വിജയ്‌യുടെ എഐ പവേർഡ് 'ഗോട്ട് ലൈഫ്' ; റിവ്യു
GOAT Movie Review
ഇരുട്ടത്ത് ചാറ്റൽമഴയും കൊണ്ട് തിയറ്ററിലെത്തുന്നു. അതിരാവിലെ നാലുമണിക്ക് ആരാധകരുടെ ഇടയിലിരുന്ന് വിജയ് സിനിമ കാണുന്നു. എന്താ ഒരു ഫീൽ! മൂന്നു മണിക്കൂർ ഗ്യാപ്പില്ലാത്ത അഴിഞ്ഞാട്ടം. അടി, ഇടി, വെടി, പുക, കോമഡി, ആരാധകരുടെ ആവേശം. പക്കാ കൊമേഴ്സ്യൽ എന്റർടെയ്നറുമായാണ് ദളപതി വിജയ് ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം
ഇരുട്ടത്ത് ചാറ്റൽമഴയും കൊണ്ട് തിയറ്ററിലെത്തുന്നു. അതിരാവിലെ നാലുമണിക്ക് ആരാധകരുടെ ഇടയിലിരുന്ന് വിജയ് സിനിമ കാണുന്നു. എന്താ ഒരു ഫീൽ! മൂന്നു മണിക്കൂർ ഗ്യാപ്പില്ലാത്ത അഴിഞ്ഞാട്ടം. അടി, ഇടി, വെടി, പുക, കോമഡി, ആരാധകരുടെ ആവേശം. പക്കാ കൊമേഴ്സ്യൽ എന്റർടെയ്നറുമായാണ് ദളപതി വിജയ് ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം
ഇരുട്ടത്ത് ചാറ്റൽമഴയും കൊണ്ട് തിയറ്ററിലെത്തുന്നു. അതിരാവിലെ നാലുമണിക്ക് ആരാധകരുടെ ഇടയിലിരുന്ന് വിജയ് സിനിമ കാണുന്നു. എന്താ ഒരു ഫീൽ! മൂന്നു മണിക്കൂർ ഗ്യാപ്പില്ലാത്ത അഴിഞ്ഞാട്ടം. അടി, ഇടി, വെടി, പുക, കോമഡി, ആരാധകരുടെ ആവേശം. പക്കാ കൊമേഴ്സ്യൽ എന്റർടെയ്നറുമായാണ് ദളപതി വിജയ് ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം
ഇരുട്ടത്ത് ചാറ്റൽമഴയും കൊണ്ട് തിയറ്ററിലെത്തുന്നു. അതിരാവിലെ നാലുമണിക്ക് ആരാധകരുടെ ഇടയിലിരുന്ന് വിജയ് സിനിമ കാണുന്നു. എന്താ ഒരു ഫീൽ! മൂന്നു മണിക്കൂർ ഗ്യാപ്പില്ലാത്ത അഴിഞ്ഞാട്ടം. അടി, ഇടി, വെടി, പുക, കോമഡി, ആരാധകരുടെ ആവേശം. പക്കാ കൊമേഴ്സ്യൽ എന്റർടെയ്നറുമായാണ് ദളപതി വിജയ്, ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ജിഒഎടി–ഗോട്ട് ! ) എന്ന സിനിമയുമായി തിയറ്ററുകളിലെത്തിയിരിക്കുന്നത്.
