Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓര്‍മകള്‍ക്ക്‌ യൗവനത്തിന്റെ തുടിപ്പ്‌

mohanlal-unni മോഹൻലാൽ, കാരിക്കകത്ത് ഉണ്ണി മേനോൻ

തലമുറകളെ സ്വാധീനിച്ച്‌, തലമുറകള്‍പ്പുറം ജീവിക്കുന്ന സിനിമ - പത്മരാജന്റെ തൂവാനത്തുമ്പികള്‍. ഒരുപാട്‌ പേര്‍ ഒരുപാട്‌ തവണ പറഞ്ഞിട്ടും പിന്നെയും പറയാന്‍ ഒരുപാടുള്ള തൂവാനത്തുമ്പികളെക്കുറിച്ച്‌ രാധയെക്കുറിച്ച്‌ ക്ലാരയെക്കുറിച്ച്‌ മണ്ണാര്‍ത്തൊടി ജയകൃഷ്‌ണനെക്കുറിച്ച്‌, ആ കഥാപാത്രത്തിന്‌ പ്രചോദനമായ കാരിക്കകത്ത്‌ ഉണ്ണിമേനോന്‍ ഓര്‍ത്തെടുക്കുമ്പോള്‍. പ്രായം 76 ആയെങ്കിലും പത്മരാജനെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക്‌ യൗവനത്തിന്റെ തുടിപ്പ്‌.

പത്മരാജന്‍ എന്ന സുഹൃത്ത്‌

സിലോണ്‍ ലോഡ്‌ജില്‍വെച്ചാണ്‌ ആദ്യം പത്മരാജനെ പരിചയപ്പെടുന്നത്‌. അന്ന്‌ പത്മരാജന്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ ജോലി ചെയ്യുകയാണ്‌. പരിചയം പിന്നീട്‌ സൗഹൃദമായി, സാഹിത്യസദസുകളിലെ സ്ഥിരം അംഗങ്ങളായിരുന്നു ഞാനും പത്മരാജനും.

പത്മരാജന്‍ രാധാലക്ഷ്‌മിയെ പ്രണയിക്കുന്ന സമയത്ത്‌ തന്നെയാണ്‌ ഞാനും ഉഷയെ പ്രണയിക്കുന്നത്‌. രണ്ടുപേരും സമാനമായ സാഹചര്യത്തിലൂടെയാണ്‌ കടന്നു പോയത്‌, വീട്ടുകാരുടെ എതിര്‍പ്പുകള്‍ രണ്ടു ചങ്ങാതിമാര്‍ക്കുമുണ്ടായിരുന്നു. ഏതായാലും എതിര്‍പ്പുകളെല്ലാം അവഗണിച്ച്‌ ഞാന്‍ ഉഷയേയും പത്മരാജന്‍ രാധാലക്ഷ്‌മിയേയും വിവാഹം ചെയ്‌തു.

പത്മാരാജന്‍ സിനിമയില്‍ സജീവമായപ്പോഴേക്കും ഞാന്‍ ഗള്‍ഫില്‍ ജോലിയായി പോയി. പിന്നീട്‌ നാട്ടിലേക്ക്‌ വരുമ്പോള്‍ തിരുവനന്തപുരത്ത്‌ പോയിട്ടാണ്‌ പത്മരാജനെ കാണുന്നത്‌. ഒരിക്കല്‍ കോവളം കടപ്പുറത്ത്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, ദേ ഈ കടലില്‍ എന്റെ കണ്മുമ്പില്‍വെച്ചാണ്‌ രണ്ടു ചെറുപ്പക്കാര്‍ മുങ്ങിപ്പോയത്‌. അവരെക്കുറിച്ച്‌ യാതൊരു വിവരവും ഇതുവരെ ഇല്ല എന്ന്‌ പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ സംഭവമാണ്‌ പിന്നീട്‌ ഒരുപാട്‌ പേരെ കരയിച്ച മൂന്നാംപക്കം എന്ന സിനിമയാകുന്നത്‌.

