യു.ഡി.എഫ് സര്‍ക്കാര്‍ സംരഭമായ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ 6 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് മുകേഷ്. കാരുണ്യ ലോട്ടറി സംബന്ധിച്ച വിവരാവകാശ രേഖ പ്രകാരം കിട്ടിയ മറുപടിയുടെ കോപ്പിയാണ് ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും മറ്റുമായി പ്രചരിച്ചത്. അതിൽ മുകേഷ് 6 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പ്രതിഫലം ഒന്നും വാങ്ങാതെയാണ് പരസ്യത്തില്‍ അഭിനയിച്ചതെന്നാണ് മുകേഷ് പറയുന്നത്.
കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ ആദ്യമായി അഭിനയിച്ചത് ഞാനാണ്. ശ്രീമതി സന്ധ്യ രാജേന്ദ്രനായിരുന്നു കാരുണ്യ ലോട്ടറിയുടെ ആദ്യ 6 പരസ്യങ്ങള്‍ സംവിധാനം ചെയ്തത്. 6 ലക്ഷം രൂപയ്ക്ക് 6 പരസ്യം ചെയ്യനായിരുന്നു ലോട്ടറി ഡിപ്പാര്‍ട്ടുമെന്റുമായുള്ള കരാര്‍. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയമ പ്രകാരം പരസ്യത്തില്‍ അഭിനയിക്കുന്ന ഒരാളുടെ പേരില്‍ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയു. ആദ്യ പരസ്യത്തില്‍ അഭിനയിച്ചത് ഞാനായതു കൊണ്ട് അവര്‍ എന്റെ പേരില്‍ 6 ലക്ഷം രൂപ പിന്‍വലിക്കുകയായിരുന്നുവെന്ന് മുകേഷ് പറയുന്നു.
ഇതിനെ കുറിച്ച് ഇനിയും സംശയമുള്ളവര്‍ക്ക് അന്നത്തെ ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലോകായുക്തയ്ക്ക് സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാം എന്നും മുകേഷ് പറയുന്നു. തന്റെഫെയ്‌സ് ബുക് പേജിലൂടെയാണ് മുകേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
മുകേഷത്തിന്റെ പ്രതികരണത്തിലേക്ക്–
ഇന്ന് ഫേസ്ബുക്കിലും വാട്സ്ആപ്പിലും മറ്റും തെറ്റായ ഒരു വാർത്ത പ്രചരിക്കുന്നത് കണ്ടു."മുകേഷ് 6 ലക്ഷം രൂപ വാങ്ങിയാണ് കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ അഭിനയിച്ചത് "എന്നായിരുന്നു അത്.
സത്യത്തിൽ പ്രതിഫലം ഒന്നും വാങ്ങാതെയാണ് ഞാൻ കാരുണ്യയുടെ പരസ്യത്തിൽ അഭിനയിച്ചത്.കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ ആദ്യമായി അഭിനയിച്ചതും ഞാനായിരുന്നു. ശ്രീമതി സന്ധ്യ രാജേന്ദ്രൻ ആയിരുന്നു കാരുണ്യ ലോട്ടറിയുടെ ആദ്യ 6 പരസ്യങ്ങൾ സംവിധാനം ചെയ്തത്.6 ലക്ഷത്തിനു 6 പരസ്യങ്ങൾ ചെയ്യുവാൻ ആയിരുന്നു ലോട്ടറി ഡിപ്പാർട്ടുമെന്റുമായുള്ള കരാർ.ലോട്ടറി ഡിപ്പാർട്ടുമെൻറിൻെറ നിയമം അനുസരിച്ച് പരസ്യത്തിൽ അഭിനയിക്കുന്ന ഒരാളുടെ പേരിൽ മാത്രമേ പണം പിൻവലിക്കുവാൻ സാധിക്കുമായിരുന്നുള്ളൂ.ആദ്യപരസ്യത്തിൽ അഭിനയിച്ചത് ഞാനായിരുന്നതുകൊണ്ട് അവർ എൻെറ പേരിൽ 6 ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.
ഇതിൻെറ വിശദീകരണം അന്നത്തെ ലോട്ടറി ഡിപ്പാർട്ടുമെൻറ് ഡയറക്ടർ ആയിരുന്ന ശ്രീ ബിജു പ്രഭാകർ IAS ലോകായുക്തയ്ക്ക് അന്നാളിൽ തന്നെ നൽകുകയുണ്ടായി.സംശയമുള്ള ആർക്കുവേണമെങ്കിലും ആ രേഖകൾ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ടാൽ പരിശോധിക്കുവാൻ സാധിക്കും.
ഇല്ലാത്ത അപവാദ പ്രചരണങ്ങൾ നൽകി എന്നെയും എൻെറ അനുഭാവികളെയും തളർത്താൻ ശ്രമിക്കുന്നതിനു പകരം, വികസനം കടലാസിൽ മാത്രം കൊണ്ടു നടക്കുന്നവർ അതൊക്കെ ഒന്ന് പ്രാവർത്തികം ആക്കിയാൽ ജനങ്ങൾക്ക് ഉപകാരപ്പെട്ടേനെ.