Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോൺ നമ്പർ തേടിയുള്ള യാത്ര

crystal-skan-1

തിയറ്ററിൽ സിനിമ കാണാനിരിക്കുന്ന സമയത്തുപോലും മൊബൈൽഫോണിൽനിന്നു കണ്ണെടുക്കാൻ മടികാണിക്കുന്നവർക്കുമുന്നിൽ ലാൻഡ് ഫോൺ പ്രധാന കഥാപാത്രമാകുന്ന ചലച്ചിത്രത്തിനു പ്രസക്തിയുണ്ടെന്നു തെളിയിക്കുകയാണ് ബെലാറസിൽനിന്നുള്ള ക്രിസ്റ്റൽ സ്വാൻ. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മൽസരത്തിൽ കാനിലേക്ക് രണ്ടുപതിറ്റാണ്ടിനുശേഷം ബെലാറസ് അയച്ച ചിത്രം. ഡാര്യ ഷുക് എന്ന നവാഗത സംവിധായികയുടെ കയ്യൊപ്പു പതിഞ്ഞ മനോഹര ചിത്രം. 

അമേരിക്കയിൽ ഭാവിജീവിതം സ്വപ്നം കാണുന്ന ഒരു യുവതിയാണ് ക്രിസ്റ്റൽ സ്വാനിലെ നായിക. കഥ നടക്കുന്നത് ബെലാറസിൽ മൊബൈൽ ഫോൺ എത്തുന്നതിനുമുമ്പുള്ള 1996-ൽ.  വെല്യ എന്നാണു യുവതിയുടെ പേര്.  സംഗീതത്തിലും നൃത്തത്തിലും മുഴുകിജീവിക്കുന്ന ഡിജെ. സമ്പന്നമായ ജീവിതം മാത്രമല്ല വെല്യയെ അമേരിക്കയിലേക്ക് ആകർഷിക്കുന്നത്. ഇഷ്ടമുള്ള വേഷം ധരിക്കാനും, സംസാരിക്കാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനും കഴിയുന്ന അന്തരീക്ഷം. ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്ന ബെലാറസിൽ തന്റെ സ്വപ്നങ്ങൾ ഒരിക്കലും സാക്ഷാത്കരിക്കുകയില്ല എന്നവൾക്കറിയാം. അതുകൊണ്ടുതന്നെ അമേരിക്ക എന്ന സ്വപ്നഭൂമിയിലേക്കുള്ള യാത്രയ്ക്കുവേണ്ട ഒരുക്കങ്ങൾ നടത്തുകയാണ് വെല്യയുടെ ദിനചര്യ. 

Film Trailer: Khrustal / Crystal Swan

അമേരിക്കൻ കോൺസുലേറ്റിനുമുന്നിൽ വരി നിൽക്കുന്നവർക്കിടെ വെല്യയും സ്ഥാനം പിടിക്കുന്നു. ബിരുദ സർട്ടിഫിക്കറ്റുകളും മറ്റും കണ്ടുപിടിക്കാൻ കുറച്ച് അധ്വാനിക്കേണ്ടിവന്നെങ്കിലും വിജയകരമായി വെല്യ അപേക്ഷ സമർപ്പിക്കുന്നു. പക്ഷേ അപേക്ഷയിൽ സംഭവിച്ച ഒരു വിഴവ് അവരുടെ ജീവിതം തകിടം മറിയ്ക്കാൻ കാരണമാകുന്നു. ഫോൺ നമ്പരിലാണു പിഴവു പറ്റിയത്. താമസിക്കുന്ന സ്ഥലത്തുനിന്നും കുറിച്ചു കിലോമീറ്ററുകൾ അകലെ അപരിചിതമായ ഒരു സ്ഥലത്തെ ഒരു വീട്ടിലെ നമ്പറാണ് വെല്യ അപേക്ഷയിൽ സമർപ്പിച്ചത്. കോൺസുലേറ്റിൽ നിന്നു വിളിക്കുമ്പോൾ ഫോൺ എടുക്കാൻ ഒരാൾ വേണം. 

