മണ്ണിന്റെ ചൂരും ഉശിരുമുള്ള കഥ; അതിജീവനത്തിനായുള്ള പടവെട്ട് – റിവ്യു
‘‘നമുക്ക് സ്വന്തമായി പദ്ധതി ഇല്ലെങ്കിൽ പലരും നമ്മെ അവരുടെ പദ്ധതിയുടെ ഭാഗമാക്കി മാറ്റും’’. ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത പടവെട്ട് എന്ന ചിത്രം പൊരുതി ജയിച്ചവന്റെ കഥയാണ്. തോറ്റുപോയി എന്ന് കരുതുന്നിടത്തുനിന്ന് ജീവിതം തിരിച്ചു പിടിച്ചു മുന്നേറിയവന്റെ കഥ. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വലിയ
‘‘നമുക്ക് സ്വന്തമായി പദ്ധതി ഇല്ലെങ്കിൽ പലരും നമ്മെ അവരുടെ പദ്ധതിയുടെ ഭാഗമാക്കി മാറ്റും’’. ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത പടവെട്ട് എന്ന ചിത്രം പൊരുതി ജയിച്ചവന്റെ കഥയാണ്. തോറ്റുപോയി എന്ന് കരുതുന്നിടത്തുനിന്ന് ജീവിതം തിരിച്ചു പിടിച്ചു മുന്നേറിയവന്റെ കഥ. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വലിയ
‘‘നമുക്ക് സ്വന്തമായി പദ്ധതി ഇല്ലെങ്കിൽ പലരും നമ്മെ അവരുടെ പദ്ധതിയുടെ ഭാഗമാക്കി മാറ്റും’’. ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത പടവെട്ട് എന്ന ചിത്രം പൊരുതി ജയിച്ചവന്റെ കഥയാണ്. തോറ്റുപോയി എന്ന് കരുതുന്നിടത്തുനിന്ന് ജീവിതം തിരിച്ചു പിടിച്ചു മുന്നേറിയവന്റെ കഥ. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വലിയ
‘‘നമുക്ക് സ്വന്തമായി പദ്ധതി ഇല്ലെങ്കിൽ പലരും നമ്മെ അവരുടെ പദ്ധതിയുടെ ഭാഗമാക്കി മാറ്റും’’. ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത പടവെട്ട് എന്ന ചിത്രം പൊരുതി ജയിച്ചവന്റെ കഥയാണ്. തോറ്റുപോയി എന്ന് കരുതുന്നിടത്തുനിന്ന് ജീവിതം തിരിച്ചു പിടിച്ചു മുന്നേറിയവന്റെ കഥ. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വലിയ പദ്ധതികളുടെയും വികസനങ്ങളുടെയും പേരിൽ മണ്ണും ജീവിതവും കവരുന്നവർക്ക് ഒരു മറുപടിയാണ് പടവെട്ട്. കാൽക്കീഴിൽനിന്ന് ഒലിച്ചുപോകുന്ന മണ്ണ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഓരോ മനുഷ്യന്റെയും കഥ പറയുന്ന പടവെട്ടിലൂടെ നിവിൻ പോളി എന്ന ജനപ്രിയ താരം മലയാളികളുടെ മനസ്സിൽ തന്റെ സിംഹാസനം ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ്.
