ഗണേഷ് സൂപ്പർഹിറ്റ്

മുന്നണി മാറിയിട്ടും ത്രസിപ്പിക്കുന്ന വിജയവുമായി കെ.ബി.ഗണേഷ്കുമാർ സൂപ്പർഹിറ്റ്. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ ലഭിച്ച ലീഡ് എല്ലാഘട്ടത്തിലും നിലനിന്നു.

ലീഡ് ക്രമാനുഗതമായി ഉയരുകയും വിജയം ഏകദേശം ഉറപ്പാക്കുകയും ചെയ്തതോടെ 11.30നു ഗണേഷ്കുമാർ കൗണ്ടിങ് സ്റ്റേഷനായ സെന്റ് സ്റ്റീഫൻസ് സ്കൂളിലെത്തി.

10 റൗണ്ടുകൾ പൂർത്തിയായതോടെ വിജയമുറപ്പിച്ച ഗണേഷ്കുമാർ പ്രവർത്തകർക്കൊപ്പം തുറന്ന വാഹനത്തിൽ സെൻട്രൽ ജംക്‌ഷനിലേക്കും ടൗൺ ചുറ്റിയും വിജയാഹ്ലാദം നടത്തി.ശേഷം നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു തുറന്ന വാഹനത്തിലെത്തിയ ഗണേഷ്കുമാർ വോട്ടർമാർക്കു നന്ദി അറിയിച്ചു.സെന്റ് സ്റ്റീഫൻസ് സ്കൂൾ പരിസരത്തും ടൗണിലുമായി എൽഡിഎഫ് പ്രവർത്തകരും വിജയാഹ്ലാദം പ്രകടിപ്പിച്ചു.

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനജാഥയും ബൈക്കു റാലിയും സംഘടിപ്പിച്ചും ആഹ്ലാദ പ്രകടനങ്ങൾ നടത്തിയും പ്രവർത്തകരും വിജയാഹ്ലാദത്തിൽ പങ്കുചേർന്നു.