Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇന്ന് താരങ്ങൾക്ക് കാരവാൻ, അന്ന് നസീർ സാറിന് കസേര പോലും വേണ്ട’

sheela-3

മലയാള സിനിമയിലെ എക്കാലത്തെയും മഹാപ്രതിഭകളും പുതുതലമുറയിലെ താരങ്ങളും ഒരുമിച്ച അത്യപൂർവ നിമിഷങ്ങൾ ' പ്രേം നസീർ നിത്യ വസന്തം' എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിച്ചു. പ്രിയതാരം ഷീല, പ്രേം നാസിറിനെക്കുറിച്ചുള്ള തന്റെ മനോഹരമായ ഓർമ്മകൾ പ്രേക്ഷകരോട് പങ്കുവയ്ക്കുന്നു..

∙107 സിനിമയിൽ നസീർ സാറുമായി അഭിനയിച്ചു അതും ഗിന്നസ് റെക്കോർഡ്. അതിനെക്കുറിച്ച്?

വളരെ അഭിമാനമുണ്ട്.മലയാള സിനിമയായതുകൊണ്ടാണ് അത് സാധിച്ചത്. സിനിമ കാണുന്നവർ ഞങ്ങൾ ജോഡിയായി അഭിനയിക്കുന്നത് ഇഷ്ടപ്പെട്ടു. ഞങ്ങൾ അഭിനയിക്കുന്ന സിനിമകൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് പ്രൊഡ്യൂസേഴ്സ് അവരുടെ സിനിമയ്ക്കുവേണ്ടി ഞങ്ങളെ തിരഞ്ഞെടുത്തത്. ഒരു ദിവസം കൊണ്ട് നടന്നതല്ല 107 പടങ്ങൾ കുറേ വർഷങ്ങളുടെ പ്രയത്നമാണ്. 

∙ പഴയകാല ഷൂട്ടിങ്ങും പുതിയ കാല ഷൂട്ടിങ്ങും തമ്മിലുള്ള വ്യത്യാസം

അന്നത്തെ കാലത്തെ ഷൂട്ടിങ് എവിഎം സ്റ്റുഡിയോയിലും വാഹിനി സ്റ്റുഡിയോയിലുമായിരുന്നു കൂടുതലും.  മലയാളം പടത്തിനുവേണ്ടിയുള്ള സെറ്റ് അവർ തന്നെ ഇടും. തമിഴ്, തെലുങ്ക് ഹിന്ദി പടത്തിനുമാണ് വലിയ സെറ്റ് ഇടുന്നത്. അവരുടെ ഷൂട്ടിങ് കഴിഞ്ഞ് സെറ്റ് പൊളിച്ചു മാറ്റുന്നതിനുമുമ്പ് രണ്ട് ദിവസത്തേക്ക് മലയാളം പടത്തിനുവേണ്ടി വാടകയ്ക്ക് എടുക്കും. വിവിധ ഭാഷകളിലെ ഷൂട്ടിങ് നടക്കുമ്പോൾ  എല്ലാവരും വന്ന് അവിടെയുള്ള മരങ്ങളുടെ തണലത്ത് ഇരിക്കും. 

മരക്കസേരയാണ് അന്നത്തെകാലത്ത് ഇരിക്കാൻ തന്നിരുന്നത്. ചില സമയത്ത് ഈ കസേരകൾ ഷൂട്ടിങ് ആവശ്യത്തിനായി കൊണ്ടുപോകുകയും ചെയ്യും. 

