‘മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടന്‍ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി'

മലയാളത്തിന്റെ പ്രിയതാരം കലാഭവൻ മണി ഓർമയായിട്ട് ഒരു വർഷം പിന്നിടുന്നു. എന്നാൽ മണിയുടെ ഓർമകൾ ഇപ്പോഴും പ്രേക്ഷകഹൃദങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. നടന്‍ സലിം കുമാര്‍ മണിയെ കുറിച്ചുള്ള ചില ഓര്‍മകള്‍ പങ്കുവയ്ക്കുകയുണ്ടായി. മഴവിൽ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സര്‍ക്കസ് എന്ന പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ചില വേദനിപ്പിക്കുന്ന വസ്തുതകൾ അദ്ദേഹം വെളിപ്പെടുത്തിയത്.

മണിക്ക് മഹാനാകാന്‍ ഒന്ന് മരിക്കേണ്ടി വന്നു എന്നാണ് കോമഡി സര്‍ക്കസിലെത്തിയപ്പോള്‍ സലിം കുമാര്‍ പറഞ്ഞത്. ‘മണിയെ തലകറങ്ങി വീഴ്ത്താന്‍ മുൻകൈ എടുത്ത ഒരു നടന്‍, അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റിസള്‍ട്ട് പ്രഖ്യാപിയ്ക്കുന്ന ദിവസം ഒരു വിഡ്ഢി എന്ന രീതിയില്‍ കളിയാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ്.

മണി, നീയെന്നെ ഓവർ ടേക്ക് ചെയ്തു കളഞ്ഞു: സലിം കുമാർ

ഇത്രയൊക്കെ ക്രൂരത മണിയോട് കാണിച്ചിട്ട്, മണി മരിച്ചു കഴിഞ്ഞപ്പോള്‍, മണി ഞങ്ങളിലൂടെ ജീവിയ്ക്കുന്നു എന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഒരു നാണമാണ് നമുക്കൊക്കെ തോന്നുന്നത്– സലിം കുമാര്‍ പറഞ്ഞു.

പരിപാടിയുടെ പ്രമൊ വിഡിയോയില്‍ ആണ് ഇക്കാര്യങ്ങൾ പറയുന്നത്. പരിപാടിയിൽ സലിം കുമാറിനൊപ്പം നാദിര്‍ഷയും കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ചിത്രത്തിലെ നായകന്‍ വിഷ്ണുവും എത്തിയിരുന്നു. ഈ എപ്പിസോഡ് ഇന്ന് (മാര്‍ച്ച് 6) രാത്രി ഒമ്പത് മണിയ്ക്ക് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യും.