കുപ്പിവള കിലുങ്ങും പോലെത്തന്നെയാണ് വളത്തുണ്ടുകൾ നിലത്തേയ്ക്കു വീഴുമ്പോഴുള്ള ശബ്ദവും. പലനിറങ്ങളിലുള്ള വളപ്പൊട്ടുകൾ സൂക്ഷിച്ചു വയ്ക്കുന്നവരെ കണ്ടിട്ടുണ്ട്, പലയിടത്തും പല സിനിമകളിലും ചിലപ്പോഴൊക്കെ പല ഓർമകളിലും. അത്തരം ഓർമത്തുണ്ടുകൾ ഒന്നൊന്നായി പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് മനസിലേക്കിട്ടു തരികയായിരുന്നു ബേസിൽ ജോസഫിന്റെ ‘കുഞ്ഞിരാമായണം’.
ഒരൊറ്റ ഷോട്ടേയുള്ളൂ ആ കാഴ്ച. കാരംബോർഡിലേക്ക് ഒന്നിനുമേലൊന്നായി വന്നുവീഴുന്ന വളപ്പൊട്ടുകൾ–പച്ച, മഞ്ഞ, ചുവപ്പ്, മജന്ത...വളപ്പൊട്ടുകൾ ഓരോന്നായി എടുത്തു മാറ്റണം. ഒന്നെടുക്കുമ്പോൾ അതിനോടു ചേർന്നിരിക്കുന്നത് അനങ്ങരുത്. അനങ്ങിയാൽ അടുത്തയാൾക്കാണ് അവസരം. അങ്ങനെ ഏറ്റവും കൂടുതൽ വളപ്പൊട്ടുകൾ സ്വന്തമാക്കിയയാളാണ് മത്സരത്തിലെ വിജയി. ചാനലുകളും ഫെയ്സ്ബുക്കും ന്യൂജെൻ ചളുകളുമൊക്കെ നമ്മുടെ ഗ്രാമങ്ങളെ കീഴടക്കുന്നതിനും മുൻപേ ഇതൊക്കെയായിരുന്നു നാട്ടിൻപുറത്തിന്റെ നേരംപോക്കുകൾ. എപ്പോഴൊക്കെയോ ഓർമയിൽ നിന്നുതിർന്നു വീണ് നഷ്ടപ്പെട്ടു പോയെന്നു കരുതിയ നന്മക്കാഴ്ചകൾ തിരിച്ചുതന്നിരിക്കുകയാണ് കുഞ്ഞിരാമായണം. ഇതിഹാസ കഥാപാത്രങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ‘ദേശ’മെന്ന സാങ്കൽപിക ഗ്രാമത്തിലൂടെ തിരശീലയിൽ തെളിഞ്ഞത് ഉഗ്രനൊരു കുഞ്ഞി‘ഗ്രാമാ’യണം തന്നെയായിരുന്നു.
‘സ്വപ്നം കാണാനാകുമെങ്കിൽ അത് സിനിമയാക്കിയും മാറ്റാം’ എന്നു പറഞ്ഞ ചലച്ചിത്രപ്രതിഭകളുണ്ട് നമ്മുടെയിടയിൽ. ദേശം എന്ന ഗ്രാമവും അങ്ങനെയാണ്. നമുക്ക് നഷ്ടപ്പെട്ടു പോയ കാഴ്ചകൾ ഒരു സ്വപ്നം പോലെ മുന്നിൽ വന്നുനിൽക്കുന്ന അനുഭവം. ‘ഞായറാഴ്ചയാണോ എന്നാൽ വിവാഹമുഹൂർത്തമൊന്നു മാറ്റണം. അവധിയായതുകൊണ്ട് എല്ലാവരും കുറ്റീം പറച്ച് വന്നുകളയും..’ എന്നു പറയുന്ന കാരണവരെ കാണാൻ ഇത്തരം ചില സിനിമകൾ തന്നെയേ വഴിയുള്ളൂ. ഇവന്റ് മാനേജർമാരെക്കൊണ്ട് കല്യാണങ്ങൾ കാർണിവലാക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. അത്തരം വാക്കുകൾ ഒരു ഗ്രാമീണന്റെ നിഷ്കളങ്കതയിൽ നിന്നുണ്ടാകുന്നതാണ്. നിഷ്കളങ്കതയുടെ ഇക്കാലത്തെ വിളിപ്പേര് ‘മണ്ടത്തരം’ എന്നാണല്ലോ. അതുകൊണ്ടുതന്നെ മണ്ടന്മാരുടെയല്ല, കുറേ നിഷ്കളങ്ക മനുഷ്യരുടെ ഗ്രാമമെന്നു വിളിക്കണം ദേശത്തെ.