ആ കൂടിക്കാഴ്‌ച്ചയ്‌ക്ക്‌ ശേഷം ഞാന്‍ ഗള്‍ഫില്‍ പോയി. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം പത്മരാജന്റെ ഒരു കത്തു വന്നു. ഉദകപ്പോള എന്ന ചെറുകഥ സിനിമയാക്കുന്നു, അതില്‍ നമ്മളൊക്കെ കഥാപാത്രങ്ങളാണ്‌ എന്നായിരുന്നു കത്ത്‌. തൂവാനത്തുമ്പികള്‍ ഇറങ്ങിയ ശേഷം എന്റെ മകന്‍ അച്ഛന്റെ കഥ സിനിമയാക്കിയിരിക്കുന്നു എന്നു പറഞ്ഞ്‌ കത്തെഴുതുന്നത്‌. ഗള്‍ഫിലായിരുന്നതു കാരണം സിനിമയുണ്ടാക്കിയ തരംഗം എത്രമാത്രമാണെന്ന്‌ അന്ന്‌ അറിയില്ലായിരുന്നു. ഞാന്‍ നാട്ടില്‍ വന്ന്‌ കാസറ്റിട്ടാണ്‌ സിനിമ കാണുന്നത്‌. 1987ലാണ്‌ സിനിമ ഇറങ്ങുന്നത്‌ ഇത്ര വര്‍ഷം കഴിഞ്ഞും ജയകൃഷ്‌ണനും ക്ലാരയും ഹരമായി നില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം പത്മരാജന്‍ എന്ന കഥാകാരന്റെ മാജിക്ക്‌ തന്നെയാണ്‌.

മണ്ണാര്‍ത്തൊടി ജയകൃഷ്‌ണനും കാരിക്കകത്ത്‌ ഉണ്ണിമേനോനും

സിനിമ കണ്ട്‌ ശരിക്കും ഞാന്‍ അത്ഭുതപ്പെട്ടുപോയി. കാരണം അതിലെ മണ്ണാര്‍ത്തൊടി ജയകൃഷ്‌ണന്‍ 95 ശതമാനവും ഞാന്‍ തന്നെയാണ്‌. പത്മരാജന്‍ എന്നെ അത്ര കൃത്യമായിട്ടാണ്‌ നിരീക്ഷിച്ചിരിക്കുന്നത്‌. പത്മരാജന്‌ പറഞ്ഞുകൊടുത്ത വിവരങ്ങള്‍ അനുസരിച്ചാണ്‌ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും ഒരു നടന്‌ എങ്ങനെ എന്നെ ഇത്ര ഭംഗിയായി അവതരിപ്പിക്കാന്‍ സാധിച്ചു എന്ന്‌ അതിശയിച്ചു. മോഹന്‍ലാല്‍ എന്നെ കണ്ടിട്ടില്ല, പക്ഷെ അതില്‍ അശോകനെ ഒരു സ്‌ത്രീക്കൊപ്പം മുറിയിലാക്കി വാതിലടച്ച്‌ തിരിച്ചുവരുന്ന രംഗത്തിലെ മുഖഭാവമൊക്കെ ഞാന്‍ കാണിക്കുന്നത്‌ പോലെ തന്നെയാണ്‌. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ സഞ്ചി പിടിക്കുന്ന രീതിയും എന്തെങ്കിലും കള്ളത്തരം കാട്ടുമ്പോഴുള്ള തലയാട്ടലുമെല്ലാം ഞാന്‍ തന്നെ. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കുന്നതിന്റെ ഇടയില്‍ ജയകൃഷ്‌ണന്‍ ഒറ്റമുങ്ങല്‍ മുങ്ങില്ലേ; ഞാനും അതുപോലെ തന്നെയായിരുന്നു. സുഹൃത്തുക്കളുടെ ഇടയില്‍ നിന്നും മുങ്ങി പൊങ്ങുന്നത്‌ വീട്ടിലായിരിക്കും, കുട്ട്യോള്‍ക്ക്‌ ബിസ്‌ക്കറ്റൊക്കെ വാങ്ങിക്കൊടുത്ത്‌ പിന്നെയും സുഹൃത്തുക്കളുടെ ഇടയിലേക്ക്‌ പോകും. മോഹന്‍ലാലിനെ നേരിട്ട്‌ കാണണമെന്ന്‌ ആഗ്രഹമുണ്ട്‌ ഇതുവരെ സാധിച്ചിട്ടില്ല. ലാലും എന്നെ കാണണമെന്ന ആഗ്രഹം ആരോടൊക്കെയോ പറഞ്ഞതായി കേട്ടിട്ടുണ്ട്‌.

