സമരം: ക്രിസ്‌മസിന് പുതിയ സിനിമയില്ല

മലയാളസിനിമാലോകം വീണ്ടും പ്രതിസന്ധിയിലേക്ക്. സിനിമാറിലീസ് നിർത്തിവച്ച് സമരത്തിനൊരുങ്ങുകയാണ് നിർമാതാക്കൾ. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ക്രിസ്മസിന് സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്നാണ് തീരുമാനം. ഈ വെള്ളിയാഴ്ചയും മലയാളത്തിൽ നിന്ന് റിലീസ് ഉണ്ടാകില്ല. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം.

ഇക്കാര്യത്തിൽ ഒരു തീരുമാനമാകാതെ പുതിയ സിനിമകളുടെ നിർമാണവും റിലീസും അനശ്ചിചകാലത്തേക്ക് നിർത്തിവയ്ക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് മനോരമ ഓൺലൈനോട് പറഞ്ഞു. ഡിസംബർ 16 മുതൽ സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ദുൽക്കർ–സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേങ്ങൾ ഈ വെളളിയാഴ്ച റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. സമരം തുടങ്ങുന്നതോടെ റിലീസ് നീട്ടും. ക്രിസ്മസ് റിലീസുകളായ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് ചിത്രം എസ്ര, ജയസൂര്യ ചിത്രം ഫുക്രി എന്നീ ചിത്രങ്ങളിലുടെ റിലീസും പ്രതിസന്ധിയിലാകും.

തിയറ്റര്‍ വിഹിതത്തിന്റെ പകുതി വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നിലപാട് സ്വീകരിച്ചതോടെയാണ് നിർമാതാക്കള്‍ക്കും തിയറ്ററുടമകള്‍ക്കും ഇടയില്‍ പ്രതിസന്ധി ഉടലെടുത്തത്. തിയേറ്റര്‍ വിഹിതത്തിന്റെ പകുതി വേണമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും അത് സാധിക്കില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരനും പറയുന്നു. ഇത് മുന്‍ധാരണകളുടെ ലംഘനമാണെന്നാണ് ഇവർ പറയുന്നത്.