സിനിമാ നൃത്ത സംവിധാന രംഗത്ത് അധികമാരും കേട്ടിട്ടില്ലാത്ത പേരാണ് സജ്ന നജാം. സ്റ്റേജ് ഷോകളിലും സ്റ്റാൻഡേർഡ് ഇവന്റുകളിലും കൊറിയോഗ്രഫി ചെയ്തിരുന്ന സജ്ന സിനിമാ കൊറിയോഗ്രാഫി രംഗത്തേക്ക് സ്വന്തം വിലാസത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് വിക്രാമാദിത്യൻ എന്ന ചിത്രത്തിലൂടെയായിരുന്നു. അത്തരത്തിൽ ചെയ്ത ആദ്യ സിനിമയിൽ തന്നെ സംസ്ഥാന അവാർഡ് എന്ന വലിയ പുരസ്കാരം കിട്ടിയതിന്റെ സന്തോഷത്തിലാണ് സജ്ന.
പ്രേംനസീറിന്റെ നാടായ ചിറയിൻകീഴിന് കൊറിയോഗ്രാഫിക്ക് അവാർഡ് ഇത് ആദ്യമല്ല നേരത്തെ മകരമഞ്ഞ് എന്ന ചിത്രത്തിന്റെ കൊറിയോഗ്രാഫിക്ക് സംസ്ഥാന അവാർഡും രാത്രിമഴ എന്ന ചിത്രത്തിലെ കൊറിയോഗ്രഫിക്ക് ദേശീയ അവാർഡും ഈ നാട്ടിലേക്ക് വന്നിട്ടുണ്ട്. മധു ഗോപിനാഥ്, വക്കം സജീവ് കൂട്ടായ്മയിലാണ് ഈ അവാർഡുകൾ നാട്ടിലെത്തിയത്. ഇന്ന് വിക്രമാദിത്യനിലൂടെ വീണ്ടും ഒരു സംസ്ഥാന അവാർഡ് ഈ നാട്ടിലേക്ക് എത്തിക്കുമ്പോൾ ഇരട്ടിമധുരത്തിൽ സന്തോഷിക്കുകയാണ് സജ്ന. തന്റെ പുരസ്കാര, നൃത്ത വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
വിക്രമാദിത്യൻ എന്ന ആദ്യ ചിത്രത്തിൽ തന്നെ അവാർഡ്
വിക്രമാദിത്യൻ എന്നത് എന്റെ പേരിൽ ഔദ്യോഗികമായി നൃത്ത സംവിധാനം ചെയ്ത ചിത്രമാണ്. അതിനുമുമ്പ് കുറേ സിനിമകളിൽ ചെറിയ ചെറിയ ഭാഗങ്ങൾ ഞാൻ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദാണ്ഡിയ കൊറിയോഗ്രാഫ് ചെയ്‌ത ഭാഗമാണ് അവര്‍ അവാര്‍ഡിന് പരിഗണിച്ചത്. അന്ന് ദാണ്ഡിയ കമ്പോസ് ചെയ്തപ്പോള്‍ തന്നെ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞിരുന്നു. എന്നാൽ ഒരു അവാർഡ് കിട്ടുമെന്നൊന്നും ഒരിക്കലും വിചാരിച്ചിട്ടില്ല. അവാർഡിന് പോകുമെന്ന് പോലും കരുതിയിരുന്നില്ല. സത്യം പറഞ്ഞാൽ അവാർഡ് അറിയച്ചപ്പോൾ ഞാൻ അമ്പരന്നുപോയി.
ഡാൻഡ് പഠിച്ചിട്ടില്ല
ഞാൻ ഡാൻസ് പഠിച്ചത് എവിടെ നിന്നാണെന്ന് ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്. ഞാൻ അടിസ്ഥാനമായി ഡാൻഡ് പഠിച്ചിട്ടില്ല. എനിക്ക് ഡാൻസിൽ ഗുരുക്കൻമാരില്ല. കുട്ടിക്കാലത്ത് തന്നെ ഡാൻസ് നന്നായി കളിക്കുമായിരുന്നു. എന്നാൽ ഡാൻസ് പഠിപ്പിക്കാൻ കൊണ്ടാക്കുമ്പോൾ ഞാൻ കരയുമായിരുന്നു. അതുകാരണം അതുമതിയാക്കി.