നവതി ഓർമ I പ്രേം നസീർ നിത്യ വസന്തം I മഴവിൽ മനോരമ

തമിഴിലും തെലുങ്കിലും ഉള്ള നടീനടന്മാർ സ്വന്തമായി പ്ലാസ്റ്റിക് നെയ്ത കസേര കൊണ്ടുവരികയാണ് പതിവ്. ആ കസേരയുടെ പുറകിൽ എം ജി ആർ, ജയലളിത എന്നിങ്ങനെ എഴുതിയിട്ടുണ്ടാവും. അതിൽ ആരും കയറി ഇരിക്കില്ല. ഞാൻ രണ്ട് കസേര വാങ്ങി. ഒന്നിൽ പ്രേം നസീർ മറ്റൊന്നിൽ ഷീല എന്നും എഴുതി. നസീർ സാറിനോട് ഇക്കാര്യം പറഞ്ഞപ്പോൾ സാറിന് നാണക്കേട് എന്തിനാ  ഇതൊക്കെ അതൊന്നും നടക്കില്ല. മറ്റുള്ള ആളുകൾക്ക് ഇരിക്കാൻ പറ്റാത്ത സമയത്ത് നമുക്ക് കസേരയുടെ ആവശ്യമുണ്ടോ എന്ന്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹം കസേര ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോൾ ഓരോരുത്തർക്കും കാരവാൻ ഉള്ളപ്പോൾ അന്ന് ഒരു കസേരയിൽ ഇരിക്കാൻ പോലും അദ്ദേഹം മടിച്ചിരുന്നു. മറ്റുള്ളവർക്ക് ഇല്ലാത്ത സൗകര്യം നമുക്ക് എന്തിനാണ് എന്ന് ചിന്തിക്കുന്ന ഒരാളായിരുന്നു നസീർ സർ. 

∙ സിനിമയിലെ ഈ തലമുറയും വരുന്ന തലമുറയ്ക്കുമുള്ള ഉപദേശം

ഞങ്ങളുടെ കാലത്ത് 7 മുതൽ 1 മണിവരെ ഒരു കോൾഷീറ്റ്, 2 മുതൽ 9 വരെ അടുത്ത കോൾഷീറ്റ് വൈകിട്ട് 9 മുതൽ വെളുപ്പിന് 2 വരെ ഒരു കോൾഷീറ്റ് ഉണ്ടാകും. ഒരു സിനിമയിൽ പ്രേംനസീർ കാമുകനായിരിക്കും, അടുത്ത സിനിമയിൽ സഹോദരനായിരിക്കും. അങ്ങനെ പല പല വേഷങ്ങളിലായിരിക്കും. ഒരു യന്ത്രം പോലെയായിരുന്നു ജോലി ചെയ്തിരുന്നത്. സ്റ്റുഡിയോയിൽ തന്നെ പല്ല് തേയ്ക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ട് അടുത്ത സെറ്റിൽ പോകും.അന്നൊന്നും സിനിമയോട് ഒരു സമർപ്പണം തോന്നിയിട്ടില്ല. പിന്നീട് കള്ളിച്ചെല്ലമ്മ എന്ന പടം ചെയ്തപ്പോഴാണ് നല്ല ക്യാരക്ടറിൽ അഭിനയിക്കണം കഥ നല്ലതാകണം എന്നൊരു ചിന്ത വന്നത്. പിന്നീട് നന്നായി വായിക്കാൻ തുടങ്ങി. 

പ്രൊഡ്യൂസർ  വന്ന് ചോദിക്കുമ്പോൾ പണം കുറച്ച് കുറവാണെങ്കിലും കഥാപാത്രം ഇഷ്ടപ്പെട്ടാൽ ഞാൻ സമ്മതിക്കും. ഞാനും നസീർ സാറും അഭിനയിച്ച ഒരുപാട് പടങ്ങൾ നഷ്ടത്തിലായിട്ടുണ്ട്. പ്രൊഡ്യൂസർക്ക് ഒരു ലാഭവും കിട്ടാത്ത പടങ്ങളുമുണ്ട്.  അവരോട് ഞങ്ങൾ പറയും നിങ്ങൾ അടുത്ത പടം ഉടനെ ചെയ്യണം. കോൾഷീറ്റ് അപ്പോൾ തന്നെ അവർക്ക് കൊടുക്കും. ഒരുപാട് പടങ്ങൾ ഞങ്ങളെകാത്ത് നിൽക്കുന്നുണ്ട്. പക്ഷേ ഈ നഷ്ടം വന്ന പ്രൊഡ്യൂസറുടെ പടമായിരിക്കും ഞങ്ങൾ ആദ്യം ചെയ്യുന്നത്. നഷ്ടം വന്ന പ്രൊഡ്യൂസർ  നല്ല കഥയായിട്ട് വരുമ്പോൾ ഞങ്ങൾ അതിൽ അഭിനയിക്കുന്നു. ഇടയ്ക്കൊന്നും പൈസ ഞങ്ങൾ ചോദിക്കാറില്ല. പടം തീരാറാകുമ്പോൾ എഡിറ്റിങ് കഴിഞ്ഞ് പ്രൊഡ്യൂസേഴ്സ് കൊണ്ടുവന്ന് കാശ് തരും. അന്നത്തെ പ്രൊഡ്യൂസർമാർ മായമില്ലാത്ത ആളുകളാണ്. ഇന്ന് മുഴുവൻ മായമാണ്. വാക്കിനുവിലയുള്ള പ്രൊഡ്യൂസർമാരായിരുന്നു അന്ന്. 

