ഇന്ത്യൻ സിനിമയിൽ തന്നെ ഇതാദ്യമാകും ഒരു സിനിമയുടെ പ്രമോഷന് വേണ്ടി സൂപ്പർതാരങ്ങടക്കമുള്ളവര്‍ രംഗത്തെത്തുന്നത്. ഫഹദ് ഫാസിൽ, ആസിഫ് അലി, കുഞ്ചാക്കോ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ടേക്ക് ഓഫ് സിനിമയുടെ പുതിയ ട്രെയിലറാണ് മലയാളത്തിലെ താരങ്ങളൊന്നടങ്കം പിന്തുണച്ച് റിലീസ് ചെയ്തത്.
സിനിമയുടെ ട്രെയിലർ ഫെയ്സ്ബുക്ക് ക്രോസ് പോസ്റ്റിങ് വഴി ഷെയർ ചെയ്തത് മമ്മൂട്ടി, മോഹൻലാൽ, ദുൽക്കർ, നിവിൻ പോളി, ജയസൂര്യ തുടങ്ങി നിരവധി താരങ്ങള്‍. കൂടാതെ ഉണ്ണി മുകുന്ദന്‍, ലാല്‍ ജോസ്, ജയസൂര്യ, നസ്രിയ, നമിത പ്രമോദ്, ഹണി റോസ്, ആശ ശരത്ത്, വൈക്കം വിജയലക്ഷ്മി എന്നിവരുടെ പേജുകളിലും വിഡിയോ ഷെയര്‍ ചെയ്തു. ഇങ്ങനെയൊരു പ്രചാരണതന്ത്രം ഇന്ത്യൻ സിനിമയിൽ ആദ്യമാകും.
പ്രശസ്ത ചിത്രസംയോജകനായ മഹേഷ്നാരായൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി പാർവതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണനും പി.വി.ഷാജികുമാറും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്ന ചിത്രം നഴ്സുമാരുടെ ജീവിതകഥ പറയുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ. ഇറാഖിലും സുഡാനിലുമെല്ലാം കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്സുമാരുടെ ജീവിതമാണു സിനിമയുടെ പ്രമേയം.
12 വർഷത്തിലേറെയായി മലയാള സിനിമയിൽ എഡിറ്ററുടെ വേഷത്തിൽ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ. മലയാളത്തിൽ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നിൽക്കവെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസാണു ഈ സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ഒപ്പമുണ്ട്.