ക്ലിന്റ് എന്ന വിസ്മയം; റിവ്യു

എഡ്മണ്ട് തോമസ് ക്ലിന്റ്- നിറങ്ങളുടെ രാജകുമാരൻ. ഭൂമിയിൽ ജീവിച്ച 2500 ദിവസങ്ങൾക്കുള്ളിൽ 25000 ത്തോളം ചിത്രങ്ങൾ വരച്ചുകൂട്ടി അകാലത്തിൽ പൊലിഞ്ഞ ‌വിസ്മയ പ്രതിഭ. അധികമാരും അറിയാതെപോയ ആ ക്ഷണികജീവിതം ഒന്നുകൂടി പകർന്നാടാനായി, നിറങ്ങളുടെ രാജകുമാരൻ പുനർജനിക്കുകയാണ് 'ക്ലിന്റ്' എന്ന ചിത്രത്തിലൂടെ. ഹൃദയഹാരിയായ അഭിനയമുഹൂർത്തങ്ങൾ നിറഞ്ഞ അതിഭാവുകത്വങ്ങളില്ലാത്ത ഈ കൊച്ചുചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഹരികുമാറാണ്. 

ക്ലിന്റ് ആയി വെള്ളിത്തിരയിലെത്തുന്നതു തൃശൂർ സ്വദേശി മാസ്റ്റർ അലോക്. ഹൃദ്യവും സൂക്ഷ്മവുമായ അഭിനയമാണ് മാസ്റ്റർ അലോക് കാഴ്ച വച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് ക്ലിന്റിന്റെ മാതാപിതാക്കളായി എത്തുന്നത്. വാണിജ്യ സിനിമകളിൽ മാത്രം തളയ്ക്കപ്പെട്ടിരുന്ന ഉണ്ണി മുകുന്ദനിലെ അഭിനേതാവിനെ കണ്ടെത്തുകയാണ് ചിത്രം. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടങ്ങളിൽ ഒന്നായി ക്ലിന്റിലെ അച്ഛൻവേഷം വിലയിരുത്തപ്പെടും. റിമ ഇതിനുമുൻപും അമ്മവേഷങ്ങൾ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ക്ലിന്റിലും ആ പ്രകടനം തുടരുന്നു.

സലിം കുമാർ, കെപിഎസി ലളിത, ജോയ് മാത്യു, രഞ്ജി പണിക്കർ, വിനയ് ഫോർട്ട് എന്നിവർക്കൊപ്പം ബാലതാരങ്ങളായ അക്ഷര, രുദ്ര, നക്ഷത്ര, ദ്രുപത്, അമിത്, അമർ എന്നിവരും അഭിനയിക്കുന്നു. യഥാർഥ ക്ലിന്റിന്റെ മാതാപിതാക്കളായ മുല്ലപ്പറമ്പിൽ തോമസ് ജോസഫും ചിന്നമ്മയും സിനിമയുടെ ഒരു ഭാഗത്ത് അവരായി തന്നെ അഭിനയിക്കുണ്ട്. 

മൂന്നു വർഷത്തോളം നീണ്ട തയാറെടുപ്പുകൾക്കൊടുവിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിനു ഹരികുമാറും കെ.വി. മോഹന‍കുമാറും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മധു അമ്പാട്ട്(ഛായാഗ്രഹണം), ഇളയരാജ(സംഗീതം), നേമം പുഷ്പരാജ്(കലാ സംവിധാനം), പ്രഭാവർമ(ഗാനരചന), പട്ടണം റഷീദ്(ചമയം), സമീറ സനീഷ് (വസ്ത്രാലങ്കാരം) എന്നിങ്ങനെ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകരുടെ നിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

ആദ്യ പകുതിയിൽ നിറയുന്ന സന്തോഷവും രണ്ടാം പകുതിയിൽ നിറയുന്ന വിഷാദവും പ്രേക്ഷകനിലേക്ക് പ്രതിഫലിപ്പിക്കുന്നതിൽ പശ്ചാത്തലസംഗീതം വഹിക്കുന്ന പങ്ക് ചെറുതല്ല. ശ്രേയ ഘോഷാൽ പാടിയ 'ഓളത്തിന് മേളത്താൽ' എന്ന ഗാനം ഇപ്പോൾത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

ചിത്രം കഥ പറയുന്ന 1970- 80 കാലഘട്ടം സൂക്ഷ്‌മമായി ചിത്രത്തിൽ പുനർനിർമിച്ചിട്ടുണ്ട്. ക്ലിന്റിന്റെ മാതാപിതാക്കളുടെ യൗവനവും വാർധക്യവും കാണിക്കുന്ന രണ്ടു ഗെറ്റപ്പുകളിൽ റിമയും ഉണ്ണിയും എത്തുന്നുണ്ട്.  'മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്തു നിർത്തിയിരിക്കുന്നത്' എന്ന ഈച്ചരവാര്യരുടെ (അടിയന്തരാവസ്ഥ കാലത്തു കസ്റ്റഡി മരണം വരിച്ച രാജന്റെ അച്ഛൻ) ഹൃദയഹാരിയായ വാക്കുകൾ ചിത്രത്തിൽ പരാമർശിക്കുന്നത് ശ്രദ്ധേയമാണ്. അകാലത്തിൽ പിരിഞ്ഞു പോയ മകന്റെ അഭാവം അച്ഛനമ്മമാരിലുണ്ടാക്കുന്ന ശൂന്യത ഹൃദയസ്പർശിയായി ദൃശ്യവത്‌കരിച്ചുകൊണ്ടാണ് ചിത്രം പരിസമാപിക്കുന്നത്. 

കണ്ണുകളെ ഈറനണിയിക്കുമെങ്കിലും ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും ഹൃദയത്തിന്റെ ഒരുകോണിൽ നിറക്കൂട്ടുകളുമായി പുഞ്ചിരിച്ചു കൊണ്ടു ക്ലിന്റ് നിൽപ്പുണ്ടാകും. വാണിജ്യ സിനിമകളുടെ കുത്തൊഴുക്കിൽ 'ക്ലിന്റ്' പോലെയുള്ള ചെറുചിത്രങ്ങൾ ഒലിച്ചുപോകാതിരിക്കേണ്ടത് നല്ല സിനിമകളെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകന്റെയും കൂടി കടമയാണ്.