എഗ്രിമെന്റ് ഇല്ല. ഇന്ന് കഥ ചോദിച്ചാൽ പ്രൊഡ്യൂസർമാർക്ക് അറിയില്ല. ഡയറക്ടർമാരാണ് കഥ പറയുന്നത്. അന്ന് അങ്ങനെയല്ല. പ്രൊഡ്യൂസർമാരാണ് കഥ തീരുമാനിക്കുന്നത്. നിർമാതാവിന്റെ സ്ഥാനം അത്രത്തോളം വലുതായിരുന്നു ഞങ്ങളുടെ കാലത്ത്.  ഒരു നിർമാതാവ് വന്നാൽ ഞങ്ങൾ എഴുന്നേറ്റ് നിന്ന് തൊഴുതും. അത്രയ്ക്ക് ബഹുമാനമായിരുന്നു. ഇന്ന് നായകൻ ആണ് തീരുമാനിക്കുന്നത് കഥ എങ്ങനെ വേണം എന്ന്. കാരണം  നായകൻ തീരുമാനിക്കേണ്ട ഘട്ടത്തിലാണ് ഇന്ന് സിനിമാലോകം. ഇവർ ആരും കഥ വായിക്കുന്നില്ല. പണം മുടക്കുന്ന പ്രൊഡ്യൂസേഴ്സ് പോലും ഇന്ന് കഥ കേൾക്കുന്നില്ല. എടുക്കുന്ന പടം ഓടും ഓടില്ല എന്ന ഒരു വിശ്വാസം പോലും ഇല്ലാത്ത ആളുകൾ ഇന്ന് ഒരുപാട് പേരുണ്ട്. 

ഞങ്ങളുടെ കാലത്ത് പടം എടുക്കുമ്പോൾ എത്ര സീൻ എടുക്കണം എന്ന ധാരണ പ്രൊഡ്യൂസേഴ്സിന് ഉണ്ടായിരുന്നു. പ്രൊഡ്യൂസേഴ്സ് മിക്കവാറും പേരും പ്രൊഡക്ഷൻ മാനേജർമാരായിട്ടും , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്മാരായിട്ടും വന്ന ആളുകളാണ്. സിനിമയിൽ അവരുടെ സഹപ്രവർത്തകർ എടുക്കുന്ന പടത്തിൽ പ്രവർത്തിച്ച് സിനിമയെ മനസിലാക്കിയിട്ടാണ് സംവിധാനത്തിലേക്ക് വരുന്നത്. ഇപ്പോൾ ദുബായ് നിന്നൊരാൾവരുന്നു കുറച്ച് കാശുണ്ട് ഒരു പടം എടുക്കാം എന്ന രീതിയാണ് .

അന്ന് തിയറ്ററിൽ കയറുന്ന ആളുകൾ ഏതു ബാനറെന്ന് നോക്കുമായിരുന്നു. ഉദയാ സ്റ്റുഡിയോ, മഞ്ഞിലാസ് ഇവയാണ് ആ കാലത്ത് കുറേ നല്ല പടങ്ങൾ ചെയ്ത ബാനറുകൾ.  

∙ അഭിനയം, സംവിധാനം നിർമാണം ഇതിൽ കണ്ടെത്തുന്ന സമയം

പ്രധാനമായും അഭിനയമാണ്. ഇടയ്ക്ക് കിട്ടുന്ന സമയത്താണ് സംവിധാനവും നിർമ്മാണവും. ഇപ്പോൾ പ്രധാന ഹോബി ചിത്രം വരയ്ക്കുന്നതാണ്. 