പടവെട്ട് തുടങ്ങുന്നത് കോരോത്ത് രവി എന്ന അലസനും മടിയനുമായ ചെറുപ്പക്കാരനിലൂടെയാണ്. മാലൂർ ഗ്രാമത്തിൽ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും പണിക്കു പോകുമ്പോൾ തണ്ടും തടിയുമുള്ള രവി മാത്രമെന്താ തിന്നും കുടിച്ചും വീട്ടിൽത്തന്നെ കുത്തിയിരിക്കുന്നത് എന്ന് പ്രേക്ഷകർ ചിന്തിച്ചു പോകുന്നതിൽ കുറ്റം പറയാൻ പറ്റില്ല. ചെയ്യാവുന്ന പണിയെല്ലാം ചെയ്ത് രവിയെ പോറ്റുന്നത് പുഷ്പയെന്ന ചെറിയമ്മയാണ്. ചെറിയമ്മയ്ക്ക് ഒരു സ്വസ്ഥതയും കൊടുക്കാത്ത രവിക്ക് കുടുംബ കാര്യത്തിലോ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടിന്റെ കാര്യത്തിലോ ഒരു ശ്രദ്ധയുമില്ല. ഒരിക്കൽ ആ ഗ്രാമത്തിലെ ചെറുപ്പക്കാരുടെയെല്ലാം ആരാധനാപാത്രമായിരുന്ന രവിക്ക് സ്വന്തം കാമുകിയെയും ജീവിതം തന്നെയും നഷ്ടമായതിനു പിന്നിലൊരു കഥയുണ്ട്.
വീട് പുതുക്കിപ്പണിയാൻ സഹായവുമായി എത്തുന്ന മെമ്പർ അശോകന്റെയും പാർട്ടി നേതാവ് കുയ്യാലിയുടെയും വാഗ്ദാനം നിരസിക്കാൻ പുഷ്പയ്ക്കായില്ല. പക്ഷേ ആ സഹായം പിന്നീടൊരു ഒഴിയാബാധയായി മാറുമെന്ന് പുഷ്പയപ്പോൾ കരുതിയുമില്ല. വാഴത്തോട്ടത്തിൽ പതുങ്ങിയിരുന്ന് നാട്ടുകാരെ ആക്രമിക്കുന്ന കാട്ടുപന്നിയും ജനസേവകരും ഒരുപോലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുമ്പോൾ രവിക്ക് വീണ്ടും പടവെട്ട് തുടങ്ങേണ്ടി വരുന്നു. തോറ്റു നിൽക്കുന്നവനെ വീണ്ടും വീണ്ടും തോൽപിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ ചിലർ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ജീവിതത്തോട് പോരടിച്ചു നിൽക്കുന്ന മോഹനൻ എന്ന ചെറുപ്പക്കാരനും തകർന്ന ജീവിതം തുന്നിക്കെട്ടാൻ ശ്രമിക്കുന്ന ഷൈമയും വ്യവസ്ഥിതികളോട് കലഹിച്ചു നിൽക്കുന്ന മറ്റു ചില പച്ചമനുഷ്യരുമുണ്ട്.
രവി എന്ന കഥാപാത്രമായി നിവിൻ പോളി തകർത്തഭിനയിച്ചു. അലസനും മടിയനുമായ ഒരുവന്റെ ശരീരഭാഷയും ഉയർത്തെഴുന്നേൽക്കുന്നവന്റെ ഉശിരും കരുത്തും ഒരുപോലെ മനോഹരമാക്കി തിയറ്ററിൽ ആവേശത്തിന്റെ തീക്കനലാകാൻ നിവിന് കഴിഞ്ഞു. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം ഷമ്മി തിലകന്റെ കുയ്യാലിയാണ്. അധികാരമോഹവും പണക്കൊതിയും കൊണ്ട് വെറിപിടിച്ച രാഷ്ട്രീയക്കാരന്റെ വേഷം ഷമ്മി തിലകനെന്ന താരത്തിന്റെ റേഞ്ച് എത്രത്തോളമുണ്ടെന്ന് കാട്ടിത്തരുന്നു. ആകാരത്തിലും ഭാവപ്പകർച്ചയിലും പുതുമ കൊണ്ടുവന്ന കഥാപാത്രം ഷമ്മിയുടെ കരിയർ ബെസ്റ്റ് ആകുമെന്നുറപ്പാണ്. ഷൈമയായി അദിതി രവിയും മോഹനനായി ഷൈൻ ടോം ചാക്കോയും മികച്ചു നിന്നു. രവിയുടെ ഇളയമ്മ പുഷ്പയായി രമ്യ സുരേഷ് അനായാസ പ്രകടനമാണ് കാഴ്ചവച്ചത്. മെമ്പർ അശോകനായി ബാലൻ പാറയ്ക്കൽ, പ്രസിഡന്റ് വിജയമായി കൈനകരി തങ്കരാജ്, മനോജ് എന്ന കഥാപാത്രമായി മനോജ് ഉമ്മൻ എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. വിജയ രാഘവനും ജാഫർ ഇടുക്കിയും ഇന്ദ്രൻസും അകാലത്തിൽ വിടപറഞ്ഞ അനിൽ നെടുമങ്ങാടും അതിഥി വേഷത്തിൽ സണ്ണി വെയ്‌നും ചിത്രത്തിലുണ്ട്.