എന്റെ ഗ്രാന്റ് ഫാദറിന് ചിറയിൻകീഴ് സ്വന്തമായി രണ്ട് തിയറ്റേറുകളുണ്ടായിരുന്നു. ഖദീജയും സജ്നയും. ഈ തിയറ്ററുകളിൽ എന്നെ കുഞ്ഞിലെ തന്നെ സിനിമ കാണാൻ അച്ഛൻ കൊണ്ടുപോകുമായിരുന്നു. അവിടെ പാട്ടുരംഗങ്ങൾ വരുമ്പോൾ ഡാൻഡ് ചെയ്യുമായിരുന്നു. നമ്മുടെ സ്വന്തം തിയറ്റർ കൂടി ആയതിനാൽ ഡാൻസ് ചെയ്യാൻ യാതൊരു മടിയും ഉണ്ടായിരുന്നില്ല. അങ്ങനെ ഡാൻസ് കളിച്ച് കളിച്ച് അത് കൊറിയോഗ്രാഫിയിലേക്ക് എത്തിച്ചേരുകയായിരുന്നു.
ക്ലാസിക്കൽ ഡാൻസ് ചെയ്യുമോ?
പക്ക ക്ലാസിക്കൽ ഡാൻസ് ചെയ്യാൻ പറഞ്ഞാൽ എനിക്ക് അറിയില്ല. ഞാൻ ചെയ്തിട്ടില്ല. എന്നാൽ സെമിക്ലാസിക്കൽ കൊറിയോ ഗ്രാഫികൾ ഞാൻ കുറേയധികം ചെയ്തിട്ടുണ്ട്. അത് കണ്ടിട്ട് നിരവധി ആളുകൾ പ്രശംസിച്ചിട്ടുമുണ്ട്. പിന്നെ നമുക്ക് അറിയാത്ത കാര്യങ്ങൾ പഠിച്ചെടുത്ത് കൂടുതൽ ശ്രദ്ധയോടെ അവതരിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതിനാൽ ഏത് തരത്തിലുള്ള ഡാൻസ് ആണെങ്കിലും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്.
എം എ റഷീദിന്റെ ചെറുമകൾ
വയലാർ രാമവർമ്മയുടെ ആദ്യചിത്രം, പ്രേം നവാസ്, അംബിക എന്നിവരുടെ ഒക്കെ ആദ്യചിത്രമായ കൂടെപിറപ്പ് ഇതിന്റെ നിർമാതാവായിരുന്നു എം എ റഷീദ്. പ്രേം നസീറിന്റെ നാടായ ചിറയിൻകീഴിൽ ആദ്യകാലത്തുണ്ടായിരുന്ന സജ്ന, ഖദീജ എന്നീ രണ്ട് തിയറ്ററുകളുടെയും ഉടമയായിരുന്നു. അദ്ദേഹം സിനിമാരംഗത്തുണ്ടായിരുന്നത് തന്നെയാണ് തന്നെ സിനിമാരംഗത്ത് കൂടുതൽ ബന്ധങ്ങളുണ്ടാക്കാനും ആ മേഖലയിലേക്ക് അടുപ്പിക്കാനും സഹായിച്ചത്.
