Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിനയത്തെ പ്രണയിച്ച ഒരു വില്ലന്റെ ഓർമയ്ക്ക്‌

achankunju-malayalam-actor

സത്യൻ, നസീർ, ജയൻ, എന്നീ പേരുകൾ പറഞ്ഞാൽ അറിയാത്തവരായി ആരും ഉണ്ടാവില്ല. അറുപതുകളിലെയും എഴുപതുകളിലെയും നായകത്രയങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന സത്യൻ, പ്രേം നസീർ, ജയൻ; വില്ലൻ ത്രയങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന ബാലൻ കെ.നായർ, ജോസ് പ്രകാശ്‌, ടി.ജി.രവി, ഇവരിൽ നിന്നും എല്ലാം വ്യത്യസ്തനായ നടനാണ് അച്ചൻകുഞ്ഞ്. ഒരു പക്ഷേ ഈ പേര് അധികം ആർക്കും പരിചയം ഉണ്ടാവില്ല.

ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ്‌ നേടിയ കേരളത്തിലെ ഏക ചലച്ചിത്ര നടൻ ആണ് അച്ചൻകുഞ്ഞ്. മലയാളത്തിലെ മൺമറഞ്ഞ് പോയ പ്രമുഖ നടീ നടന്മാരുടെ ഓർമ്മ ദിവസങ്ങൾ ഓർമ്മിക്കപ്പെടുമ്പോൾ, വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയ്ക്ക്‌ ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച്‌ മൺമറഞ്ഞു പോയ അച്ചൻകുഞ്ഞിനെ നാം പലപ്പോഴും ഓർക്കാറില്ല .പരുക്കൻ രൂപഭാവവും ഗാംഭീര്യമുള്ള ശബ്ദവും തീക്ഷ്ണത നിറഞ്ഞ കണ്ണുകളും ഉള്ള ഈ കലാകാരൻ ജീവസുറ്റതും കരുത്തുറ്റതുമായ കഥാപാത്രങ്ങളെ ബാക്കിയാക്കി വിടചൊല്ലിയിട്ട് ഇന്ന് 30 വർഷം തികയുന്നു.

kadamba-malayalam

ഏതൊരു വില്ലൻ കഥാപാത്രങ്ങളും ചേരും വിധത്തിലുള്ള രൂപഭാവവും, ഇടി മുഴക്കം പോലുള്ള പൊട്ടിച്ചിരിയും, വ്യത്യസ്തതയാർന്ന വസ്ത്ര ധാരണവും അഭിനയ ശൈലിയും . കഥാപാത്രങ്ങൾക്ക് അതിർ വരമ്പുകൾ കൽപിക്കാത്ത പ്രകൃതം. സിനിമയിലേക്ക് കടന്നു വന്ന കാലം അയാൾ ഒരു ക്രൂരനും, നിഷ്ടൂരനുമായ ഒരു വ്യക്തിയെ പോലെ തോന്നിച്ചു. അച്ചൻകുഞ്ഞ് എന്ന നടനെ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാക്കാൻ ഈ പ്രത്യേകതകൾ തന്നെ ധാരളമായിരുന്നു . എൺപതുകളുടെ ആദ്യ കാലഘട്ടങ്ങളിൽ വേദനിപ്പിക്കുന്നതും ,ഭയപ്പെടുത്തുന്നതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ വില്ലൻ പരിവേഷങ്ങൾക്ക്‌ മാറ്റ് കൂട്ടി.

വില്ലൻ വേഷങ്ങളിലൂടെ മലയാളത്തിലെ നിറ സാന്നിദ്ധ്യമായിരുന്ന അച്ചൻകുഞ്ഞ് തന്റെ 20-ാം വയസ്സിൽ നാടകങ്ങളിലൂടെയാണ് അഭിനയ ജീവിതം തുടങ്ങുന്നത് .കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ അച്ചൻകുഞ്ഞിന് സാധിച്ചിരുന്നില്ല . സാമ്പത്തിക പ്രശ്നങ്ങൾ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും നാടകവേദികൾ ഉപേക്ഷിക്കാൻ അച്ചൻകുഞ്ഞ് തയ്യാറായിരുന്നില്ല .

lorry-malayalam-movie

1953 ലെ വിധി എന്ന നാടകത്തിലാണ് ആദ്യമായി വേഷമിട്ടത്. സെന്റ്‌ പോൾ , ട്രപ്പീസിയം, സൗരയൂഥം എന്നിങ്ങനെ ജനങ്ങൾ ആവേശത്തോടെ നെഞ്ചിലേറ്റിയ നാടകങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സൗരയൂഥത്തിൽ അവതരിപ്പിച്ച ആരാച്ചാരുടെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. തുടർന്ന് 30 വർഷം നീണ്ടു നിന്ന നാടക ജീവിതത്തിൽ ആയിരം നാടക വേദികളിൽ ചുവടു വച്ചു. കെ.പി.എ.സി, വൈക്കം മാളവിക , കേരള തിയറ്റെർസ്, നാഷണൽ തിയറ്റെർസ്, ഭാരത് തിയറ്റെർസ് തുടങ്ങി ധാരാളം നാടക ട്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.

