ദൂരദർശൻ എന്ന ഒറ്റ ചാനൽ മാത്രമുള്ള കുട്ടിക്കാലം. ശനിയാഴ്ച രാത്രികളിൽ നാം ഒരു സൂപ്പർ താരത്തെ കാണാനായി ഉറക്കമൊഴിച്ച് കാത്തിരുന്നത് ഒാർക്കുന്നുണ്ടോ ? നമുക്കേവർക്കും പ്രിയപ്പെട്ട ഹനുമാൻ വരുന്നതും കാത്ത്.
ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന ജയ് ഹനുമാൻ അക്കാലത്തെ ഹിറ്റ് പരമ്പരയായിരുന്നു. രാമനെയും ലക്ഷ്മണനെയും സീതയെയും ഒപ്പം ഹനുമാനെയും കാണാനുള്ള ആ കാത്തിരിപ്പ് തന്നെ ഒരു ഹരമായിരുന്നു. മായാവിയെയും ശക്തിമാനെയും ഒക്കെപ്പോലെതന്നെ ജനകീയനായ സൂപ്പർതാരമായിരുന്നു ഹനുമാനും.
പ്രമുഖ നടനായ രാജ് പ്രേമിയാണ് ഹനുമാനെ അവതരിപ്പിച്ചിരുന്നത്. ജയ് ഹനുമാനില്‍ ശിവന്റെ വേഷത്തിലും ഹനുമാന്റെ വേഷത്തിലും രാജ് തന്നെയാണ് എത്തിയിരുന്നത്. ടെലിവിഷൻ രംഗത്ത് സൂപ്പർതാരമായിരുന്നെങ്കിലും ബിഗ് സ്ക്രീനില്‍ തിളങ്ങാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല. 1999–ൽ റിലീസ് ചെയ്ത ഖൂനി ഇലകയാണ് ആദ്യ ചിത്രം. എന്നാൽ ആ സിനിമ വൻപരാജയമായിരുന്നു. പിന്നീട് രാജ് അഭിനയിച്ച ചിത്രങ്ങളൊക്കെ ബോക്സ്ഓഫീസ് പരാജയമായി മാറി. രാം ഗോപാൽ വർമയുടെ സത്യ 2 വിലും രാജ് അഭിനയിച്ചിട്ടുണ്ട്.