കുഞ്ഞിരാമായണം റിവ്യു വായിക്കാം
ഒന്നു വിളിക്കുമ്പോഴേക്കും ശ്വാസം മുട്ടി കിതച്ചുപോകുന്ന വിധത്തിൽ പേരുകളുള്ള നടന്മാരെയും കാണാൻ പറ്റില്ല കുഞ്ഞിരാമായണത്തിൽ. അവിടെയുള്ള കുഞ്ഞിരാമനെയും കുട്ടനെയും ലാലുവിനെയും വാസുവിനെയും ഭീകരനെയും പരമുവേട്ടനെയുമൊക്കെ എവിടെയൊക്കെയോ വച്ചു നമ്മൾ കണ്ടിട്ടുണ്ട്. അതൊരിക്കലും നഗരത്തിന്റെ ആൾത്തിരക്കുകൾക്കിടയിലാവില്ലെന്നുറപ്പ്, മറിച്ച് ഗ്രാമത്തിന്റെ സ്വച്ഛതയിലായിരിക്കും. രേഷ്മയെന്നും തങ്കമണിയെന്നുമൊക്കെ നായികമാർക്ക് ആരെങ്കിലും പേരിട്ടിട്ടുതന്നെ എത്രയോ കാലമായി. (ചില നല്ല ചിത്രങ്ങൾ മറക്കുന്നില്ല)
പണ്ട് യന്ത്രത്തോക്കുകൾ കഴിഞ്ഞാൽ അമ്പലപ്പറമ്പുകളിൽ ഏറ്റവും വിലയുണ്ടായിരുന്നതും പിന്നീട് ‘ചൈനീസ് അധിനിവേശം’ വന്നതോടെ വിലയിടിയുകയും ചെയ്ത ഒരു സംഗതിയാണ് ലേസർ ലൈറ്റ്. തല്ലിപ്പൊളി ചെക്കന്മാരാണെങ്കിൽ ലേസറിന്റെ അറ്റത്ത് തലയോട്ടിയൊക്കെ വച്ച് അത് ചുമരിൽ പതിപ്പിച്ച് ആൾക്കാരുടെ വായിലിരിക്കുന്നത് മുഴുവൻ വാങ്ങി വീട്ടീപ്പോകും. ‘അളിയാ അവള് നിന്നെത്തന്നെയാ നോക്കുന്നത്...’ എന്ന വാക്കിൽ മനമിടറിപ്പോകുന്ന ലാലുവിനെപ്പോലെയുള്ളവരുടെ ലേസറിൽ പക്ഷേ നിറയെ പ്രണയമായിരിക്കും. അത് ചുമരിലേക്കു കാണിച്ചാൽ ഇളിയ്ക്കുന്ന തലയോട്ടിയല്ല, മറിച്ച് പുഞ്ചിരിക്കുന്ന ‘ഐ ലവ് യു’ ആയിരിക്കും തെളിയുക.
എത്രയെത്ര അമ്പലപ്പറമ്പുകളിൽ ഓരോ പെൺകുട്ടിയും അദ്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടാകും ചുവരുകളിൽ പതിയുന്ന, എവിടെ നിന്നെന്നറിയാതെ വരുന്ന ആ ‘ഐ ലവ് യു’കൾ. സംഗതി കുറച്ചുകൂടി കാൽപനികമാക്കിയാൽ പറയാം–‘ ലേസറിന്റെ ചുവപ്പായിരുന്നില്ല, കാമുകന്റെ ഹൃദയരക്തമായിരുന്നു അത്’പ്രണയിച്ച പെണ്ണിനെ വേറൊരുത്തൻ (അതും കാണാൻ തന്റത്ര പോലും മെനയില്ലാത്ത ഒരുത്തൻ) കെട്ടാൻ വരുമ്പോൾ ഏത് കാമുകനും ആലോചിച്ചു പോകും ഇതെങ്ങനെയെങ്കിലും ഒന്നു മുടക്കാനായിരുന്നെങ്കിൽ!!! പക്ഷേ കല്യാണത്തിന്റെ പേരിലുള്ള സദ്യ മുടക്കാൻ പറ്റില്ല. അതുകഴിഞ്ഞ് വെറ്റിലത്തട്ടത്തിൽ വച്ചിരിക്കുന്ന സുപ്പാരിയെടുത്തൊന്ന് ചവച്ചുചുവപ്പിച്ച് തുപ്പാതിരിക്കാനും പറ്റില്ല. പിന്നെന്തു ചെയ്യും? അപ്പോഴും കൂട്ടായി നാട്ടിലെ കൂട്ടുകാർ മുഴുവനുമുണ്ടാകും. ഒന്നുകിൽ അവർ എന്തെങ്കിലും കുനുഷ്ട് ഒപ്പിച്ച് കല്യാണം മുടക്കും, അല്ലെങ്കിൽ ഒരു ഫുള്ള് സൽസയിൽ വാളുവച്ച് തീരും ആ പ്രണയം. ഇത്തരത്തിൽ കല്യാണം മുടക്കാൻ പോയി കുടുങ്ങിപ്പോയ എത്രയെത്ര കഥകളുണ്ട് ഓരോ ഗ്രാമത്തിനും പറയാൻ. ആ പഴയകാല കഥകളാണ് ഇന്ന് രൂപം മാറി ന്യൂജൻ ഉടുപ്പുമിട്ട് എഫ്ബി–വാട്ട്സാപ്പ് തമാശകളായി പറക്കുന്നതെന്ന് എത്ര പേർക്കറിയാം?