താരം രാഷ്ട്രീയത്തിലേക്കു കാലെടുത്തുവച്ചതോടെ ഇനി അടുത്തൊന്നും വിജയ്‌യുടെ സിനിമ ഇതുപോലെ തിയറ്ററിലെത്തി ആരാധകരുടെ വൈബിനൊപ്പം കാണാൻ കഴിയില്ലെങ്കിലോ എന്നതാണ് പ്രധാന കാര്യം. അതുകൊണ്ട് ആരാധകർ കണ്ണുംപൂട്ടി ടിക്കറ്റ് എടുത്ത് അകത്തുകയറിയിട്ടുണ്ട്. ഇതിൽ എത്രപേർ കയ്യടിച്ചു? എത്രപേർ എസിയിൽ സുഖമായി കിടന്നുറങ്ങി ? ആർക്കറിയാം. ക്രിഞ്ചുകളുടെ മേളമാണ് സിനിമയിൽ പലയിടത്തും. സംവിധായകൻ മനഃപൂർവം സ്പൂഫ് ഇട്ടതാണോ എന്നു സംശയം തോന്നിപ്പോവും. എന്നിരുന്നാലും വിജയ് ആരാധകരെയും സിനിമാ പ്രേക്ഷകരെയും തൃപ്തിപ്പെടുന്ന വിഷ്വൽ ട്രീറ്റുമായാണ് സംവിധായകൻ വെങ്കട് പ്രഭുവിന്റെ വരവ്.
തല അജിത്തിന് ‘മങ്കാത്ത’ നൽകിയ വെങ്കട് പ്രഭുവാണ് ഗോട്ടിന്റെ സംവിധായകൻ എന്നതു മറക്കാതെയാണ് ഈ സിനിമ കാണേണ്ടത്. ആദ്യാവസാനം ലാഗ് അടിപ്പിക്കാത്ത സിനിമയാണ് ഗോട്ട്. മോശമല്ലാത്ത ഇന്റർവെൽ പഞ്ച്, ലാഗ് ഇല്ലാത്ത രണ്ടാംപകുതി എന്നിവയുണ്ട്. എന്നാൽ വിജയ് ആരാധകനല്ലാത്ത, ഒരു സാധാരണ പ്രേക്ഷകന് സിനിമ എത്രമാത്രം ദഹിക്കുമെന്നതും സംശയമാണ്.
‘ഒരു വെങ്കട് പ്രഭു ഹീറോ’ എന്നാണ് ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്റെ (ജിഓഎടി–ഗോട്ട് ! ) തുടക്കത്തിൽ സംവിധായകൻ എഴുതിക്കാണിക്കുന്നത്. സരോജയും ഗോവയും മങ്കാത്തേയുമൊക്കെ ചെയ്ത വെങ്കട് പ്രഭു അഴിഞ്ഞാടുന്നു. ബുദ്ധിപൂർവം പ്ലേസ് ചെയ്യുന്ന ബ്ലാക്ക് കോമഡികൾ, സ്വയം കളിയാക്കലുകൾ, വിമർശനങ്ങൾ, ക്ലീഷേകളെയും ക്രിഞ്ചുകളെയും എടുത്തുപയോഗിച്ച് അതിനെത്തന്നെ കളിയാക്കുന്ന ശൈലി. വെങ്കട് പ്രഭുവിന്റെ സ്ഥിരം നമ്പറുകൾ. അതിനകത്തേക്കാണ് തമിഴിന്റെ സ്റ്റൈൽ മന്നൻ വിജയ് കടന്നുവരുന്നത്.
പണ്ടു മുതൽ ഇന്നുവരെയുള്ള വിജയ് സിനിമകളുടെ പല പല റഫറൻസുകളും കഥാസന്ദർഭങ്ങളും കൃത്യമായി പ്ലേസ് ചെയ്തുകൊണ്ടാണ് വെങ്കട് പ്രഭു ഗോട്ട് ഒരുക്കിയിരിക്കുന്നത്. വിജയ് സിനിമകളിലെ പതിവ് 'അണ്ണൻ പാസം', 'തങ്കച്ചി പാസം' സംഗതികൾ സിനിമയിലുണ്ട്. എന്നാൽ ‘അച്ഛൻ ദളപതി’ ഇത്തരമൊരു ഡയലോഗടിക്കുമ്പോൾ ‘മകൻ ദളപതി’ ക്രിഞ്ച് ഡയലോഗെന്നു പറഞ്ഞ് കളിയാക്കുന്നുമുണ്ട്. ‘മരുതമലൈ മാമണിയേ മുരുകയ്യാ’ പാട്ട് മുതൽ പടയപ്പയുടെ ബിജിഎം വരെ കൃത്യമായി പ്ലേസ് ചെയ്തിട്ടുണ്ട്. ഗില്ലിയും മധുരൈയും മുതൽ ‘വിസിൽപോട്’ വരെയുണ്ട്. ഇതിനെല്ലാമുപരി വെങ്കട് പ്രഭു അണ്ണനൊപ്പം പതിവുപോലെ തമ്പി പ്രേംജി അമരനുമുണ്ട്!
