മലയാളസിനിമയെ പ്രതിസന്ധിയിലാക്കിയ സിനിമാസമരത്തിന് മുൻനിരയിൽ നിന്ന ലിബർട്ടി ബഷീറിന്റെ തിയറ്ററുകളിൽ പുതിയ റിലീസുകൾ ഇല്ല. പുതിയ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുമായുള്ള എതിർപ്പുകളെ തുടർന്നാണ് റിലീസ് സിനിമകൾ ലഭിക്കാത്തതെന്ന് റിപ്പോർട്ട് ഉണ്ട്.
സമരവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പുതിയ സംഘടനയിലെ ആളുകൾ തന്നോട് പ്രതികാരം തീർക്കുകയാണെന്ന് ലിബർട്ടി ബഷീർ മനോരമ ഓൺലൈനോട് പറഞ്ഞു. റിലീസുകൾ ഇല്ലാത്ത സാഹചര്യത്തിൽ തലശേരിയിെല തിയറ്റർ കോംപ്ലക്സ് ഇടിച്ചുതകർത്ത് ഷോപ്പിങ് കോംപ്ലക്സ് പണിയാനാണ് തീരുമാനമെന്നും ലിബര്‍ട്ടി ബഷീർ പറഞ്ഞു.
‘പുതിയ സംഘടനയിലേക്ക് ചേർന്നാൽ മാത്രമേ സിനിമാ റിലീസുകള്‍ നൽകൂ എന്ന നിലപാടിലാണ് പുതിയ സംഘടനയിലെ നേതാക്കൾ. എന്നാൽ അതിന് ഞാൻ വഴങ്ങില്ല. എന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കും. പുതിയ സിനിമകൾ റിലീസ് ചെയ്യാത്തതുകൊണ്ട് നഷ്ടവും സംഭവിച്ചിട്ടില്ല. ബഷീർ പറഞ്ഞു.
സമരം മൂലം ഒരു മാസത്തോളം വൈകിയ ക്രിസ്മസ് റിലീസ് സിനിമകൾ എല്ലാം തന്നെ തിയറ്ററുകളിൽ റിലീസിനെത്തി. ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഫുക്രി, എസ്ര എന്നീ മലയാള ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഇതിൽ ഒരു ചിത്രം പോലും ലിബർട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിൽ റിലീസ് അനുവദിച്ചിരുന്നില്ല.
തലശ്ശേരിയിലെ ലിബര്‍ട്ടി ബഷീറിന്റെ സമുച്ചയത്തില്‍ അഞ്ച് സ്‌ക്രീനുകളാണുള്ളത്. ഇതില്‍ ലിബര്‍ട്ടി പാരഡൈസില്‍ ഇപ്പോള്‍ പ്രദര്‍ശനമില്ല. ലിറ്റില്‍ പാരഡൈസിലും ലിബര്‍ട്ടി മൂവി ഹൗസിലും മിനി പാരഡൈസിലും നിലവിൽ പ്രദർശിപ്പിക്കുന്നത് ഹിന്ദി, ഇംഗ്ലീഷ്, തമിഴ് സിനിമകളും സി ക്ലാസ് സിനിമകളുമാണ്. റയീസ്. പതിമൂന്നാംപക്കം പാര്‍ക്കാം, സീക്രട്ട് ഗേള്‍സ് 009, പൊല്ലാത്തവള്‍ എന്നീ സിനിമകള്‍. ബല്ലെ വേലൈയ്യതേവാ എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
‘അൻപത് ജോലിക്കാരുണ്ട്. തിയറ്റർ പൂട്ടികഴിഞ്ഞാൽ അവര്‍ പട്ടിണിയാകും. അവരുെട ജീവിതവരുമാനം തിയറ്ററിൽ നിന്നുമാത്രമാണ് അതുകൊണ്ടാണ് ഇത്തരം സിനിമകൾ ഇവിടെ റിലീസ് ചെയ്യാൻ നിർബന്ധിതനായത്.’–ലിബർട്ടി ബഷീർ പറഞ്ഞു.
തിയറ്ററുകളിൽ നിന്ന് ഉടമകൾക്കു ലഭിക്കുന്ന വരുമാന വിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു ഫെഡറേഷൻ നേതൃത്വം നിർമാതാക്കളും വിതരണക്കാരുമായി ഇടഞ്ഞതോടെ ആഴ്ചകളോളം മലയാള സിനിമാ ലോകം സ്തംഭിച്ചിരുന്നു. തിയറ്റര്‍ വിഹിതം നിലവിലെ 40-60 എന്ന ശതമാനക്കണക്കില്‍ നിന്ന് 50-50 ശതമാനത്തിലേക്ക് മാറ്റണമെന്നായിരുന്നു എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യം.
നേതൃത്വത്തിനെതിരെ എതിർപ്പുയർന്നതോടെ ഫെഡറേഷൻ പിളർന്നു. ഫെഡറേഷൻ വിട്ടുവന്നവരും സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ അംഗങ്ങളും മൾട്ടിപ്ലെക്സ് ഉടമകളുമെല്ലാം ഉൾപ്പെട്ട സംഘടനയുടെ താൽക്കാലിക ചെയർമാനായി നടൻ ദിലീപിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും തിരഞ്ഞെടുത്തിരുന്നു. ഫെഡറേഷനു ബദലായി രൂപം കൊണ്ട സംഘടനയുടെ പേര് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാർഗനൈസേഷൻ ഒാഫ് കേരള (എഫ്ഇയുഒകെ) എന്നാണ്. പ്രസിഡന്റായി നടനും തിയറ്റർ ഉടമയുമായ ദിലീപിനെയും ജനറൽ സെക്രട്ടറിയായി എം.സി.ബോബിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ആന്റണി പെരുമ്പാവൂർ, കെ.ഇ.ഇജാസ്, ജി.ജോർജ് (വൈ.പ്രസി), സുമേഷ്, തങ്കരാജ്, അരുൺ ഘോഷ് (ജോ.സെക്ര), സുരേഷ് ഷേണായ് (ട്രഷ).