ചിത്രീകരണം തുടങ്ങിയതു മുതൽ നിരവധി പ്രതിസന്ധികളെ അതിജീവിച്ചു തിയറ്ററിൽ എത്തിയ ചിത്രമാണ് പടവെട്ട്. സംവിധായകൻ ലിജു കൃഷ്ണ മേക്കിങ് കൊണ്ടും പ്രസന്റേഷൻ കൊണ്ടും തന്റെ ആദ്യ ചിത്രം ഗംഭീരമാക്കിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയവും അധികാര വടംവലികളും പറയുന്നതിനൊപ്പം ഒരു ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥ കൂടി ഇഴപിരിഞ്ഞു കിടക്കുന്ന വിധത്തിലാണ് ലിജു കൃഷ്ണ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പ്രേക്ഷകനു തീവ്രവും വൈകാരികവുമായ അനുഭവമായി മാറുന്നു. മലയാളം റാപ്പും നാടന്‍ പാട്ടുകളും ഒരുമിപ്പിച്ച് ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് പടവെട്ടിന്റെ മറ്റൊരാകർഷണം. സിനിമയുടെ മൂഡ് നിലനിർത്താൻ സംഗീതം സഹായിച്ചിട്ടുണ്ട്. അതിമനോഹരമായ ഫ്രെയിമുകളും ദൃശ്യങ്ങളും കൊണ്ട് സമ്പന്നമാണ് ദീപക് മേനോന്റെ ഛായാഗ്രഹണം. ഗ്രാമത്തിന്റെ ഭംഗിയും പാടശേഖരങ്ങളുടെ സൗന്ദര്യവും ഒപ്പിയെടുത്ത ക്യാമറ വർക്ക് അതിഗംഭീരമായി.
സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസ്, യൂഡ്‌ലി ഫിലിംസ് എന്നിവർ ചേർന്നാണ് പടവെട്ടിന്റെ നിർമ്മാണം. ഈടുറ്റ തിരക്കഥ കൊണ്ടുതന്നെ വിജയ സാധ്യതയുറപ്പിച്ച ചിത്രം നവാഗതന്റെ പതർച്ചയേതുമില്ലാതെ അഭ്രപാളിയിലെത്തിക്കാൻ ഒരു പുതുമുഖ സംവിധായകനു കഴിഞ്ഞു എന്നത് ചില്ലറക്കാര്യമല്ല. ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ വശം കേട്ടിരിക്കുന്ന പ്രേക്ഷകർ ‘ഇതെന്റെ മണ്ണാണ്, ഞാനിവിടെ കിടക്കും, കിളയ്ക്കും, വേണ്ടിവന്നാൽ എടുത്തുടുക്കും’ എന്ന നായകന്റെ ഡയലോഗ് കേട്ടാൽ അറിയാതെ കൈയടിച്ചുപോകും. ജീവിതത്തിൽ തോറ്റു പോയി നിരാശരായി ഇരിക്കുന്നവർക്ക് ഉത്തേജനവും പോരാട്ട വീര്യവും പകരാൻ ഈ പടവെട്ട് സഹായിക്കും എന്നുറപ്പാണ്.