പത്മരാജൻ തിരക്കഥ എഴുതി ഭരതൻ സംവിധാനം ചെയ്ത ലോറിയിലൂടെ തന്റെ 50- ാം വയസ്സിലാണ് അച്ചൻകുഞ്ഞ് സിനിമ ലോകത്തേക്ക് കടന്നു വന്നത്. കഥാപാത്രങ്ങൾക്ക് യോജിക്കുന്ന രീതിയിൽ ഉള്ള മുഖങ്ങൾ തിരഞ്ഞെടുക്കന്നതിനു പകരം അഭിനേയതാക്കൾക്ക്‌ ചേരുന്ന രീതിയില്ലുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന പ്രവണത ആവർത്തിച്ച്‌ വരുന്ന ഘട്ടത്തിൽ ആണ് പ്രശസ്ത സംവിധായകനായ ഭരതൻ പ്രേം പ്രകാശ്‌ വഴി ലോറിയിലെ വേലൻ എന്ന തെരുവ് സർക്കസ്സുകാരന്റെ വേഷം അവതരിപ്പിക്കാൻ ഉചിതമായ മുഖമുള്ള ഈ നടനെ കണ്ടെത്തുന്നത്. തന്റെ തനതായ അഭിനയ ശൈലിയിലൂടെ ആ കഥാപാത്രത്തെ ഏറെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാൻ അച്ചൻകുഞ്ഞിന് സാധിച്ചു. ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ്‌ പുരസ്ക്കാരം അദ്ധേഹത്തെ തേടി എത്തുകയാണ് ഉണ്ടായതു.

1980 മുതൽ 1986 വരെ ഉള്ള തന്റെ സിനിമാ ജീവിതത്തിൽ അച്ചൻകുഞ്ഞ് അഭിനയിച്ചു തീർത്തത് നാൽപ്പത്തി ആറ് സിനിമകൾ. ഭരതൻ, ലെനിൻ രാജേന്ദ്രൻ, ഐ.വി.ശശി തുടങ്ങി മലയാളത്തിലെ പ്രശസ്ത സംവിധായകരുടെ സിനിമകളിൽ എല്ലാം ഈ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആ നാല്പത്തി ആറ് സിനിമകളിലൂടെ അദ്ദേഹം മലയാളി പ്രേക്ഷകർക്ക്‌ സമ്മാനിച്ചത്‌ ഒരിക്കലും മറക്കാനാവാത്ത ഒട്ടനവധി നല്ല കഥാപാത്രങ്ങൾ . നിത്യ ഹരിത നായകൻ പ്രേം നസീർ മുതൽ മോഹൻ ലാൽ വരെ ഉള്ള മികച്ച നടന്മാർക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നാടകങ്ങളിൽ നിന്നും ലഭിച്ച അഭിനയ പരിശീലനം കൊണ്ടും അഭിനയത്തോടുള്ള പൂർണ്ണ താൽപര്യം കൊണ്ടും അഭിനയത്തിന്റെ അതിർ വരമ്പുകൾ ഭേദിച്ച്, വില്ലൻ വേഷങ്ങളിൽ നിന്നും തികച്ചും വേറിട്ടു നില്ക്കുന്ന ഒരു പറ്റം നന്മ നിറഞ്ഞ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു കൊണ്ട് തിരശ്ശീലയിൽ നിറഞ്ഞാടി .മികച്ച നടൻ എന്ന നിലയിൽ ക്രിട്ടിക്സ് അവാർഡും ഫാൻസ്‌ അസോസിയേഷൻ അവാർഡും പലതവണ അദ്ധേഹത്തെ തേടിയെത്തി.

സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെങ്കിലും നാടക വേദികളിൽ വ്യത്യസ്തത പുലർത്താനായിരുന്നു അച്ചൻകുഞ്ഞ് ശ്രമിച്ചിരുന്നത്. സിനിമയിൽ ക്രൂര കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകർക്കിടയിൽ ഒരു പേടിസ്വപ്നമായി മാറിയ ഈ താരം ജീവിതത്തിൽ സാധാരണക്കാരിൽ സാധാരണക്കാരനായി ആണ് ജീവിച്ചത്.

achankunju-balan-k-nair

തന്റെ സിനിമാ ജീവിതത്തിൽ അച്ചൻകുഞ്ഞ് ഏറെ ആദരവോടെ കാണുകയും ബഹുമാനിക്കുകയും ചെയ്തിരുന്നത് പ്രേം നസീറിനെയായിരുന്നു . നിഷ്പ്രയാസം കാമവും ക്രൂരതയും പടരുന്ന ആ മുഖം മലയിളി പ്രേക്ഷകരുടെ മനസ്സിൽ ആഴ്ന്നിറങ്ങിയ വില്ലൻ മുഖങ്ങളിൽ ഒന്നാണ് . ജീവിതത്തിൽ അവിചാരിതമായി സംഭവിച്ച ഒരു അപകടം മൂലം കണ്ണുകൾക്ക്‌ പറ്റിയ ക്ഷതം ആണ് അച്ചൻകുഞ്ഞിന്റെ ക്രൂരത നിറഞ്ഞ മുഖത്തിന്‌ പിന്നിലുള്ള കാരണം. ആ കാരണം തന്നെയാണ് പിന്നീടുള്ള ജീവിതത്തിൽ വഴിത്തിരിവായതും.