അന്ന് കല്യാണ നിശ്ചയങ്ങളിൽ ചെറുക്കനും പെണ്ണും അടുത്തിരിക്കുമ്പോൾ ‘ഇനിയിപ്പോ എഫ്ബിയിൽ സ്റ്റാറ്റസ് മാറ്റിക്കൂടേ...’ എന്നല്ല ഭാവി വരൻ ചോദിക്കുക, ഭാവി വധുവിന് ഏറ്റവും ഇഷ്ടമുള്ളതെന്താണെങ്കിലും, അത് പപ്പടമായാലും പച്ചടിയായാലും സ്വന്തം ഇലയിൽ നിന്നെടുത്ത് വിളമ്പിക്കളയും ചെറുക്കൻ. അന്ന് കല്യാണങ്ങൾക്കു മാത്രമേ വലിയ പപ്പടം വിളമ്പിയിരുന്നുള്ളു. തൊട്ടാൽ പൊടിയുന്ന പപ്പടത്തിന് ‘ദി അൾട്ടിമേറ്റ് ഫൈറ്റർ’ എന്ന വിധം കടിച്ചാൽപ്പൊട്ടാത്ത പേരും അന്നൊന്നും ആരും ഇട്ടിരുന്നുമില്ല. പപ്പടം അന്ന് ശശിയെന്നും സുധാകരനെന്നുമൊക്കെയാണ് അറിയപ്പെട്ടിരുന്നത്.
പെട്ടികൾ കെട്ടിനിർത്തി പൊടിപാറിച്ച് പായുന്ന അംബാസഡർ കാർ, സ്വന്തം തൊഴിലുമായി ബന്ധമുള്ള പേരിൽ അഭിമാനം കൊള്ളുന്ന കട്ട് പീസ് കുട്ടന്മാർ, ആളുകൂടുന്ന ഒരാൽത്തറ, ഏത് ഭീകരനെയും പേടിപ്പിക്കുന്ന ഒരു പ്രേതപ്പറമ്പ്, പിള്ളേരെപ്പേടിപ്പിക്കുന്ന ഒരു ഭ്രാന്തൻ, പിന്നെ ക്വട്ടേഷനു പോകുമ്പോൾ പിറകിൽ ഒളിപ്പിക്കുന്ന ഏറ്റവും ‘ഭീകരമായ ആയുധം’ ഓല മടൽ വെട്ടിയുണ്ടാക്കിയ പട്ടവടി...നഗരകേന്ദ്രീകൃത ലക്ഷ്യങ്ങളുമായുള്ള ഓട്ടത്തിനിടയിൽ ഇങ്ങനെ ചില കാഴ്ചകളെയും ഗ്രാമത്തെയും ഗ്രാമീണരെയുമെല്ലാം നാം വഴിയിൽ മറന്നിട്ടു. വളപ്പൊട്ടുകളെയും ശശിപ്പപ്പടത്തെയും കഞ്ചൂട്ടനെയും പ്രേതപ്പറമ്പിനെയും വരെ ഓർമയിൽ നിന്ന് കുടഞ്ഞെറിഞ്ഞു. പക്ഷേ തിയേറ്ററിലിരിക്കെ ‘ദേശം’ ഇതെല്ലാം നമ്മളെ വീണ്ടും ഓർമിപ്പിക്കും. കണ്ണുനിറച്ചല്ല, മറിച്ച് നല്ല നറുനാടൻ തമാശകളിലൂടെ, കുഞ്ഞികുഞ്ഞി കാഴ്ചകളിലൂടെ...
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.