Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവർ വിവാഹിതരായാൽ! ; ബോബി റിവ്യു

bobby-movie-review

സച്ചിൻ തെൻഡുൽക്കർ, അഭിഷേക് ബച്ചൻ, ധനുഷ്...ഇവർ മൂവരെയും ബന്ധിപ്പിക്കുന്ന ഒരു കാര്യമുണ്ട്! എന്താണെന്നോ? മൂവരും തന്നെക്കാൾ പ്രായമുള്ള ആളെയാണ് ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. എന്നിട്ടും ആ മൂന്നു ദമ്പതികളും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നു.

കേരളത്തിലും, പുതുതലമുറയിൽ, വിവാഹത്തിന്റെ കാര്യത്തിൽ, പുരോഗമനപരമായ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട് എന്നതിന്റെ പ്രതിഫലനമാണ് ബോബി എന്ന ചിത്രം. പക്വതയില്ലാത്ത ഇരുപത്തൊന്നുകാരനും ഏറെ ജീവിതാനുഭവങ്ങളുടെ പക്വതയുള്ള ഇരുപത്തെട്ടുകാരിയും വിവാഹം കഴിച്ചാൽ ഉണ്ടാകുന്ന സംഭവങ്ങളെ നർമത്തിൽ പൊതിഞ്ഞു അവതരിപ്പിക്കുകയാണ് ബോബി.

ദൈവവിളി ലഭിക്കാതെ, കുടുംബസാഹചര്യങ്ങൾ മൂലം സെമിനാരിയിൽ എത്തപ്പെടുന്ന നായകൻ. 'നല്ല സ്വഭാവ സർട്ടിഫിക്കറ്റിന്റെ' പേരിൽ അയാളും കൂട്ടുകാരും സെമിനാരിയിൽ നിന്നും പുറത്താക്കപ്പെട്ട് മൂന്നുവഴിക്ക് പിരിയുന്നു. യാദൃശ്ചികമായി കണ്ടുമുട്ടുന്ന തന്നെക്കാൾ ഏഴു വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പ്രേമിക്കുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ അവർക്ക് വിവാഹിതരാകേണ്ടി വരുന്നു. തുടർന്നുണ്ടാകുന്ന വഴിത്തിരിവുകളിലൂടെയാണ് ബോബി കഥ പറയുന്നത്.  

Bobby Film Official Trailer HD | Niranj | Miya | Aju Varghese | New Malayalam Film

മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് ബോബി. ഇതിനു മുൻപ് ബ്ലാക്ക് ബട്ടർഫ്‌ളൈസ് എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ നിരഞ്ജ് അവതരിപ്പിച്ചിരുന്നു. രണ്ടാമത്തെ ചിത്രമാണെങ്കിലും അമിതനാട്യങ്ങളൊന്നുമില്ലാതെ തരക്കേടില്ലാത്ത പ്രകടനമാണ് നിരഞ്ജ് കാഴ്ചവച്ചിരിക്കുന്നത്. നായികയായി മിയ പക്വമായ അഭിനയം ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നു.അജു വർഗീസ്, പാഷാണം ഷാജി, ഷമ്മി തിലകൻ, ധർമജൻ ബോൾഗാട്ടി തുടങ്ങിയരാണ് മറ്റ് അഭിനേതാക്കൾ. 

ചിത്രത്തിന്റെ ആദ്യഭാഗത്ത് മനോഹരമായ ഫ്രയിമുകൾ കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട് ചിത്രം. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിന്റെ റോൾ ഏറ്റെടുക്കുന്നത് പാഷാണം ഷാജിയാണ്. അജു വർഗീസ്, ധർമജൻ എന്നിവർ കുറച്ചുനേരത്തേക്ക് ചിത്രത്തെ സജീവമാക്കി നിർത്തുന്നു. പരുക്കനായ അച്ഛൻ കഥാപാത്രത്തെയാണ് ഷമ്മി തിലകൻ അവതരിപ്പിക്കുന്നത്. വൈകാരിക രംഗങ്ങളിൽ തിലകന്റെ മാനറിസങ്ങളും ഷമ്മിയിൽ മിന്നിമായുന്നത് കാണാം.

ഷെബി ചൗഘട്ട് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സഗീർ ഹൈദ്രോസാണ്. പ്രശാന്ത് കൃഷ്ണയാണ് ഛായാഗ്രാഹകൻ‍. റോണി റാഫേൽ, ദേവിക മുരളി എന്നിവർ സംഗീതം നിർവഹിച്ചിരിക്കുന്നു. എസ്.രമേശൻ നായർ, ബി കെ ഹരിനാരായണൻ എന്നിവരാണ് ഗാനരചന. ഗാനങ്ങൾ നിലവാരം പുലർത്തുന്നു. 

ഇടയ്ക്ക് കഥാഗതിയിൽ ചില ട്വിസ്റ്റുകൾ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഒരു ഫീൽ-ഗുഡ് ചിത്രത്തിന്റെ കാഴ്ചകൾ സമ്മാനിച്ചു  ശുഭകരമായി ചിത്രം അവസാനിക്കുന്നു. ചുരുക്കത്തിൽ അമിത പ്രതീക്ഷകളൊന്നും ഇല്ലാതെ ടിക്കറ്റെടുത്ത് ആസ്വദിച്ചു കാണാവുന്ന ഒരു ചിത്രമാണ് ബോബി.