സിനിമ കേവലം ഒരു കല മാത്രമല്ല മറ്റു ചിലർക്ക് അത് ജീവിതം കൂടിയാണ് .സിനിമയിൽ വരുന്നതിനു മുൻപ് കോട്ടയം ബോട്ട് ജെട്ടിയിലെ പോർട്ടറായി ജോലി ചെയ്തും നാടകങ്ങളിൽ അഭിനയിച്ചും ആണ് ജീവിതമാർഗ്ഗം കണ്ടെത്തിയിരുന്നത്. സ്വന്തം ജീവിതത്തിൽ സൗഹൃദങ്ങൾക്കും കുടുംബത്തിനും ഒരുപോലെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. മീനമാസത്തിലെ സൂര്യൻ, ഇലഞ്ഞിപ്പൂക്കൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ തുടങ്ങിയ ചിത്രങ്ങളിൽ അവസാനമായി അഭിനയിച്ചു കൊണ്ടാണ് സിനിമാ ലോകത്തോട്‌ വിട പറഞ്ഞത്. മറ്റുള്ള നടന്മാരുടെ അഭിനയത്തികവിനെ വെല്ലാൻ തക്ക വണ്ണം പ്രതിഭ ഉണ്ടായിരുന്നിട്ടും, കഴിവിനൊത്ത അംഗീകാരം അന്നും ലഭിച്ചിരുന്നില്ല. മറ്റു സൂപ്പർ താരങ്ങളെപ്പോലെ വിലപേശി കാശു വാങ്ങുന്ന പ്രകൃതം അല്ലാതിരുന്നതിനാൽ കാര്യമായ സമ്പാദ്യം ഒന്നും തന്നെ സിനിമയിൽ നിന്നും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.

ഒടുവിൽ കരൾ രോഗം ബാധിച്ചു 56-ാം വയസ്സിൽ 1987 ജനുവരി 16 ന് ഈ ലോകത്തോട്‌ വിട പറഞ്ഞപ്പോൾ ബാക്കിയായത് ബോട്ട് ജെട്ടിക്കടുത്തുള്ള സ്വന്തം വീടും, മലയാള സിനിമയ്ക്ക്‌ സമ്മാനിച്ച ഒരുപ്പറ്റം നല്ല കഥാപാത്രങ്ങളും മാത്രം . ആത്മ സുഹൃത്തുക്കൾ എന്ന് അച്ചൻകുഞ്ഞ് കരുതിയിരുന്ന സിനിമാ ലോകത്തുള്ള പലരിൽ നിന്നും അദ്ദേഹത്തിന്റെ മരണത്തിനു ശേഷം കുടുംബത്തെക്കുറിച്ചുള്ള കാര്യമായ അന്വേഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല . അച്ഛന്റെ ഓർമ്മയ്ക്കായി മകൻ 1999 ൽ അച്ചൻകുഞ്ഞ് സ്മാരക സമിതി നിർമ്മിക്കുകയും അതിനോടനുബന്ധിച്ചു കോട്ടയം തിരുന്നക്കര മൈതാനിയിൽ പ്രൊഫഷണൽ നാടകങ്ങൾ നടത്താനുള്ള സഹായം സിനിമാരംഗത്ത് നിന്നുമുള്ളവരോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.

മറ്റു കലാകാരന്മാരുടെ ജീവിതത്തിൽ സംഭവിച്ചത് തന്നെയാണ് അച്ചൻകുഞ്ഞിന്റെയും ജീവിതത്തിൽ സംഭവിച്ചത്. അർഹത ഉള്ളവരും ഇല്ലാത്തവരും പുരസ്ക്കാരങ്ങൾ വാരിക്കൂട്ടുമ്പോൾ അഭിനയ മികവു കൊണ്ട് വളരെ ചുരുങ്ങിയ കാലത്തിനിടയിൽ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി മൺമറഞ്ഞു പോയ അച്ചൻകുഞ്ഞിനെ പോലെ ഉള്ള നടന്മാരെ നാം മറന്നു പോകുകയും വേണ്ടവിധത്തിലുള്ള സ്വീകാര്യതകൾ കൊടുക്കാതിരിക്കുകയും ചെയ്യുന്നു.