thoovana തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ നിന്നും

തൂവാനത്തുമ്പികളിലെ ക്ലാര

ക്ലാര തികച്ചും പത്മരാജന്റെ ഭാവനയാണ്‌. ഭ്രാന്തന്റെ ചങ്ങലയിട്ട കാലുകളിലെ വ്രണമാകാന്‍ ആഗ്രഹിച്ച ക്ലാര പത്മരാജന്‍ സൃഷ്ടിച്ചെടുത്തതാണ്‌. എവിടെ നിന്നോ വന്ന്‌ എങ്ങോട്ടോ പോകുന്ന ക്ലാരയുമായി യഥാര്‍ഥ ജീവിതത്തിലെ ജയകൃഷ്‌ണന്‌ ഒരു ബന്ധവുമില്ല. ക്ലാര പത്മരാജന്റെ മനസ്സിലെ നിഗൂഢതയാണ്‌, അതുകൊണ്ടു തന്നെയാണ്‌ ക്ലാര ഇന്നും യുവാക്കളുടെ ഹരമായി നില്‍ക്കുന്നത്‌.

പത്മരാജന്റെ മരണം

പത്മരാജന്‍ മരിക്കുന്ന സമയത്ത്‌ ഞാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തീരെ സുഖമില്ലാതെ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായി കിടക്കുകയായിരുന്നു. അതുകൊണ്ട്‌ അന്ന്‌ അതാരും പറഞ്ഞില്ല, എനിക്ക്‌ ഷോക്ക്‌ ആവുമെന്ന്‌ അറിയാം. ആശുപത്രി വിട്ട്‌ വീട്ടില്‍ എത്തിയശേഷമാണ്‌ വിവരം പറയുന്നത്‌. അസുഖമെല്ലാം ഭേദമായതിനു ശേഷം രാധാലക്ഷ്‌മിയെപ്പോയി കണ്ടിരുന്നു. അന്നവര്‍ ഒരുപാട്‌ കരഞ്ഞു. പത്മരാജന്റെ മരണശേഷം വനിതയിലെ ഫോട്ടോഗ്രാഫറായിരുന്ന മാര്‍ട്ടിന്‍പ്രക്കാട്ടിനും ലേഖിക ബി.ശ്രീരേഖയ്‌ക്കുമൊപ്പമാണ്‌ മുതുകുളത്തെ വീട്ടില്‍ പോകുന്നത്‌. പത്മാരാജന്റെ മരണശേഷം അധികം വൈകാതെ ഞാനും പ്രവാസജീവിതം അവസാനിപ്പിച്ചു.

തൂവാനത്തുമ്പികള്‍ക്ക്‌ ശേഷമുള്ള ജയകൃഷ്‌ണന്റെ ജീവിതം

സിനിമയില്‍ എഴുതിയതുപോലെ ശുഭപര്യവസായിയായ ജീവിതമല്ല ജയകൃഷ്‌ണന്‌ കാരണമായ ഉണ്ണിമേനോനുള്ളത്‌. പ്രണയിനിയെ വിവാഹം കഴിച്ചു, രണ്ട്‌ ആണ്‍മക്കളുണ്ടായി. രണ്ടാളും അസുഖം വന്നു മരിച്ചു. അതിനുശേഷം സുഹൃത്തുക്കളില്‍ നിന്നെല്ലാം അകന്ന്‌, ഒറ്റപ്പെട്ട ഒരു ജീവിതമാണ്‌. യോഗയും മെഡിറ്റേഷനുമായി തൃശൂരെ വീട്ടില്‍ ഉഷയുമൊത്ത്‌ ഒതുങ്ങിക്കഴിയുന്നു. വാര്‍ദ്ധക്യസഹജമായ ഒരുപിടി പ്രശ്‌നങ്ങളും കൂട്ടിനുണ്ട്‌.