സോഷ്യൽമീഡിയയിൽ തനിക്കെതിരെ വരുന്ന അശ്ലീല കമന്റുകൾക്കെതിരെ രൂക്ഷവിമർശനവുമായി നടി സാധിക വേണുഗോപാൽ. തന്റെ ഫെയ്സ്ബുക്ക് ഇൻബോക്സിലൂടെ നിരന്തരം മോശമായ പോസ്റ്റും അശ്ലീല പ്രസംഗവും നടത്തുന്നവർക്കെതിരെയായിരുന്നു നടിയുടെ പ്രതികരണം. വനിതാദിനത്തിലാണ് ഇത് പറയാൻ അനുയോജ്യമായ ദിവസമെന്നും പെണ്ണിന്റെയും കുഞ്ഞിന്റെയും മാനത്തിനു വിലപറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്ന ഏവർക്കും അപമാനിതരായ സഹോദരിമാരുടെ ചോരയിൽകുളിച്ച വനിതാദിന ആശംസകളെന്നും അറിയിച്ചാണ് സാധിക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
സാധികയുടെ കുറിപ്പ് വായിക്കാം–
വളരെ വിഷമത്തോടെയാണ് ഞാനിതു എഴുതുന്നത്. ലൈക്സ് വാരികൂട്ടാനല്ല ഞാനിങ്ങനെ ഒരു പേജ് തുടങ്ങിയത്. എന്റെ ജോലിയുടെ ഒരു പ്രമോഷൻ അതു നിങ്ങളിലേക്കെത്തിക്കാൻ, എന്റെ ആശയങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ഒരുപാധി അത്രെയേ ഇതുകൊണ്ടു ഉദ്ദേശിച്ചിട്ടുള്ളൂ. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻബോക്സിൽ വരുന്ന മെസ്സേജ്സ് , ഫോട്ടോ കമന്റ്‌സ് ഒക്കെ കാണുമ്പോൾ ഇതു പറയാതിരിക്കാൻ തോന്നുന്നില്ല.
ഇന്നു മാർച് 8 ലോകവനിതാദിനം ഇതാണ് ഏറ്റവും അനുയോജ്യമായ ദിവസം എന്ന് കരുതുന്നു. ഈ പേജിൽ 32 മില്യൺ ലൈക്സ് ഉണ്ട്. ഇതിൽ പകുതിയിൽ കൂടുതലും ഒരു പെണ്ണായതുകൊണ്ടും ഫോട്ടോസിടുന്നതുകൊണ്ടും ഒക്കെ ലൈക് ചെയ്യുന്നവരാണ്.
ഇന്ന് ഞാൻ സാധിക പറയുന്നു, അമ്മയെയും പെങ്ങളെയും ഭാര്യയെയും മകളെയും തിരിച്ചറിയുന്ന വകതിരിവുള്ള ആണുങ്ങൾ മാത്രം മതി എന്റെ ഈ പേജിൽ അല്ലാത്തവർക്ക് ഡിസ്‌ലൈക് ച്ചെയ്തു പോകാം. പെണ്ണിനെ അവൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെയും അവൾ ചെയ്യുന്ന തൊഴിലിന്റെയും മാന്യത നോക്കി അവൾക്കു വിലയിടുന്ന, പിഞ്ചു കുഞ്ഞുങ്ങളെ പോലും കഴുകൻ കണ്ണുകൾവച്ചു നോക്കി സദാചാരം പ്രസംഗിക്കുന്ന, ഫോട്ടോയിൽ അഭിപ്രായം ഇടുമ്പോൾ മറ്റുള്ളവർ കാണുമെന്നു ഭയന്ന് ഫോട്ടോയെ കുറ്റപെടുത്തി ഇൻബോക്സിൽ വന്നു കൂടെകിടക്കാൻ എന്തു തരണം എന്നു ചോദിക്കുന്ന ഒരു സദാചാര വാദിയെയും ഈ പേജിലാവശ്യമില്ല.
എന്നെ ഞാനെന്താണെന്നറിഞ്ഞു മനസിലാക്കി കൂടെ നിൽക്കുന്ന കുറച്ചു സഹോദരന്മാരും സ്നേഹിതരും മകളുടെ സ്ഥാനത്തുനിന്ന് നോക്കികാണുന്നവരും മാത്രം മതി ഇവിടെയെന്നു വളരെ സ്നേഹപൂർവ്വം അറിയിക്കുന്നു. മറ്റുള്ളവർക്ക് സ്വമേധയാ ഡിസ്‌ലൈക്ക് ചെയ്യാവുന്നതാണ്. അതിന്റെപേരിൽ ഈ പേജിലെ ലൈക്സിന്റെ എണ്ണം കുറഞ്ഞാൽ ഞാനങ്ങു സഹിക്കും.
പെണ്ണിന്റേം കുഞ്ഞിന്റേം മാനത്തിനു വിലപറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്ന ഏവർക്കും അപമാനിതരായ സഹോദരിമാരുടെ ചോരയിൽകുളിച്ച വനിതാദിന ആശംസകൾ !!!!
സ്നേഹപൂർവം സാധികവേണുഗോപാൽ