ചിരിയാണ് ജോണി ജോണി യേസ് അപ്പായുടെ ആത്മാവ്. ചിരിയിൽ കുതിർന്ന ഒരു വൈകാരിക കഥയാണ് സിനിമയുടേത്. ഒരു സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താൻ വേണ്ട അത്യാവശ്യ ഘടകങ്ങൾ സിനിമയിൽ ആവോളമുണ്ട്.
ജോണി സൽസ്വഭാവിയായ ഒരു ചെറുപ്പക്കാരനാണ്. അപ്പന്റെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയാണ്. എന്നാൽ അവരാരും അറിയാത്ത ഒരു മുഖം അവനുണ്ട്. അത് അവന്റെ ചേട്ടന് നന്നായി അറിയാം. പിന്നീട് അവന്റെ അനിയനും അതു മനസ്സിലാകുന്നുണ്ട്. എന്നിട്ടും ജോണി ‘നല്ലനായ ഉണ്ണിയായി’ വിലസുകയാണ്. എന്നാൽ ഒരു ദിവസം അവന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ ഒരു സംഭവം ഉണ്ടാകുന്നു. അത് അവന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
ആദ്യാവസാനം പ്രേക്ഷകനെ ചിരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ചിത്രത്തിന്റെ അണിയറക്കാർക്കുള്ളത്. അതിൽ അവർ കുറെയൊക്കെ വിജയിക്കുകയും ചെയ്തിരിക്കുന്നു. മൂന്ന് ആൺകുട്ടികളുള്ള കുടുംബത്തിൽ നർമത്തിനാണോ പഞ്ഞം ? ചിരി നിറഞ്ഞ ആദ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയിലെത്തുമ്പോൾ കൂടുതൽ കഥാപാത്രങ്ങൾ രംഗത്തെത്തുന്നു. കഥയ്ക്ക് ഗൗരവം കൈവരുന്നുണ്ടെങ്കിലും ഹാസ്യം എന്ന അടിസ്ഥാന അസ്തിത്വത്തിൽ നിന്ന് സിനിമ വ്യതിചലിക്കുന്നില്ല. പ്രേക്ഷകനെ വൈകാരികപരമായി ആകർഷിക്കുന്നതു കൂടിയാണ് ചിത്രത്തിന്റെ ക്ലൈമാക്സ്.
ജോണിയായി കുഞ്ചാക്കോ ബോബൻ മികച്ചു നിന്നു. ടിനി ടോമും ഷറഫുദ്ദീനും ജോണിയുടെ ചേട്ടന്റെയും അനിയന്റെയും കഥാപാത്രങ്ങൾ മികച്ചതാക്കി. ഇരുവരും ചേർന്നും അല്ലാതെയുമുള്ള ഹാസ്യരംഗങ്ങൾ മികച്ചതായി. അനു സിതാര, വിജയരാഘവൻ, ഗീത, ഷാജോൺ, ലെന, മംമ്ത, സനൂപ് അങ്ങനെ നീളുന്ന താരനിരയും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി.
സംവിധായകനായ മാർത്താണ്ഡൻ ചെറിയൊരു ഇടവേളയ്ക്കു ശേഷമൊരുക്കിയ തന്റെ നാലാമത്തെ ചിത്രം ആളുകളെ രസിപ്പിക്കും. വെള്ളിമൂങ്ങയ്ക്കു ശേഷം ജോജി തോമസ് എഴുതിയ തിരക്കഥ ഇൗ ചിത്രത്തിന്റെയും നട്ടെല്ലാകുന്നു. ഛായാഗ്രഹണം നിർവഹിച്ച വിനോദ് ഇല്ലമ്പള്ളിയും സംഗീതം കൈകാര്യം ചെയ്ത ഷാൻ റഹ്മാനും സിനിമയെ കൂടുതൽ ഭംഗിയുള്ളതാക്കി.
അടിമുടി ഹാസ്യം നിറഞ്ഞ ഒരു എന്റെർടെയിനറാണ് ജോണി ജോണി യേസ് അപ്പാ. ഹാസ്യത്തിനൊപ്പം ചെറിയ ചില ഇമോഷനൽ രംഗങ്ങൾ കൂടിയാകുമ്പോൾ കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രിയപ്പെട്ടതാകും ഇൗ ചിത്രം. ചുരുക്കത്തിൽ മോശമല്ലാത്ത ഒരു സിനിമാ അനുഭവം തന്നെയാകും ഇൗ ചിത്രം സമ്മാനിക്കുക.