പ്രണയമാണ് മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ജീവനും ആത്മാവും. അനന്തമായ കാത്തിരിപ്പിന്റെ കഥ പറഞ്ഞ എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ചിത്രത്തിനും ഏതാണ്ട് സമാനമായ പ്രമേയം വന്നത് തികച്ചും യാദൃച്ഛികമാണ്. നഷ്ടപ്രണയത്തിന്റെയും അതിന്റെ വീണ്ടെടുപ്പിന്റെയും കഥ പറയുന്ന ചിത്രം കാഴ്ചക്കാരെ എത്ര കണ്ടു തൃപ്തിപ്പെടുത്തുമെന്ന് കാത്തിരുന്നു കാണണം.
ജയകൃഷ്ണൻ എന്ന ജയ് സിനിമയും അഭിനയവും സ്വപ്നം കണ്ടു നടക്കുന്ന ചെറുപ്പക്കാരനാണ്. താരയാകട്ടെ നായികാനിരയിൽ മുൻനിരയിലുള്ള നടി. താൻ നായകനാകുന്ന ആദ്യ ചിത്രത്തിലെ നായികയായ താരയോട് ജയകൃഷ്ണന് വലിയ അടുപ്പമൊന്നും തോന്നിയിരുന്നില്ല. കാരണം അവൾ മറ്റൊരാളുടെ സ്വന്തമാണെന്ന് അവനറിയാമായിരുന്നു. പക്ഷേ ആ സിനിമ തീരുന്നതോടെ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. തുടർന്ന് ഇവരുടെ ജീവതത്തിലുണ്ടായ അനുഭവങ്ങളാണ് സിനിമ പറയുന്നത്.
My Story Trailer
ഫ്ലാഷ് ബാക്കിലൂടെയാണ് സിനിമ യാത്ര ചെയ്യുന്നത്. വർഷങ്ങൾക്കു മുമ്പുള്ള തന്റെ പ്രണയത്തെ അന്വേഷിച്ച് നായകൻ യാത്ര ആരംഭിക്കുന്നു. കഥ നടക്കുന്ന കാലത്തെക്കുറിച്ചൊക്കെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും സിനിമയിലുണ്ട്. ഒരു പ്രണയചിത്രം സമ്മാനിക്കേണ്ട വൈകാരികതയൊന്നും ആദ്യ പകുതിയിലില്ലെങ്കിലും വിദേശ ലൊക്കേഷനുകളും ചില പാട്ടുകളും കാഴ്ചക്കാരനെ ബോറടിപ്പിക്കില്ല. രണ്ടാം പകുതിയിൽ കഥ കുറച്ചു കൂടി ഗൗരവതരമാകും. പക്ഷേ പതിഞ്ഞ താളത്തിലുള്ള ചിത്രത്തിന്റെ പോക്ക് പ്രേക്ഷകന്റെ ക്ഷമ ഇടയ്ക്കെങ്കിലും പരീക്ഷിക്കുന്നതാണ്.
ഷാറൂഖ് ഖാൻ നായകനായ ഒാം ശാന്തി ഒാം എന്ന ചിത്രത്തിന്റെ കഥാതന്തുവുമായി ചെറുതല്ലാത്ത സാമ്യം മൈ സ്റ്റോറിക്കുണ്ട്. അവാർഡ് വാങ്ങിയ ശേഷം ആ ചിത്രത്തിൽ ഷാറൂഖ് ഖാൻ നടത്തുന്ന പ്രസംഗവും മറ്റും ഏതാണ്ട് അതേ രൂപത്തിൽ (കോസ്റ്റ്യൂമിൽ പോലും സാമ്യമുണ്ട്) ഇൗ ചിത്രത്തിലുമുണ്ട്. സ്ത്രീവിരുദ്ധതയും സ്ത്രീപക്ഷ നിലപാടുകളും വലിയ ചർച്ചയായിരിക്കുന്ന കാലത്താണ് മൈ സ്റ്റോറി പുറത്തിറങ്ങുന്നത്. കൊമേഴ്സ്യൽ ചേരുവകൾ ചേർത്തൊരുക്കിയ ഇൗ ചിത്രം സ്ത്രീപക്ഷ നിലപാടാണ് ആത്യന്തികമായി മുന്നോട്ടു വയ്ക്കുന്നതെങ്കിലും സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കും രംഗങ്ങൾക്കും കുറവൊന്നുമില്ല.
ജയ് പൃഥ്വിരാജിൽ ഭദ്രമായിരുന്നു. പക്ഷേ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളുടെ പ്രേതം പിന്തുടരുന്നതു കൊണ്ടാവണം ജയ്‌യെ വ്യത്യസ്തമാക്കുന്ന ഒന്നും അദ്ദേഹത്തിൽ നിന്നുണ്ടായില്ല. പാർവതി പതിവു പോലെ തന്റെ രണ്ടു കഥാപാത്രങ്ങളെയും ഭംഗിയാക്കി. താര എന്ന നായികയും ടോം ബോയ് ലുക്കിലെത്തിയ ഹിമയും പാർവതിയുടെ കൈകളിൽ ഭദ്രമായിരുന്നു.
റോഷ്നി ദിനകർ എന്ന സംവിധായികയുടെ കന്നി സംരംഭത്തെ വില കുറച്ചു കാണാനാകില്ലെങ്കിലും സംവിധാനത്തിലെ അപാകതകൾ കണ്ടില്ലെന്നു നടിക്കാനാവില്ല. ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയെ അതേ വികാരത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അവർക്കായോ എന്നു സംശയമാണ്. ക്ലൈമാക്സിലേക്കു നീങ്ങുമ്പോൾ പ്രേക്ഷകർ സിനിമയെ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങുമെങ്കിലും അത് എത്ര കണ്ട് ചിത്രത്തിന് ഗുണകരമാകുമെന്ന് അറിയില്ല. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയ്ക്ക് യോജിച്ചതായി.
എണ്ണമറ്റ പ്രണയചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുള്ള മലയാളത്തിൽ മൈ സ്റ്റോറി വ്യത്യസ്തമാകുന്നത് കഥാപശ്ചാത്തലം കൊണ്ടു മാത്രമാണ്. പ്രണയമെന്ന വികാരത്തെ മനോഹരമാക്കി അവതരിപ്പിച്ച് കാഴ്ചക്കാരന്റെ മനസ്സു കീഴടക്കാൻ മൈ സ്റ്റോറിക്ക് സാധിച്ചോ എന്നു സംശയമാണ്. വിദേശലൊക്കേഷനുകൾ സമ്മാനിക്കുന്ന ദൃശ്യമനോഹാരിതയും പാർവതിയുടെ വ്യത്യസ്തമായ വേഷവും ചേർന്ന് തരക്കേടില്ലാത്ത ഒരു അനുഭവമാകും പ്രേക്ഷകന് ഇൗ സിനിമ സമ്മാനിക്കുക.