ധനുഷിന്റെ തകർപ്പൻ നായക കഥാപാത്രവും ടൊവീനോയുടെ ഗംഭീര വില്ലനും സായി പല്ലവിയുടെ തട്ടുപൊളിപ്പൻ നായിക കഥാപാത്രവും ചേർന്ന് ഒരു ആഘോഷചിത്രമാണ് മാരി 2. ആരാധകരെയും സാധാരണക്കാരെയും മാസ് കാട്ടി മയക്കി ധനുഷ് കയ്യിലെടുക്കുമ്പോൾ ടൊവീനോയുടെ നായകനു പോന്ന വില്ലൻ കഥാപാത്രം മലയാളികൾക്ക് ഇരട്ടി മധുരമാകുന്നു.
ആരെയും പേടിയില്ലാത്ത ഒന്നാന്തരം റൗഡിയാണ് മാരി. വെട്ട്, കുത്ത്, കള്ളക്കടത്ത് ഇതൊക്കെ സ്വന്തം നിയമം കൊണ്ട് നടപ്പാക്കുന്നവൻ. ധാരാളം ശത്രുക്കളും മാരിക്ക് പിന്നാലെയുണ്ട്. ഇതിനോടകം നൂറോളം ക്വട്ടേഷൻ മാരിക്ക് നേരെ വന്നിട്ടുണ്ട്. എത്രപേര് വന്നാലും മാരിക്ക് ഒന്നുമില്ല. അങ്ങനെ പെട്ടന്നൊന്നും കാലനടുത്തേയ്ക്ക് തയ്യാറല്ല എന്നാണ് മാരി തന്നെ പറയുന്നത്. മാരിയെ കൊല്ലണം എന്ന ഒറ്റ ലക്ഷ്യയുമായി ജീവിക്കുന്നവനാണ് ബീജ എന്ന ക്രൂരനായ വില്ലൻ. മരണത്തെ ആരാധിക്കുന്നവനാണ് ബീജ. മാരിയെ ഇഞ്ചിഞ്ചായി കൊന്ന് തന്റെ ലക്ഷ്യം നിറവേറ്റാൻ ബീജ ചെന്നൈയിൽ എത്തുന്നിടത്താണ് മാരി 2–വിന്റെ തുടക്കം.
Chat with Tovino and Urvashi
കൊമേഴ്സ്യൽ സിനിമയ്ക്കു വേണ്ട എല്ലാ മസാലചേരുവകളും ഉള്ള ചിത്രമാണ് മാരി 2. ആദ്യഭാഗത്തിൽ മാരിയുടെ കഥാപാത്രത്തിനു മാത്രമാണ് പ്രാധാന്യം നൽകിയതെങ്കിൽ രണ്ടാം ഭാഗത്തിൽ സൗഹൃദവും പ്രണയവും ആക്‌ഷനും കോമഡിയുമൊക്കെ കോർത്തിണക്കിയിട്ടുണ്ട്. വൈകാരികരംഗങ്ങളുടെ അതിപ്രസരം ചിത്രത്തിൽ കാണാം.
അറാത്ത് ആനന്ദി, കാലൈ എന്നിവരാണ് മാരിയുടെ രണ്ടാം വരവിലെ പുതിയ താരങ്ങൾ. ഓട്ടോഡ്രൈവറായ ആനന്ദി, ആള് കേമിയാണ്, ഒരു പെൺറൗഡി. മാരിയാണ് ആനന്ദിയുടെ ജീവൻ. മാരി ആദ്യ ഭാഗത്തിൽ ഷൺമുഗരാജൻ അവതരിപ്പിച്ച വേലു അണ്ണയുടെ മകനാണ് കാലൈ. മാരിയുടെ ഉറ്റ ചങ്ങാതി. ഈ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് മാരി 2–വിന്റെ കഥാഗതി മാറി മറിയുന്നത്.
ധനുഷിന്റെ സ്റ്റൈലിഷ് ഗെറ്റപ്പും ചടുലമായ ചലനങ്ങളും മൂർച്ചയേറിയ ഡയലോഗ് ഡെലിവറിയുമാണ് മാരി എന്ന കഥാപാത്രത്തിന്റെ ആകർഷണം. രണ്ടാം ഭാഗത്തിലും ആ പഞ്ചിന് ഒരു കുറവും വന്നിട്ടില്ല. എന്നാൽ ആക്‌ഷനിൽ എത്തുമ്പോൾ അൽപം പാളിയോ എന്നു സംശയം തോന്നിയേക്കാം. ഊഹിക്കാവുന്ന കഥാഗതിയും തട്ടിക്കൂട്ടിയുള്ള ക്ലൈമാക്സും സിനിമയുടെ ചെറിയ പോരായ്മയായി പറയാമെങ്കിലും അതൊന്നും ചിത്രത്തിന്റെ മാറ്റ് കുറയ്ക്കുന്നതല്ല.
മാരിയായി രണ്ടാം വരവിലും ധനുഷ് മികച്ചു നിന്നു. ടൊവീനോയുടെ വില്ലൻ കഥാപാത്രം അതിനേക്കാൾ ഒരു പടി മുന്നിൽ നിന്നുവെന്നു വേണമെങ്കിൽ പറയാം. നായകനായി മിന്നി നിൽക്കുന്ന ടൊവീനോ വെറുതേയല്ല മാരി 2–വിലെ വില്ലൻ വേഷം തിരഞ്ഞെടുത്തതെന്ന് സിനിമ കാണുന്നവർക്ക് വ്യക്തമാകും. മികച്ച അഭിനയവും നൃത്തച്ചുവടുകളുമായി സായ് പല്ലവിയും തിളങ്ങി. അനിരുദ്ധിന്റെ പാട്ടുകളുടെയും പശ്ചാത്തല സംഗീതത്തിന്റെയും അത്ര വരില്ലെങ്കിലും യുവാൻ ശങ്കർ രാജ നിരാശപ്പെടുത്തിയില്ല. ഏതു പ്രായത്തിലുള്ളവർക്കും കാണാവുന്ന ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു മികച്ച മാസ് മസാലാ ആക്‌ഷൻ ചിത്രമാണ് മാരി 2.