∙ സെൽഫിയും, ഓട്ടോഗ്രാഫും

സെൽഫിയെടുക്കുന്നത് കൂട്ട ബലാൽസംഗത്തിന് തുല്യമാണ്. സെൽഫി ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ്. 

∙ അഭിനയിക്കണമെന്ന് ആഗ്രഹിച്ച കഥാപാത്രം

ഒരുപാട് ആശിച്ചിരുന്ന കഥാപാത്രമായിരുന്നു മാധവികുട്ടിയുടെ സിനിമ.  എന്നെ ആയിരുന്നു ആദ്യമായി അഭിനയിക്കാൻ വിളിച്ചത്. വർഷങ്ങൾക്ക് മുമ്പാണ്. കമലൊക്കെ പദ്ധതിയിടുന്നതിനും മുമ്പ്.  അന്ന് ഞാൻ കമലാദാസിന്റെ അടുത്ത് പോയി.  അഭിനയിച്ചാൽ നന്നായിരിക്കും എന്ന് അവർ പറഞ്ഞു. 

പല പ്രാവശ്യമായിട്ട് ആ പടം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടു. ആ ചിത്രം മാറിപ്പോയി. പിന്നീട് പ്രായവും കഴിഞ്ഞു. അത് മനസിനെ വല്ലാതെ വിഷമിപ്പിച്ചു. ഇപ്പോൾ ബഷീറിന്റെ പ്രേമലേഖനം എന്ന പടം ചെയ്യുന്നു. ജോയ്മാത്യുവാണ് കൂടെ അഭിനയിക്കുന്നത്. അദ്ദേഹത്തിന് ഈ കഥയെപ്പറ്റിയും എല്ലാം അറിയാം. അദ്ദേഹത്തോട് ഞാൻ പറഞ്ഞു എനിക്കൊരു നാടകത്തിൽ അഭിനയിക്കണം എന്നത് വലിയ ആഗ്രഹമാണ്. അദ്ദേഹം പറഞ്ഞു മാധവിക്കുട്ടിയുടെ കഥ തന്നെ നമുക്ക് നാടകമാക്കാം എന്ന് പറഞ്ഞു. എത്രത്തോളം നടക്കുമെന്ന് അറിയില്ല. ഒരു നല്ല ട്രൂപ്പിലെ ഒരു നാടകത്തിൽ അഭിനയിക്കണം എന്നുള്ളത് എന്റെ ആഗ്രഹമാണ്.

∙ നസീർ സാർ എന്ന ജനകീയ നേതാവിനെ കുറിച്ച്?

നല്ല നിലയിൽ ജീവിച്ച ഒരു നടനുണ്ടായിരുന്നു.  അദ്ദേഹവും നസീർ സാറും ആത്മാർഥ സുഹൃത്തുക്കളായിരുന്നു. പിന്നീട് അദ്ദേഹത്തിന് പടങ്ങളൊന്നും ഇല്ലാതെ സാമ്പത്തികമായി ഭയങ്കര ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന്റെ മരണം വരെ കൂടെ താമസിപ്പിച്ച് നസീർ സാർ ആണ് നോക്കിയത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മരണംവരെ നസീർ സാർ സാമ്പത്തികമായി സഹായിച്ചിരുന്നു. 

∙ സിനിമയിലെ ആഘോഷം

ഓണം വിഷുവും തമിഴ്നാട്ടിൽ വലിയ പ്രാധാന്യം ഇല്ലായിരുന്നു. ഷൂട്ടിങ് പതിവുപോലെ നടക്കും. ടി ആർ ഓമനയുടേയും എന്റേയും വീട്ടിൽ നിന്നായിരിക്കും  ആഹാരം കൊണ്ടുവരുന്നത്. പായസം ഉൾപ്പെടെ ഓണത്തിനുവേണ്ടിയുള്ള എല്ലാ വിഭവങ്ങളും ഉണ്ടാവും . വാഴയില വരെ. യൂണിറ്റിലുള്ള എല്ലാവരും കൂടിയാണ് ആഘോഷിക്കുന്നത്.അതൊരു നല്ല അനുഭവമായിരുന്നു.