Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സിനിമയിൽ അപ്പയ്ക്ക് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു; വികാരനിർഭരനായി കാളിദാസ് ജയറാം

kalidas-jayaram

സമുദ്രക്കനിയും എം പത്മകുമാറും ചേർന്ന് സംവിധാനം ചെയ്ത ജയറാം ചിത്രം ആകാശമിഠായി കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയിരുന്നു. മികച്ച അഭിപ്രായം നേടിയിട്ടും അര്‍ഹിച്ച അംഗീകാരം സിനിമയ്ക്ക് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം. അച്ഛന് ഏറെ പ്രതീക്ഷ ഉളള ചിത്രമായിരുന്നു ഇതെന്നും ആരാധകര്‍ക്ക് വേണ്ടത് പോലെ ഒരു തിരിച്ചുവരവാണ് ഇതിലൂടെ കണ്ടിരുന്നതെന്നും കാളിദാസ് പറഞ്ഞു.

‘ഒരു സിനിമയ്ക്ക് അത് അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകുന്നത് വളരെ സങ്കടകരമായ കാര്യമാണ്. ഈ ചിത്രത്തിന് അപ്പയ്ക്ക് എത്രത്തോളം പ്രതീക്ഷ ഉണ്ടായിരുന്നെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് പോലെ ലളിതമായതും നല്ലൊരു ചിത്രവുമായ ഇതിലൂടെ തിരിച്ചുവരവും അദ്ദേഹം പ്രതീക്ഷിച്ചതാണ്. എന്നാല്‍ പബ്ലിസിറ്റി ഇല്ലാത്തത് കൊണ്ട് മാത്രം തിയറ്ററില്‍ പ്രേക്ഷകരില്ല. കണ്ടവര്‍ക്കൊക്കെ ചിത്രം ഇഷ്ടപ്പെട്ടിട്ടുണ്ട്. ഞാനും ചിത്രം കണ്ടു, എനിക്കും നന്നായി ഇഷ്ടപ്പെട്ടു.’കാളിദാസ് പറയുന്നു.

‘ആകാശമിഠായി എല്ലാവരും കാണണം എന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത്. ഇതുപോലെ ഉളള ചിത്രങ്ങള്‍ ഇനിയും ഉണ്ടാകണമെങ്കില്‍ നിങ്ങള്‍ പ്രോത്സാഹിപ്പിക്കണം. പബ്ലിസിറ്റിയുടെ കുറവ് കൊണ്ട് മാത്രം ലളിതമായ ഇത്തരം ചിത്രങ്ങളെ മരിക്കാന്‍ അനുവദിക്കരുത്. വലിയ ചിത്രങ്ങള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ചെറിയ ചിത്രങ്ങളെന്നും ഓർമിക്കണം. അര്‍ഹിച്ച അംഗീകാരം കിട്ടുന്ന ചിത്രമാകും ഇതെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’–കാളിദാസ് കുറിച്ചു

സമുദ്രക്കനി കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത് ഗിരീഷ് കുമാറാണ്. സമുദ്രക്കനിക്കൊപ്പം എം.പത്മകുമാറും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാലിക പ്രസക്തമായ വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നത്. ജനിക്കാന്‍ പോകുന്ന കുട്ടികളെക്കുറിച്ചുള്ള മതാപിതാക്കളുടെ കണക്കുകൂട്ടലുകളും മക്കളുടെ വിദ്യാഭ്യാസവും ചിത്രം ചര്‍ച്ച ചെയ്യുന്നു. വിദ്യാഭ്യാസ കച്ചവടത്തിന് ഇരയാക്കപ്പെടുന്ന കുട്ടികളിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. ജയറാമിനൊപ്പം ശക്തമായ കഥാപാത്രമായി കലാഭവന്‍ ഷാജോണും എത്തുന്നു.