ട്വിസ്റ്റോടു ട്വിസ്റ്റ് !
എസ്എടിഎസ് അഥവാ സ്പെഷൽ ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ ഫീൽഡ് ഏജന്റ് എം.എസ്.ഗാന്ധിയായും അദ്ദേഹത്തിന്റെ മകൻ ജീവനായും ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നത്. ഗാന്ധിയുടെ ടീമിൽ ഒപ്പമുള്ളത് ഒരു കാലത്ത് തമിഴ് സിനിമയെ ഇളക്കിമറിച്ച പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ എന്നിവരാണ്.
കെനിയയിൽവച്ച് ഒരു ട്രെയിൻ അറ്റാക്ക് ചെയ്ത് യുറേനിയം കൈക്കലാക്കാനുള്ള മിഷനുമായെത്തുകയാണ് എസ്എടിഎസ് ടീം. ഈ സീൻ തുടങ്ങുന്നത് ഒരു ഗംഭീര സർപ്രൈസുമായാണ്. ടൈറ്റിൽ കാർഡിനുമുൻപുതന്നെ തുടങ്ങിവയ്ക്കുന്ന ഈ ആക്ഷൻ സീക്വൻസോടെ കഥ എങ്ങോട്ടാണ് പോവുന്നതെന്ന് പ്രേക്ഷകർക്ക് പിടികിട്ടും. പിന്നീടങ്ങോട്ട് ചുമ്മാ ആ ഓളത്തിൽ പോയാൽ മതി. സ്നേഹ, മീനാക്ഷി ചൗധരി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ ലൈല, ഒരു സീനിൽ മാത്രം വന്നുപോകുന്ന കനിഹ തുടങ്ങി നടിമാരുടെ വലിയൊരുനിര തന്നെയുണ്ട്. ആർക്കും കാര്യമായൊന്നും ചെയ്യാനില്ല.
ഇതുവരെ ഇറങ്ങിയ വിജയ് സിനിമകളിലെ നല്ല സീക്വൻസുകളെ കോർത്തിണക്കാനാണോ വെങ്കട് പ്രഭു ശ്രമിക്കുന്നത് എന്ന് ചിലപ്പോൾ സംശയം തോന്നും. ക്ലൈമാക്സിനുമുൻപ് സസ്പെൻസുമായി എത്തിയ അതിഥിതാരങ്ങൾ ചിത്രത്തിന്റെ ബോണസ് പോയന്റാണ്.
അച്ഛൻ വിജയ്, മകൻ വിജയ്... ഇരുവരും ഒന്നിച്ചെത്തുന്ന രംഗങ്ങൾ പ്രേക്ഷകരിൽ ആവേശം നിറയ്ക്കും. അതിഗംഭീരമാണ് അതിന്റെ മേക്കിങും ഇരുവരുടെയും കഥാപാത്രങ്ങളെ പ്ലേസ് ചെയ്തിരിക്കുന്ന രീതിയും. അച്ഛനും മകനുമായും വിജയ് തകർത്തഭിനയിച്ചെന്നു പറയാം. ഒരുവശത്ത് മിതമായ അഭിനയം കാഴ്ചവയ്ക്കുമ്പോൾ മറുവശത്ത് ഇരുപതുകാരനായി അഴിഞ്ഞാടുകയാണ്.
