മംമ്ത മോഹൻദാസ് ഇനി വ്യവസായിയുടെ റോളിൽ. സിനിമയിൽ അല്ല. സ്വന്തം ജീവിതത്തിൽ. കൊതുകിനേയും പാറ്റയേയും തുരത്താനുള്ള ജൈവ ദ്രാവകം നിർമിക്കുന്ന കമ്പനി മംമ്ത കോഴിക്കോട്ട് തുടങ്ങി.
മലയാളിയുടെ പൊതുശത്രുവായ കൊതുകിനെ ഇല്ലാതാക്കാനാണ് നടി മംമ്തയുടെ ഈ വരവ്. കോഴിക്കോട് തൊണ്ടയാട് ബൈപാസിലെ ഓഫിസിൽ ഇനി മംമ്തയുണ്ടാകും. വ്യവസായിയുടെ റോളിൽ. ബിസിനസ് മേഖലയിൽ തിളങ്ങാനുള്ള കഴിവ് കണ്ടെത്തിയത് അച്ഛനാണെന്ന് മംമ്ത പറയുന്നു. കൊതുകിനെ നശിപ്പിക്കാനുള്ള ദ്രാവകമാണ് ഉൽപന്നങ്ങളിൽ പ്രധാനം. പാറ്റശല്യം ഒഴിവാക്കാനുള്ള ദ്രാവകവും അവതരിപ്പിക്കുന്നുണ്ട്.
ബിസിനസ് എന്നും തന്റെ മനസ്സിൽ ഉണ്ടായിരുന്നെന്ന് മംമ്ത പറയുന്നു. എല്ലാ ഉത്പന്നങ്ങളും നൂറു ശതമാനം ഓർഗാനിക്ക് ആണെന്ന് മംമ്ത പറഞ്ഞു.
കാൻസറിനോട് പൊരുതി ജീവിതെ തിരികെപ്പിടിച്ച മംമ്ത, ബിസിനസ് ആരംഭിക്കുമ്പോൾ അത് ജൈവ ഉൽപന്നങ്ങളുടേതാകണമെന്ന് നിർബന്ധം പിടിച്ചിരുന്നു. റിട്ടയേർഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി.സാലിയാണ് മമ്തയുടെ ബിസിനസ് പങ്കാളി. ഇരുവർക്കു പുറമെ, യുവനിരയും കമ്പനിയുടെ തലപ്പത്തുണ്ട്. കോട്ടയ്ക്കലിലാണ് ഫാക്ടറി.