‘മുപ്പതുവർഷം മുൻപ് ഒരു മിമിക്രി കലാകാരനെ വച്ച് പത്മരാജൻ സിനിമ എടുക്കുന്നു എന്നറിഞ്ഞപ്പോൾ നേരിൽ പരിചയമില്ലാതിരുന്ന ആ കലാകാരനുവേണ്ടി അമ്പലത്തിൽ വഴിപാട് കഴിച്ചിട്ടുണ്ട്. മിമിക്രി കലാകാരന്മാർ അവഗണന നേരിടുന്ന സമയമായിരുന്നു അത്. അന്നത്തെ ആ കലാകാരനെ നായകനാക്കി ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യാൻ സാധിക്കുന്നത് നിയോഗമെന്നല്ലാതെ എന്തു പറയാൻ’. പറയുന്നത് സലിം കുമാർ. അന്നത്തെ ആ കലാകരൻ ജയറാം.
മിമിക്രി രംഗത്തെ പഴയ കലാകാരന്മാർ ഒത്തുചേരുന്ന സിനിമകൂടിയാണു സലിംകുമാർ സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈ തൊഴാം K.കുമാറാകണം’. ജയറാം നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നാദിർഷ.
പത്മരാജൻ അപരൻ എന്ന സിനിമ എടുക്കുന്ന കാലത്ത് സലിംകുമാർ കൊല്ലം ശാരിക നാടക ഗ്രൂപ്പിന്റെ ഭാഗമായ മിമിക്രി ഗ്രൂപ്പിലെ അംഗമാണ്.
‘മിമിക്രി താരമായിരുന്ന ജയറാം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നുവെന്നു കേട്ടപ്പോൾ അന്ന് ഒത്തിരി സന്തോഷം തോന്നി.
നാടകക്കാരൊക്കെ അന്ന് മിമിക്രിക്കാരെപ്പറ്റി അവഗണനയോടെ സംസാരിക്കുമായിരുന്നു. പത്മരാജനു ഭ്രാന്തുണ്ടോ എന്നുവരെ ചോദിച്ചവരുണ്ട്. മിമിക്രി രംഗത്ത് ഗുരുനാഥനായി കണ്ടിരുന്നയാളാണ് ജയറാം. ജയറാം സിനിമയിൽ വിജയിക്കാൻ വേണ്ടി പറവൂരിലെ കളരിക്കൽ അമ്പലത്തിൽ പോയി അന്ന് വഴിപാട് കഴിച്ചു’– സലിം കുമാർ പറഞ്ഞു.
ആൽവിൻ ആന്റണി, ഡോ. സഖറിയാ തോമസ്, ശ്രീജിത് രാമചന്ദ്രൻ എന്നിവർ ചേർന്നു നിർമിക്കുന്ന സിനിമയുടെ ചിത്രീകരണവും ഈരാറ്റുപേട്ടയിലാണ്.
അഭിനയമാണോ സംവിധാനമാണോ കൂടുതൽ തൃപ്തി?
അത് തീർച്ചയായും ക്രിയേഷനു തന്നെയാണ്. എന്നുവച്ച് അഭിനയത്തോടു യാതൊരു ഇഷ്ടക്കുറവുമില്ല. ക്രിയേഷനിലൂടെ ലഭിക്കുന്ന സംതൃപ്തി വളരെ കൂടുതലാണെന്നു മാത്രം.