ജേക്കബ് നിവിൻ പോളിയല്ല; അതു മറ്റൊരാൾ

‘ജേക്കബിന്റെ സ്വർഗരാജ്യ’ത്തിന്റെ ഷൂട്ടിങ് പ്ലാനിങ് നടക്കുമ്പോൾ സംവിധായകൻ വിനീത് ശ്രീനിവാസൻ കൂട്ടുകാരോടു പറഞ്ഞു. 45 ദിവസം ദുബായിലാണു ചിത്രീകരണം. ഇതൊരു ഫാമിലി സബ്ജക്ടാണ്. കഴിയുമെങ്കിൽ നമുക്കൊരു ഫാമിലി റീ യൂണിയനും പ്ലാൻ ചെയ്യണം. ദുബായിലെ ഏറ്റവും നല്ല കാലാവസ്ഥയാണു നവംബർ– ഡിസംബർ. പകൽ പോലും വലിയ ചൂടില്ല.

വിനീത് വിചാരിച്ചതുപോലെ ദുബായിലെ ചിത്രീകരണം നടന്നു. 42 ദിവസം പ്ലാൻ ചെയ്ത ഷൂട്ടിങ് മുപ്പത്തിയൊൻപതാം ദിവസം തീർന്നു. ന്യൂ ഇയറിനു മൂന്നു ദിവസം മുൻപു വിനീതും ദിവ്യയും നിവിനും റിന്നയും അജുവും അഗസ്റ്റീനയും ജോമോനും ആൻഅഗസ്റ്റിനുമെല്ലാം ഒത്തുകൂടി. മാരിയറ്റ് ഹോട്ടലിൽ ആഘോഷം അടിച്ചുപൊളിച്ചു.

‘‘ ദുബായിലെ ചിത്രീകരണം ശരിക്കും ഒരനുഭവമായിരുന്നു. നമ്മൾ നേരത്തെ സ്ക്രിപ്റ്റ് ഇംഗ്ലിഷിലാക്കി നൽകണം. അനുമതി ലഭിച്ചാൽ പിന്നെ നല്ല സഹകരണമാണ്. ഞങ്ങൾക്കു ദുബായ് വിമാനത്താവളത്തിലെ ടെർമിനലിനു മൂന്നിൽ ഒരു പകൽ മുഴുവൻ ഷൂട്ട് ചെയ്യാൻ കഴിഞ്ഞു. ഇവിടെ നിന്നു പോകുമ്പോൾ ഞങ്ങൾക്ക് ഒരുറപ്പുമില്ലായിരുന്നു. മെട്രോ സ്റ്റേഷനിലും ഷൂട്ട് ചെയ്തു. ഷൂട്ടിങ് നടക്കുമ്പോൾ സ്റ്റേഷന്റെ ചുമതലക്കാരിയായ അറബ് വനിത ഞങ്ങളെ വന്നു കണ്ട് ഇവിടുത്തെ മലയാളി സ്റ്റാഫെല്ലാം നിങ്ങളെക്കണ്ടു വളരെ സന്തോഷത്തിലാണ്.

എന്തു സഹായം വേണമെങ്കിലും പറയണമെന്നു പറഞ്ഞു. ആകെ ഒരു പ്രശ്നം നമ്മുടെ ആർട്ടിസ്റ്റുകൾക്കു ദുബായിലെ ലൈസൻസില്ലാതെ കാറോടിക്കാൻ പറ്റില്ല എന്നതാണ്. ലോഫ്ലോർ ലോറിയിൽ കാർ കയറ്റി അതിൽ ഡ്രൈവിങ് സീറ്റിലിരുത്തിയാണ് അത്തരം രംഗങ്ങൾ ഷൂട്ട് ചെയ്തത്. തിരക്കുള്ള സ്ഥലങ്ങളിൽ പൊലീസിന്റെ സഹായവും ലഭിച്ചു. ’’– വിനീത് പറഞ്ഞു.

യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ആദ്യ സിനിമയാണിത്. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻപോളി നായകനായതുകൊണ്ടു ജേക്കബ് നിവിനാണെന്നു ചിലരെങ്കിലും കരുതുന്നുണ്ട്. എന്നാൽ, രഞ്ജിപണിക്കരുടെ കഥാപാത്രമാണു ജേക്കബ്. ജേക്കബിന്റെ മൂത്തമകനായാണു നിവിൻ സിനിമയിൽ. ‘‘ഗൾഫിലെ മലയാളിയുടെ ജീവിതവും നാട്ടിലെ മലയാളിയുടെ ജീവിതവും വളരെ വ്യത്യസ്തമാണ്. രണ്ടു പേരും നേരിടുന്ന പ്രശ്നങ്ങളും വ്യത്യസ്തമാണ്. എന്റെ ഒരു കൂട്ടുകാരന്റെ കുടുംബത്തിനു നേരിട്ട പ്രശ്നങ്ങളാണ് ഈ സിനിമ. പിന്നീട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പലരും സമാനമായ പ്രശ്നങ്ങൾ നേരിട്ടവരാണെന്നു കണ്ടു ’’– വിനീത് ചൂണ്ടിക്കാട്ടി.

വിനീത് ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബ് ചെയ്യാനൊരുങ്ങുമ്പോൾ അജുവർഗീസ് തന്നെ ഈ സിനിമയിൽ അസിസ്റ്റന്റ് ആക്കാമോ എന്നു വിനീതിനോടു ചോദിക്കണം എന്നു പ്ലാനിട്ടിരുന്നു. എന്നാൽ, വൈകാതെ വിനീത്, അജുവിനെ നീ ഈ സിനിമയുടെ ഓഡിഷനു വരാൻ വിളിച്ചു. പിന്നെയുള്ളതു ചരിത്രം. സിനിമ പലതു കഴിഞ്ഞപ്പോൾ അജു തന്റെ ആവശ്യം മുന്നോട്ടു വച്ചു. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ സഹസംവിധായകനായി കൂട്ടുക.

പക്ഷേ, ശരിക്കും പണി കിട്ടിയത് അജുവിനാണ്. രാവിലെ മുതൽ രാത്രി വരെ തിരക്കോടു തിരക്ക്. രാത്രി മുറിയിലെത്തിയാൽ എഡിറ്റർക്കു നൽകാനുള്ള കുറിപ്പുകൾ തയാറാക്കുക. ഷാർജയിൽ പലയിടത്തുമായി ഷൂട്ടിങ് നടന്നിടത്തൊക്കെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ചുമതലയും അജുവിനായിരുന്നു.

അജു സഹസംവിധായകനാണോ എന്നൊന്നും ആളുകൾക്കറിയില്ലല്ലോ? തിരക്കു നിയന്ത്രിക്കാൻ ചെല്ലുമ്പോൾ ആളുകൾക്കു സെൽഫിയെടുക്കണം. എന്തായാലും ഷൂട്ടിങ് കഴിഞ്ഞപ്പോൾ അജു ഒരു കാര്യം വിനീതിനോടു തുറന്നു പറഞ്ഞു : ‘‘ അളിയാ റെ‍ഡി എന്നു പറയുമ്പോൾ വന്ന് അഭിനയിക്കുന്നതിലും എത്രയോ കഠിനമാണു ടെക്നീഷ്യൻമാരുടെ ജോലി. നമിച്ചിരിക്കുന്നു. എനിക്കു നിന്നോടുള്ള ബഹുമാനം ഇരട്ടിയായി ’’പഴയ കൂട്ടുകാരുടെ കൂട്ടായ്മ അഭിനയത്തിലും സംവിധാനത്തിലും മാത്രമല്ല, നിർമാണത്തിലുമുണ്ട്. വിനീതിന്റെ കോളജിലെ സഹപാഠി നോബിളാണു ചിത്രത്തിന്റെ നിർമാതാവ്. ഏപ്രിലിലാണു ചിത്രത്തിന്റെ റിലീസ്.