മുരളി ഗോപി എഴുതിയ ചെറുകഥ ശ്രദ്ധേയമാകുന്നു. ആഴ്ചപ്പതിപ്പുകളുടെയും മാസികകളുടെയും താളുകളിൽ പതിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയായിരുന്നും ഇത് ആദ്യമായാണ് ചെറുകഥ ഫെയ്സ്ബുക്കിലൂടെ പുറത്തിറക്കുന്നതെന്നും മുരളി ഗോപി പറയുന്നു.
ചെറുകഥ വായിക്കാം–
സാറേ.., ഇതാണെന്റച്ഛൻ!
ഗോപാലകൃഷ്ണൻ ആളൊരു ശുദ്ധനായിരുന്നു. വലിയ പുസ്തകപ്പുഴുവായിരുന്നു, പണ്ട്. എന്ന് പറഞ്ഞാൽ പോരാ. ഒരു പുസ്തകക്കുളയട്ട തന്നെയായിരുന്നു! ഒരുപാട് ചരിത്രവും പുരാണവും ഒക്കെ വായിച്ചു വയറും തലയും വീർപ്പിച്ചു പാവം.
എന്നിട്ട് അപഗ്രഥിക്കുവാനും അളക്കാനും ഒക്കെ തുടങ്ങി. ഇതിനിടെ എപ്പോഴോ പെണ്ണുകെട്ടി "കുട്ടിയും പെട്ടിയും ടയോട്ടയും" ഒക്കെയായി; ഒരു കമ്പ്യൂട്ടർ വാങ്ങി ഫേസ്ബുക്കിൽ ഒരക്കൗണ്ടും തുടങ്ങി.
'ദിവസവും ഒരു മണിക്കൂർ ഫേസ്ബുക്കിൽ' എന്ന സ്വയംകൃത നിയമം തെറ്റിയത് പിറന്നാൾ സമ്മാനമായി വിവാഹേതര കൂട്ടുകാരി സമ്മാനിച്ച അറപ്പുകത്തി പോലുള്ള ഒരു 'മിടുക്കൻ ഫോൺ' കൈപ്പറ്റിയതോടെയാണ്...