‘ലിയോ’യ്ക്കുശേഷം വിജയ് സിനിമയക്ക് ഒരു ഗംഭീര ടൈറ്റിൽ കാർഡ് ഒരുക്കിയിട്ടുണ്ട് എന്നതാണ് ഏറെ രസകരമായ കാര്യം. പാട്ടുകൾ ഇറങ്ങിയ സമയത്ത് യുവൻശങ്കർ രാജ നേരിടേണ്ടിവന്ന കുറ്റപ്പെടുത്തലുകൾ സിനിമയിൽ പരമാവധി പരിഹരിച്ചിട്ടുണ്ട്. വെങ്കട് പ്രഭുവിന്റെ ‘മാമന്റെ മോൻ’ കൂടിയായ യുവൻശങ്കർ രാജയ്ക്ക് അധികം ചീത്ത വിളി കേൾക്കാതെ സംവിധായകൻതന്നെ കൈവച്ചിട്ടുണ്ട്. എന്നാൽപോലും അനിരുദ്ധ് ഒരു കൈവച്ചിരുന്നെങ്കിൽ എന്നു ചില സമയത്തു തോന്നും.
തമിഴ്സിനിമയുടെ പ്രിയപ്പെട്ട ക്യാപ്റ്റനു ട്രിബ്യൂട്ടുമായാണ് സിനിമ തുടങ്ങുന്നത്. എഐ ഉപയോഗിച്ച് വിജയകാന്തിനെ പുനഃസൃഷ്ടിക്കാനുള്ള വെങ്കട് പ്രഭുവിന്റെശ്രമം ഒരു പരിധിവരെ ആരാധകർക്ക് ഇഷ്ടപ്പെട്ടിട്ടുമുണ്ട്. എഐ കൊണ്ട് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. ദളപതിയുടെ കൗമാരകാലം വരെ എഐയിൽ ചെയ്തെടുത്തിട്ടുണ്ട്. വിജയ്‌യുടെ പല പ്രായത്തിലുള്ള രൂപം കൊണ്ടുവരാൻ വെങ്കട് പ്രഭു ഡീ ഏജിങ്ങിൽ കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്. മികച്ച രീതിയിലാണ് സിനിമയിൽ എഐ ഉപയോഗിച്ചിരിക്കുന്നത്.
സിനിമ റിലീസ് ആവുന്നതിനുമുൻപുതന്നെ ലോകംമുഴുവൻ കാര്യമായ കച്ചോടം നടന്നുകഴിഞ്ഞു. കോടികൾ പെട്ടിയിൽവീണു കഴിഞ്ഞു. അത്യാവശ്യം മോശമല്ലാത്ത, ഒരു ശരാശരി കഥയുണ്ടെങ്കിൽപ്പോലും ബോക്സ്ഓഫിസിൽ മെഗാഹിറ്റ് നൽകുമെന്ന് ഉറപ്പുള്ള സൂപ്പർതാരമാണ് വിജയ് എന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ നൂറു കോടി, ഇരുനൂറു കോടി കണക്കുകൾ പുറത്തുവന്നുകൊണ്ടിരിക്കുമെന്ന് ഉറപ്പാണ്.
ഗാന്ധിയൻ വിജയ്? ആക്‌ഷൻ ഹീറോ വിജയ്?
വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നതിന്റെ മുന്നോടിയായി ചില മാസ് സീനുകളും ഡയലോഗുകളും അതിനെ കളിയാക്കുന്ന തരത്തിൽ കൗണ്ടറടിക്കലുമൊക്കെ ചിത്രത്തിൽ അവിടിവിടെ ഇണക്കിച്ചേർത്തിട്ടുണ്ട്. രാഷ്ട്രീയ കണക്ഷൻ കാരണമാണോ വിജയ് കഥാപാത്രത്തിന് ഗാന്ധിയെന്ന പേരിട്ടത് എന്ന് സംശയം തോന്നും. ഗാന്ധി–ഫാദർ ഓഫ് ദ് നാഷൻ എന്ന് പലവട്ടം എടുത്തു പയറ്റുന്നുണ്ട്. എന്നാൽ ഇതേ ഡയലോഗിന് യോഗി ബാബുവിനെവച്ച് വെങ്കട് പ്രഭു ‘കൗണ്ടറ’ടിക്കുന്നുണ്ട് !
തമിഴ്നാട്ടിൽ എംജിആറിനുശേഷം രാഷ്ടീയത്തിൽ പയറ്റിത്തെളിഞ്ഞ ക്യാപ്റ്റൻ വിജയ്കാന്തിനെ മരണശേഷം സിനിമയിലേക്ക് കൊണ്ടുവന്നതുപോലും അത്തരമൊരു റഫറൻസ് ആണെന്ന് ആരാധകർ കണക്കുകൂട്ടുന്നുണ്ട്. ഒരു ആക്ഷൻ സീക്വൻസ് കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം പാട്ടുംകൂത്തുമായി വിജയ് ആഘോഷിക്കുന്ന സീനിൽ ‘‘ പാർട്ടി തുടങ്ങി, ക്യാംപെയ്ൻ തുറന്നുകഴിഞ്ഞു..നൻബൻമാർ കൂടെയുണ്ട്’’ എന്ന് വിജയ് പ്രഖ്യാപിക്കുന്നുണ്ട്. ‘ക്യാംപെയ്ൻ’ എന്നാണോ ‘ഷാംപെയ്ൻ’ എന്നാണോ എന്ന് പ്രശാന്തിനെക്കൊണ്ട് വെങ്കട്പ്രഭു ഒരു കൗണ്ടർ ചോദ്യം ചോദിപ്പിക്കുന്നുമുണ്ട് !
സംവിധായകന്റെ കയ്യൊപ്പ് !
ക്ലോൺ ചെയ്തതുപോലെ തമിഴിൽ ഒരേ കഥയുള്ള പല പല സിനിമകൾ വരുന്ന കാലമാണ്. രണ്ടാംഭാഗവും മൂന്നാംഭാഗവുമൊക്കെ പ്രഖ്യാപിച്ചാണ് പല സിനിമകളുംതീരുന്നത്. ഈ ശൈലിയെ ചിത്രത്തിന്റെ ‘ടെയിൽ എൻഡി’ൽ വെങ്കട് പ്രഭു കാര്യമായി കളിയാക്കുന്നുണ്ട്. ‘ഞാൻ പറയുമ്പോൾ പടം തീരും’ എന്ന് ചങ്ങാതി ക്ലീനായി പ്രഖ്യാപിക്കുന്നു.
സാങ്കേതികത്തികവിൽ പുലർത്തുന്ന കൃത്യത തിരക്കഥയിൽ കൂടി പ്രതിഫലിച്ചിരുന്നെങ്കിൽ ‘വേറെ ലെവലിൽ’ എത്തേണ്ട സിനിമയായിരുന്നു ‘ഗോട്ട്’. അജിത്തിനു ‘മങ്കാത്ത’ നൽകിയ വെങ്കട് പ്രഭു വിജയിലെത്തുമ്പോൾ ആ വാക്ക് പാലിച്ചില്ല എന്നതാണ് നിരാശ നൽകുന്നത്. എന്തായാലും ഒന്നുറപ്പാണ്. ആദ്യവട്ടം കാണുമ്പോൾ ഒരു ‘ടിപ്പിക്കൽ വിജയ് സിനിമ’യാണ് എന്ന തോന്നലുണ്ടാക്കുമെങ്കിലും രണ്ടാംവട്ടം ശ്രദ്ധിച്ചുകണ്ടാൽ ‘ഒരു ടിപ്പിക്കൽ വെങ്കട് പ്രഭു സിനിമ’യാണ് എന്ന് തിരിച്ചറിയാൻ കഴിയും.