Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളനെ കൂട്ട് പിടിച്ച പൊലീസ്; റിവ്യു

aanakkallan-review

ആവശ്യത്തിന് തമാശ, പാകത്തിന് ത്രിൽ, ലേശം കുടുംബബന്ധങ്ങൾ, ഇത്തിരി ആക്‌ഷൻ, ഒന്നോ രണ്ടോ ചെറിയ ട്വിസ്റ്റുകൾ അങ്ങനെ ഒരു പക്കാ ഉദയ്കൃഷ്ണ ചിത്രത്തിന്റെ ചേരുവകളാണ് ആനക്കള്ളൻ എന്ന സിനിമയുടേതും. കള്ളനും പൊലീസും ചേർന്ന് നടത്തുന്ന ഒരു അന്വേഷണത്തിന്റെ കഥ, സാധാരണ പ്രേക്ഷകരെ നിരാശരാക്കില്ല.

കള്ളൻ പവിത്രനും (ബിജു മേനോൻ) ഡിവൈഎസ്പി എസ്തപ്പാനും (സിദ്ദിഖ്) ചേർന്ന് നടത്തുന്ന അന്വേഷണമാണ് ഇൗ ചിത്രം. ഒരു കൊലപാതകത്തിന്റെ ചുരുളഴിയിക്കാൻ നടത്തുന്ന അന്വേഷണത്തിൽ പക്ഷേ വെളിപ്പെടുന്നത് അതിലും കൂടുതൽ സംഭവങ്ങളാണ്. ത്രില്ലർ സ്വഭാവമുള്ള കഥയാണെങ്കിലും അതിനെ ഹാസ്യത്തിൽ ചാലിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.

Aanakkallan | Movie Official Trailer | Biju Menon | Anusree | Suresh Divakar

ഒരു കൊട്ടാരത്തിൽ നടന്ന കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സഹായത്തിനായി കള്ളൻ പവിത്രനെ വിളിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. കള്ളനെ തങ്ങൾക്കൊപ്പം കൂട്ടി അവർ അന്വേഷണം നടത്തുന്നു. ചിരി പടർത്തുന്നതാണ് ആദ്യ പകുതി. കള്ളനു ദാസ്യവേല ചെയ്യേണ്ടി വരുന്ന പൊലീസുകാരുടെ അവസ്ഥ രസകരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. 

ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായി കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഗൗരവകരമായ കഥാ സന്ദർഭങ്ങളാണ് രണ്ടാം പകുതിയിലുള്ളത്. ഫ്ലാഷ് ബാക്ക് രംഗങ്ങളൊക്കെ പ്രേക്ഷകനെ വൈകാരികപരമായി സ്വാധീനിക്കുന്നവ തന്നെ. കുറച്ച് ആക്​ഷനും ട്വിസ്റ്റുകളും ചേർന്ന ക്ലൈമാക്സ് കൂടിയാകുമ്പോൾ ചിത്രത്തിന് തിരശ്ശീല വീഴും. 

aanakkallan-review-team

നായകനായ ബിജു മേനോൻ പതിവു പോലെ മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. ആദ്യ പകുതിയിലെ കള്ളൻ വേഷവും രണ്ടാം പകുതിയിലെ കുടുംബനാഥന്റെ വേഷവും അദ്ദേഹം ഭംഗിയാക്കി. അദ്ദേഹത്തിന്റെ ‘കള്ളൻ’ വേഷങ്ങൾ അടുത്തിടെ ഒരുപാട് കണ്ടതിനാലാവണം രണ്ടാം പകുതിയിലെ ബിജു മേനോനെയാകും പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടുക. നായക വേഷത്തിനൊത്ത കഥാപാത്രമായി സിദ്ദിഖും മികച്ചു നിന്നു. ധർമജൻ, സുധീർ കരമന, സുരേഷ് കൃഷ്ണ എന്നിവർ ചിരിപ്പിച്ചപ്പോൾ സുരാജ് വെഞ്ഞാറമ്മൂട്, സായ്കുമാർ തുടങ്ങിയവർ തന്മയത്വത്തോടെയുള്ള പ്രകടനം നടത്തി. അനുശ്രീ, ഷംന, സരയൂ, ബിന്ദു പണിക്കർ എന്നിവർ സ്ത്രീ കഥാപാത്രങ്ങളെ മികച്ചതാക്കി. ഏഴ് വയസ്സുകാരി ദയ റോസ് ജോസും അരങ്ങേറ്റം ഭംഗിയാക്കി.

ഒരു മുഴുനീള എന്റെർടെയിനറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതെങ്കിലും ചില സ്ഥലങ്ങളിലെങ്കിലും ക്ലീഷേകൾ ചിത്രത്തെ പിന്നോട്ടടിക്കുന്നുണ്ട്. സുരേഷ് ദിവാകർ എന്ന സംവിധായകൻ തന്നാലാവും വിധം ഉദയ്കൃഷ്ണയുടെ തിരക്കഥയെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ആൽബിയുടെ ഛായാഗ്രഹണം നാദിർഷയുടെ ഗാനങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടി. 

ഉദയ്കൃഷ്ണ രചന നിർവഹിക്കുന്ന സിനിമകളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെന്താണോ അത് ആനക്കള്ളൻ എന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ഉത്സവകാലമല്ലെങ്കിൽ കൂടി ആ മൂഡിൽ അണിയിച്ചൊരുക്കിയ സിനിമ കുടുംബങ്ങൾക്കും കുട്ടികൾക്കുമാവും ഏറെ ഇഷ്ടമാവുക.