Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംജിആറിന്റെ വീട്ടിലെത്താൻ ഇനി വെള്ളത്തിനു ‘മതിൽ ചാടണം’

MGR House എംജിആറിന്റെ ചിത്രം വെള്ളപ്പൊക്കം മൂലമുള്ള കേടുപാടു തീർത്തു വീണ്ടെടുത്തതു ചൂണ്ടിക്കാണിക്കുന്ന കൊച്ചുമകൻ വി. രാമചന്ദ്രൻ.

ചെന്നൈ ∙ പ്രളയജലത്തിന് ഇനി അത്ര പെട്ടെന്ന് എംജിആറിന്റെ വീട്ടിലേക്കു കുതിച്ചെത്താനാകില്ല. എംജിആർ താമസിച്ചിരുന്ന രാമവാരം ഗാർഡൻസിലെ വീട് ഉൾപ്പെടുന്ന ഏഴര ഏക്കറിനെ ചുറ്റി 12 അടി ഉയരത്തിൽ മതിൽ ഉയരുകയാണ്. വെള്ളം ഒഴുകിപ്പോകാൻ മതിലിനോടു ചേർന്നു കൈവഴികൂടിയാകുന്നതോടെ വെള്ളപ്പൊക്ക പ്രതിരോധം പൂർണമാകും.

കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിൽ വീടിന്റെ ഒരു നില പൂർണമായും മുങ്ങിയിരുന്നു. എംജിആറിന്റെ അമൂല്യമായ ഡയറികളും ഫോട്ടോകളും പുസ്തകങ്ങളും വിഡിയോ ടേപ്പുകളും ഗ്രാമഫോൺ റിക്കാർഡുകളും ഉൾപ്പെടെ നശിച്ചു. ചിലതൊക്കെ കേടുപാടുകൾ തീർത്തു വീണ്ടെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

അണ്ണാ ഡിഎംകെയുടെ ചെലവിൽ മുഖ്യമന്ത്രി ജയലളിതയുടെ മേൽനോട്ടത്തിലാണു നവീകരണ പ്രവർത്തനങ്ങൾ. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ വീട് 17ന് എംജിആർ ജന്മശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിക്കുന്ന ചടങ്ങിൽ സമർപ്പിക്കും. വെള്ളപ്പൊക്കത്തിൽ തകർന്ന സ്മൃതിമണ്ഡപത്തിനു സമീപത്തെ എംജിആർ പ്രതിമ അന്നു ജയ നേരിട്ടെത്തി പുനഃസ്ഥാപിക്കും. വീട്ടുപരിസരത്തെ എംജിആർ സ്മൃതിമണ്ഡപവും ‌പാർക്കും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനും തീരുമാനിച്ചു.

എംജിആറിന്റെ വളർത്തുമകൾ സുധ വിജയകുമാറും മകൻ വി. രാമചന്ദ്രനും കുടുംബവുമാണ് ഇപ്പോൾ രാമവാരം ഗാർഡൻസിൽ താമസിക്കുന്നത്. വീടിനോടു ചേർന്നു ബധിര–മൂക വിദ്യാർഥികൾക്കായുള്ള സ്കൂളും ബിഎഡ് കോളജുമുണ്ട്. പ്രളയത്തിൽ 22 അടി വരെ വെള്ളമുയർന്നതോടെ വി. രാമചന്ദ്രനും സുഹൃത്തുക്കളും നീന്തിയെത്തിയാണു ഹോസ്റ്റലിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെത്തിച്ചത്.