മലയാളത്തിന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകൻ ജോമോൻ ടി. ജോണിന് അന്തർദേശീയ അംഗീകാരം. രാജ്യാന്തര ബ്രാൻഡ് ആയ ആരിയുടെ അലക്സ കാമറ ഉപയോഗിച്ച് ലോകമെമ്പാടും ചിത്രീകരിച്ച വിഡിയോകളിൽ നിന്ന് ഏറ്റവും മികച്ച ചിത്രങ്ങളുടെ ഷോട്ടുകൾ തിരഞ്ഞെടുത്ത് വർഷം തോറും ഷോറീൽ വിഡിയോ ഇവർ തയാറാക്കാറുണ്ട്. ഹോളിവുഡ് പോലെ ഇന്ത്യയിലുൾപ്പടെ ഛായാഗ്രാഹകർ ഉപയോഗിക്കുന്നതും അലക്സയാണ്.
ഈ വർഷത്തെ അരി അലക്സയുടെ ഷോറീൽ വിഡിയോയിൽ ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിച്ച എന്നു നിന്റെ മൊയ്തീൻ സിനിമയും തിരഞ്ഞെടുത്തിരിക്കുന്നു. ഫ്യൂരിയസ്‍ 7, ദ് റെവനന്റ്, ബേഡ്മാൻ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾക്കൊപ്പമാണ് മൊയ്തീനും ഇടംപിടിച്ചിരിക്കുന്നത്.
ലോകമൊട്ടാകെ അലക്സ കാമറ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമ, പരസ്യം, ആൽബം എന്നിവയിൽ നിന്നും ഏറ്റവും മികച്ച 19 ഛായാഗ്രാഹകരുടെ വർക്ക് ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജോമോനെക്കൂടാതെ ഇന്ത്യയിൽ നിന്നുള്ളത് ബാഹുബലിയുടെ ഛായാഗ്രാഹകനായ സെന്തിൽ കുമാർ, തപൻ ബസു, മനുഷ് നന്തൻ, രാംജി ടി എന്നിവരാണ്. ഓസ്‌കര്‍ നേടിയ റെവനന്റ് ഛായാഗ്രാഹകൻ ഇമ്മാനുവല്‍ ലുബെസ്‌കി, റോജർ, കാൾ വാൾടെർ തുടങ്ങിയ വമ്പന്മാരാണ് മറ്റുള്ളവർ.
തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച പുരസ്കാരങ്ങളിലൊന്നാണിതെന്നും നമ്മുടെ ജോലിയും ആത്മാർത്ഥതയും മറ്റുള്ളവരും ശ്രദ്ധിക്കുന്നുവെന്നത് വളരെ നല്ലകാര്യമാണെന്നും ജോമോൻ പറയുന്നു.