ധ്രുവങ്ങൾ പതിനാറിലെ യഥാർത്ഥ കൊലയാളി!

സോഷ്യൽമീഡിയയിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം പ്രശംസനേടിയ ചിത്രമായിരുന്നു 22 കാരനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ധ്രുവങ്ങൾ പതിനാറ്. തന്റെ ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരെ ഞെട്ടിച്ച കാര്‍ത്തിക് ചിത്രത്തിൽ നായകനാക്കിയത് മലയാളത്തിന്റെ പ്രിയതാരം റഹ്മാനെയും.

അൻപതുകളിലെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ടാണു ചിത്രത്തിൽ റഹ്മാൻ അഭിനയിച്ചത്. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ കാലിനു പരുക്കേറ്റു. വിശ്രമജീവിതത്തിനിടെ ആ കേസിനാസ്പദമായ സംഭവം, അഞ്ചു വർഷത്തിനു ശേഷം വീണ്ടും ഓർത്തെടുക്കുന്നതാണ് കഥ. നോണ്‍ ലീനിയര്‍ സ്വഭാവത്തില്‍ കഥ പറയുന്ന ക്രൈം ഡ്രാമയായിരുന്നു ചിത്രം.

ചിത്രത്തിൽ മാസ്ക് ധരിച്ചെത്തുന്ന ഭീകരനായൊരു കൊലയാളിയെ കാണിക്കുന്നുണ്ട്. റഹ്മാന്റെ ഓർമയിൽ ഓർത്തെടുക്കുന്നതാണ് ഈ കഥാപാത്രം. ഇപ്പോഴിതാ ഈ കഥാപാത്രത്തെ അവതരിപ്പിച്ച താരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

ശിവറാം രാമനാഥൻ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഈ സിനിമയിൽ അസോഷ്യേറ്റ് ഡയറക്ടർ കൂടിയായിരുന്നു ശിവറാം.

2016ലെ ഏറ്റവും മികച്ച തമിഴ് ക്രൈം ത്രില്ലർ’ എന്നാണു കാർത്തികിന്റെ ആദ്യ ചിത്രമായ ധ്രുവങ്ങൾ പതിനാറെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന പ്രശംസ. സാൾട് ആൻഡ് പെപ്പർ ലുക്കിലെത്തിയ റഹ്മാന്റെ അഭിനയപ്രകടനവും ചിത്രത്തെ വേറിട്ട് നിർത്തി. ജെയ്ക്സ് ബിജോയ്‌ ആണു പശ്ചാത്തലസംഗീതം ഒരുക്കിയത്. സുജിത് സാരംഗിന്റേതാണു ക്യാമറ, ശ്രീജിത് സാരംഗ്-എഡിറ്റിങ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പുറത്തിറങ്ങിയ ലോ ബഡ്ജറ്റ് ചിത്രങ്ങളിൽ ഏറ്റവമുധികം ലാഭമുണ്ടാക്കിയ സിനിമകൂടിയാണ് ധ്രുവങ്ങൾ പതിനാറ്.