പ്രേംനസീറുമായുള്ള ബന്ധം
നമ്മുടെ നാട് അറിയപ്പെടുന്നത് തന്നെ പ്രേംനസീർ എന്ന മഹാനടന്റെ പേരിലാണ്. നസീറിന്റെ കുടുംബവുമായി നമുക്ക് അടുത്ത ബന്ധമാണുള്ളത്. ഇപ്പോഴത്തെ തലമുറയിൽ കുറേ ഗ്യാപ്പുകൾ വന്നിട്ടുണ്ടെങ്കിലും വളരെ അടുത്ത ബന്ധത്തിലുള്ള കുടുംബമാണെന്ന് എനിക്ക് അറിയാം. പ്രേംനസീറാണ് ചിറയിൻകീഴ് പണ്ടകശാലയിലെ സജ്ന എന്ന ഞങ്ങളുടെ തിയറ്റർ ഉദ്ഘാടനം ചെയ്തത്. ഖദീജ തിയേറ്ററിൽ നിത്യ സന്ദർശകനായിരുന്നു അദ്ദേഹം.
കുടുംബം സപ്പോർട്ടീവാണ്
എന്റെ ഹസ്ബന്റ് നജാം, രണ്ട് പെൺകുട്ടികളാണ് നീമ നജാം , റിയ നജാം എന്നിവരാണ്. ഹസ്ബന്റ് വളരെ സപ്പോർട്ട് ചെയ്യാറുണ്ട്. എന്റെ കുടുംബം പണ്ടുമുതൽക്ക് തന്നെ സിനിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഡാൻസ് രംഗത്തേക്ക് തിരിക്കാൻ കൂടുതൽ ആലോചിക്കേണ്ടി വന്നിട്ടില്ല. ചില ബന്ധുക്കൾക്കൊക്കെ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ ഞാൻ തയ്യാറായിരുന്നില്ല.
മലയാളി നർത്തകരെ കൂടുതൽ പേർ പരിഗണിക്കുന്നു
കേരളത്തിന് പുറത്ത്, പ്രത്യേകിച്ച് ബാംഗ്ലൂർ പോലെയുള്ള നഗരങ്ങളിൽ മലയാളി നർത്തകരെ അംഗീകരിക്കാനും അവരെ കൊറിയോഗ്രാഫി ഏൽപിക്കാനും ആരും തയാറാകുമായിരുന്നില്ല. മിക്കവാറും അവാർഡുകൾ കിട്ടുന്നതും തമിഴ് കൊറിയോഗ്രാഫേഴ്സാണ്. ഈ അടുത്തകാലത്താണ് ആ ട്രെൻഡ് അൽപമൊന്ന് മാറിതുടങ്ങിയത്. ഞാനും ഇപ്പോൾ നിരവധി പ്രോഗ്രാമുകൾക്ക് ബാംഗ്ലൂരിൽ കൊറിയോഗ്രാഫ് ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഈ അവാർഡ് ഡാൻസിനെ സ്നേഹിക്കുന്ന എല്ലാ കൊറിയോഗ്രാഫർമാർക്കും പ്രചോദനമാണ്. എനിക്ക് കിട്ടുന്ന സന്ദേശങ്ങളിലൂടെയും അഭിനന്ദന പ്രവാഹത്തിലൂടെയും അതാണ് മനസ്സിലാകുന്നത്.
പുതിയ പ്രോജക്ടുകൾ
അടുത്ത മാസം ചിലപ്പോൾ സിദ്ദിഖ് സാറിന്റെ ഒരു ചിത്രത്തിന്റെ ഭാഗമായേക്കും. എന്നാൽ പൂർണമായും അത് കൺഫേം ആയിട്ടില്ല. കൂടുതൽ സ്റ്റേജ് ഷോകൾ തന്നെയാണ് ചെയ്യുന്നത്. കെ എൽ 10 പത്താണ് അവസാനം ചെയ്യുന്നത്. കുറേ സിനിമകൾ വരുന്നുണ്ട്. എന്നാൽ എല്ലാ പ്രോജക്ടുകളും എടുക്കുന്നില്ല. കുറച്ച് സിലക്റ്റീവാകാനാണ് എനിക്ക് ആഗ്രഹം. അങ്ങനെ തന്നെ മുന്നോട്ട് പോകുന്നു.