Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോളടിച്ച് മറഡോണ: റിവ്യൂ

mara4

കാൽപ്പന്തുകളിയുടെ കഥ പറയുന്ന ചിത്രമൊന്നുമല്ല മറഡോണ. മറിച്ച് ജീവിതമെന്ന ഞാണിന്മേൽക്കളിയുടെ അവതരണമാണ് ടൊവീനോ തോമസ് നായകനാകുന്ന ഇൗ ചിത്രം. പുറത്തേക്കെന്നു തോന്നിച്ച ശേഷം ഗോൾ പോസ്റ്റിലേക്ക വളഞ്ഞിറങ്ങുന്ന ഫ്രീകിക്ക് പോലെ പ്രേക്ഷക മനസ്സിലേക്കു കുടിയേറും ഇൗ ചിത്രം.  

Actress Saranya Interview

ടൊവീനോയുടെ മറഡോണ എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. മുതലാളി എന്നു വിളിക്കുന്ന ചങ്ങാതിയും മറഡോണയും ഒരു കെണിയിൽ പെടുന്നു. കയ്യിലിരുപ്പു കൊണ്ടു കിട്ടുന്ന പണി തന്നെ. തല്ലും വെട്ടുമൊന്നും പുത്തരിയല്ലാത്ത മറഡോണ അങ്ങനെ കുറച്ചു നാളത്തേക്കു നിസ്സഹായനാകുന്നു. ഇൗ നിസ്സഹായതയും മറഡോണയുടെ മനംമാറ്റവും തന്നെയാണ് ചിത്രത്തിന്റെ പ്രമേയം.

നന്മ നിറഞ്ഞ ശ്രീനിവാസന്മാരായ നായകന്മാർക്കു പഞ്ഞമില്ലാത്ത മലയാള സിനിമയിൽ, ഞാനൊരു ക്രിമിനലാണ് എന്നു നായികയുടെ മുഖത്തു നോക്കി പറയുകയാണ് മറഡോണ. ഫ്ലാഷ് ബാക്കുമായി ഇഴ ചേർന്നുള്ള കഥ പറച്ചിലാണ് ആദ്യ പകുതിയിൽ. ഇപ്പോഴത്തെ അവസ്ഥയിൽ നായക കഥാപാത്രം എങ്ങനെ എത്തിപ്പെട്ടു എന്ന് പ്രേക്ഷകന് ആദ്യ പകുതിയിൽ മനസ്സിലാകും. ഇൗ അവസ്ഥയിൽ നിന്നുള്ള മാറ്റവും സ്വാഭാവികമായി നേരിടേണ്ടി വരുന്ന ചില വെല്ലുവിളികളുമാണ് രണ്ടാം ഭാഗത്തിൽ.

ക്ലീഷെ കഥാപാത്രങ്ങളിൽ നിന്നും രംഗങ്ങളിൽ നിന്നും അൽപമെങ്കിലും വിട്ടു നിൽക്കുന്ന ചിത്രമാണ് മറഡോണ. നായകനും നായികയും തമ്മിലുള്ള സംഭാഷണങ്ങളും രംഗങ്ങളും പുതുമയുള്ളതാണ്. ഇടയ്ക്കിടെ മാത്രം എത്തുന്ന മുത്തശ്ശൻ കഥാപാത്രവും പ്രേക്ഷകനിൽ താൽപര്യമുണ്ടാക്കും. വലിയ ബഹളങ്ങളോ ഡയലോഗുകളോ ഇല്ലാത്ത വില്ലൻ കഥാപാത്രങ്ങൾ പോലും സിനിമയ്ക്കു മൊത്തത്തിൽ ഗുണകരമാകുന്നതു തന്നെ. 

ടോവീനോ തോമസ് തന്റെ വേഷം ഭംഗിയാക്കി. നായികയായെത്തിയ പുതുമുഖം ശരണ്യ, ആശ എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു. ടിറ്റോ വിൽസൺ, ചെമ്പൻ വിനോദ്, ലിയോണ ലിഷോയ് തുടങ്ങിയ താരനിരയും തങ്ങളുടെ പ്രകടനം മികച്ചതാക്കി. വിഷ്ണു നാരായണൻ കന്നി സംവിധാന സംരംഭത്തിലൂടെ തന്നിലെ പ്രതിഭയെ പ്രേക്ഷകർക്കു കാണിച്ചു തരുന്നു. രചന നിർവഹിച്ച കൃഷ്ണമൂർത്തിയും സംഗീത വിഭാഗം കൈകാര്യം ചെയ്ത സുശിൻ ശ്യാമും ‍ഛായാഗ്രാഹകൻ ദീപക്കും മറഡോണയെ കൂടുതൽ പ്രേക്ഷകനിലേക്കടുപ്പിക്കുന്നു.

maradona-1

മറഡോണ എന്ന കഥാപാത്രത്തിന് മായാനദിയിലെ മാത്തനുമായി ചെറിയ സാമ്യമുള്ളതായി പ്രേക്ഷകനു തോന്നാം. ഒപ്പം, ചില ഭാഗങ്ങളിലെ ചെറിയ ഇഴച്ചിലുകളും ക്ലൈമാക്സിലെ ചില്ലറ കല്ലുകടികളും പ്രേക്ഷകനെ അലോസരപ്പെടുത്തിയേക്കാം. എങ്കിലും ഒരു പുതുമുഖസംവിധായകന്റെ ചിത്രമെന്ന നിലയിൽ മറഡോണ മികച്ചതു തന്നെയാണ്.

മാസ് ഡയലോഗുകളും രംഗങ്ങളും നിറഞ്ഞു നിൽക്കുന്ന ആക്‌ഷൻ ചിത്രമോ കോമഡികൾ നിറഞ്ഞ എന്റർടെയ്നറോ അല്ല മറഡോണ. ഇൗ ചിത്രമെന്താണെന്ന് കണ്ടറിയുകതന്നെ വേണം. കളിക്കളത്തിൽ പ്രവചനാതീതമായ കളി പുറത്തെടുത്തിരുന്ന മറഡോണയെപ്പോലെ ഒരു തരത്തിൽ പ്രവചനാതീതമാണ് ഇൗ ചിത്രവും. ടിക്കറ്റെടുത്ത് ചിത്രം കാണുന്ന പ്രേക്ഷകനെ മടുപ്പിക്കില്ല ഒരിക്കലും മറഡോണ.

related stories