സിനിമയുമായി ബന്ധപ്പെട്ട് ഒരു പൊതുപരിപാടികളിലും പങ്കെടുക്കാത്ത നടനാണ് സുരേഷ് ഗോപി. ടിവി അവാർഡ് പരിപാടികളിൽ നിന്നും എന്തിന് ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം ഐയുടെ ഓഡിയോ ലോഞ്ചിന് പോലും സുരേഷ് ഗോപി പോയില്ല. എന്നാൽ ഒരുപാട് നാളുകൾക്ക് ശേഷം അവാർഡ് പരിപാടിയിൽ നടൻ പങ്കെടുത്തു.
മലയാള സിനിമാ രംഗത്ത് പ്രതിഭ തെളിയിക്കുന്നവരെ അംഗീകരിക്കുന്നതിനും ആദരിക്കാനുമായി (ഫൊക്കാന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) ആരംഭിച്ച ഫിംക ഫിലിം അവാർഡ് ചടങ്ങിലാണ് സുരേഷ് ഗോപി എത്തിയത്.
ടൊറന്റോ നഗരത്തിലെ ഹിൽട്ടൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാഷ്ട്രീയത്തിലേയ്ക്ക് കടന്ന് പാർലമെന്റ് മെമ്പറായശേഷം ആദ്യമായി സുരേഷ് ഗോപി നോർത്ത് അമേരിക്കയിലെത്തിയത് കൂടുതൽ ശ്രദ്ധേയമായി.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനാണ് സുരേഷ് ഗോപി അര്‍ഹനായത്. ദിലീപ് മികച്ച നടനായും മംമ്ത മികച്ച നടിയായും തിരഞ്ഞെടുത്തു. ലാൽ ജോസ് ആണ് മികച്ച സംവിധാകൻ. എന്നു നിന്റെ മൊയ്തീന്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്തു.
സുരേഷ് ഗോപി, ദിലീപ്, ജോയ് മാത്യു, മംമ്ത മോഹൻദാസ്, വിനീത്, ജോജു ജോർജ്, ആര്യ, വിജയ് യേശുദാസ്, ലാൽ ജോസ്, ബിജി ബാൽ, വേണു ഗോപാൽ, സിത്താര, തമ്പി ആന്റണി തുടങ്ങിയ നിരവധി സിനിമാ പ്രതിഭകൾ ചടങ്ങിൽ പങ്കെടുത്തവരിൽപ്പെടുന്നു. അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന ഫിംക ഫിലിം അവാർഡ് നിശയിൽ ടെലിവിഷൻ രംഗത്തെ നിരവധി കലാകാരന്മാർ ഉൾപ്പെട്ട കലാപരിപാടികളും മേളയ്ക്ക് ശോഭ വർധിപ്പിച്ചു.