Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകന് ശേഷം മോഹൻലാൽ ചിത്രത്തിൽ പീറ്റർ ഹെയ്ൻ

peter-lal

പുലിമുരുകന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡചിത്രവുമായി മോഹൻലാൽ എത്തുന്നു. മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത താരനിരയുമായാകും ബി. ഉണ്ണികൃഷ്ണൻ–മോഹൻലാല്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം വരുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാവുന്നത് മഞ്ജു വാര്യരാണ്. തമിഴ് നടൻ വിശാൽ ആണ് മറ്റൊരു താരം. കൂടാതെ ഹൻസിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു.

പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ‍ആണ് ഈ സിനിമയുടെയും സ്റ്റണ്ട് ഡയറക്ടര്‍. പീറ്റർ ഹെയ്നെ കൂടാതെ സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടർമാരിൽ ഒരാളാണ്.

സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിൽ വിഎഫ്എക്സിനും അമിതമായ പ്രാധാന്യം നൽകിയിരിക്കുന്നു. 25–30 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. വിഎഫ്എക്സിനും സ്പെഷൽ ഇഫക്ടിനും പ്രാധാന്യം കൽപ്പിക്കുന്ന ചിത്രം പെർഫക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവർത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്സ് കൈകാര്യം ചെയ്യുക.

ചിത്രത്തിലെ കഥാപാത്രത്തിനായി പ്രത്യേക തയ്യാറെടുപ്പിലാണ് സൂപ്പർതാരം മോഹൻലാൽ. ഇതിനായി ആയുർവേദ ചികിത്സയിലാണ് താരം ഇപ്പോൾ. പൂമുള്ളിയിലാണ് ചികിത്സ. മെലിഞ്ഞ ശരീരപ്രകൃതി കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് ചികിത്സതേടാൻ അദ്ദേഹം തീരുമാനിച്ചത്. മാർച്ച് അഞ്ചിന് ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യുമെന്ന് ബി. ഉണ്ണികൃഷ്ണൻ മനോരമ ഓൺലൈനോട് പറഞ്ഞു.

ചിത്രം നിർമിക്കുന്നത് ബജ്രംഗി ഭായിജാൻ, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങൾ നിർമിച്ച റോക്ലിൻ വെങ്കിടേഷ് ആണ്. വിണ്ണൈ താണ്ടി വരുവായ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. കലാസംവിധാനം ഗോകുൽ ദാസ്. സംഗീതം ഫോര്‍ മ്യൂസിക് ( ഒപ്പം ഫെയിം ). വസ്ത്രാലങ്കാരം–പ്രവീൺ വർമ.

മിസ്റ്റർ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അജു വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Your Rating: