മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകൻ 100 കോടി കലക്‌ഷൻ ലഭിച്ച ആദ്യ മലയാള ചിത്രമായി. 15 കോടിയോളം വിവിധ റൈറ്റ്സിലൂടെ നേടിയ ചിത്രത്തിന്റെ വിദേശത്തെ കളക്ഷൻ കൂടി കണക്കിലെടുക്കുമ്പോൾ ആകെ ബിസിനസ്സ് 100 കോടി കവിയും.
കേരളത്തില്‍ നിന്നു മാത്രം ചിത്രം 65 കോടിക്കു മേൽ നേടിക്കഴിഞ്ഞു. യുഎഇ–യിൽ നിന്ന് 3 ദിവസം കൊണ്ട് 13 കോടിക്കു മുകളില്‍ നേടി സിനിമ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു അമേരിക്ക, യൂറോപ്പ്, എന്നിവടങ്ങളിലും ചിത്രം മികച്ച കലക്ഷൻ നേടുന്നുണ്ട്. ആദ്യദിന കലക്‌ഷൻ, ആദ്യ വാര കലക്‌ഷൻ, വേഗത്തിൽ 10 കോടിയും 25 കോടിയും കലക്‌ഷൻ നേടിയ ചിത്രം എന്നിങ്ങനെ റെക്കോർഡുകൾ പലതും തിരുത്തിക്കുറിച്ച സിനിമയ്ക്ക് ആദ്യമായ 100 കോടി നേടുന്ന മലയാള ചിത്രമെന്ന് ഖ്യാതിയും ഇനി സ്വന്തം.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്ക്രീനിൽ റിലീസ് ചെയ്ത സിനിമ ആദ്യദിനം മാത്രം കൊയ്തത് 4.05 കോടി രൂപ. രണ്ടാം ദിനം 4.02 കോടി , മൂന്നാം ദിനം 4.83 കോടി. മൂന്ന് ദിവസം കൊണ്ട് 12.91 കോടി രൂപ. മലയാളത്തിലെ ആദ്യവാര കലക്‌ഷൻ റെക്കോർഡ് മൂന്നാം നാൾ പിന്നിട്ടിരുന്നു മുരുകൻ. ഇനിയുള്ള കാത്തിരുപ്പ് 150 കോടി ക്ലബിൽ ചിത്രം എത്തുമോ എന്ന ഉത്തരത്തിനാണ്. പുലിമുരുകൻ റിലീസ് ചെയ്തതിനു ശേഷം പല സിനിമകൾ വന്നു പോയെങ്കിലും തിരക്ക് ഇപ്പോഴും മുരുകനു തന്നെ. ഇൗ നില തുടർന്നാൽ വൈകാതെ ചിത്രം 150 കോടി കടക്കുമെന്നാണ് ചലച്ചിത്രമേഖലയിൽ നിന്നുള്ളവർ നൽകുന്ന സൂചന.