അപേക്ഷയിൽ പറഞ്ഞിരിക്കുന്നതുപോലെ വെല്യ ഒരു സ്ഥാനപനത്തിലെ മാനേജരാണെന്ന് സ്ഥിതീകരിക്കണം. പക്ഷേ ആ നമ്പറിലേക്ക് വിളിച്ചിട്ട് ഒരു കുട്ടിയുടെ അവ്യക്ത സ്വരം മാത്രമാണു വെല്യയ്ക്കു കേൾക്കാൻ കഴിയുന്നത്. പച്ചക്കറി വാങ്ങാൻ വീട്ടിൽനിന്ന് ഏൽപിച്ച പണവുമായി വെല്യ ബസ് പിടിച്ച് ഫോൺ വച്ചിരിക്കുന്ന വീട്ടിലേക്കു പോകുകയാണ്. കേൾവിശക്തി കുറവായ ഒരു വീട്ടമ്മയുണ്ട് ആ വീട്ടിൽ. അടുത്തുതന്നെ വിവാഹം ഉറപ്പിച്ചിരിക്കുന്ന ഒരു യുവാവും ഇളയ സഹോദരനും പ്രായമായ അച്ഛനുമാണ് വീട്ടിലെ മറ്റ് അംഗങ്ങൾ. അവിടെയെത്തുന്ന അന്നുതന്നെ ഫോണിന്റെ ബിൽ അടച്ചിട്ടില്ലെന്നു വെല്യ കണ്ടെത്തുന്നു. 

മടക്കയാത്രയ്ക്കുള്ള പണം എടുത്ത് ഫോൺബിൽ അടയ്ക്കുന്നു. അടുത്ത രണ്ടുദിവസവും ഫോണിന്റെ സമീപത്തുതന്നെ കാത്തിരിപ്പാണ് വെല്യ- അമേരിക്കൻ കോൺസുലേറ്റിൽനിന്നു വരുന്ന വിളിക്ക് കാതോർത്ത്. പക്ഷേ, നിസ്സഹായയായ ആ യുവതി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ആക്രമണത്തിനു വിധേയയാകുന്നു. അതും തൊട്ടടുത്ത ദിവസം വിവാഹം നിശ്ചയിച്ചുവച്ചിരിക്കുന്ന ചെറുപ്പക്കാരനിൽനിന്നും. പ്രതീക്ഷ കൈവിടാതെ കാത്തിരുന്നെങ്കിലും പിറ്റേന്നത്തെ വിവാഹത്തിന്റെ ബഹളത്തിൽ വെല്യയെ തേടിയെത്തുന്ന ഫോൺവിളികൾ മുങ്ങിപ്പോകുന്നു. 

ഭാവിജീവിതം സ്വപ്നം കണ്ട് കോൺസുലേറ്റിൽനിന്നുള്ള വിളി പ്രതീക്ഷിച്ചെത്തിയ വെല്യയ്ക്ക് നഷ്ടങ്ങൾ മാത്രമാണ് ഫോൺ നമ്പർ തേടിയുള്ള യാത്ര സമ്മാനിക്കുന്നത്. എന്നിട്ടും മടക്കയാത്രയിൽ ആ യുവതി ഒറ്റയ്ക്കായിരുന്നില്ല. നിഷ്കളങ്കമായ ഒരു സൗഹൃദവും വെല്യയ്ക്കു കൂട്ടുകിട്ടുന്നു. സ്ഫടികത്തിൽ തീർത്ത അരയന്നത്തെപ്പോലെ എപ്പോൾവേണമെങ്കിലും വീണുടയാവുന്നതാണ് ഒരു ദരിദ്ര്യ രാജ്യത്തെ യുവതിയുടെ ജീവിതമെന്ന് മനോഹര ദൃശ്യങ്ങളിലൂടെ വരച്ചുകാട്ടുന്ന ക്രിസ്റ്റൽ സ്വാൻ പ്രശസ്തിയുടെ അകമ്പടിയില്ലാതെയെത്തിയ ചിത്രമാണ്. പക്ഷേ, കാണാൻ സാധിച്ചവരെല്ലാം നല്ലതുമാത്രം പറയുന്ന ക്രിസ്റ്റൽ സ്വാൻ 23-ാം രാജ്യാന്തര ചലച്ചിത്രമേള ബാക്കിവയ്ക്കുന്ന മനോഹര ഓർമകളിലൊന്നാണ്. ലാളിത്യവും മനുഷ്യത്വവും സമന്വയിപ്പിച്ച ചലച്ചിത്രം.