താരനിർണയം നടക്കുകയാണ്. ഗോപസുന്ദറിന്റേതാണു സംഗീതം പശ്ചാത്തല സംഗീതവും ഹൈലേറ്റ് നിർമാതാവുന്നത്. ക്യാമറ പ്രദീപ് നായർ. മറ്റു വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും അണിയറപ്രവർത്തകർ പറഞ്ഞു.