അനിയനെ നായകനാക്കുന്ന സന്തോഷം: ‘ആദി’യെക്കുറിച്ച് ജീത്തു ജോസഫ്

വാനോളം പ്രതീക്ഷകളുമായാണ് പ്രണവ് മോഹൻലാൽ നായകനാകുന്ന ‘ആദി’ അണിയറയിൽ ഒരുങ്ങുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് അദ്ദേഹം പൂജാവേളയിൽ പറഞ്ഞതിങ്ങനെയാണ്. 

‘‘ഞാൻ സംവിധാനം ചെയ്യുന്ന ഒൻപതാമത്തെ സിനിമയാണ് ആദി. മറ്റ് എട്ട് സിനിമകൾക്കും ഇല്ലാത്ത ടെൻഷനാണ് എനിക്ക് ഇപ്പോൾ ഉള്ളത്. ഇതൊരു വലിയ ഉത്തരവാദിത്തം ആണ്. ഈ സിനിമ അനൗൺസ് ചെയ്ത് കഴിഞ്ഞ് ഒരുപാട് മെസേജുകളും കോളുകളും വരുന്നുണ്ടായിരുന്നു എനിക്ക്. എന്താണ് പ്രണവിന്റെ ക്യാരക്ടർ, ടൈറ്റിൽ എന്താണ് ? ഇതിന്റെ പൂജയും മറ്റുകാര്യങ്ങളെയും കുറിച്ച് ആന്റണിയോട് സംസാരിച്ച സമയത്ത് ഞാൻ പറഞ്ഞു എനിക്ക് എത്രയും പെട്ടെന്ന് ഈ സിനിമയുടെ ടൈറ്റിലും മറ്റ് കാര്യങ്ങളും അനൗൺസ് ചെയ്യണം. അത്രയ്ക്ക് പ്രഷർ ഉണ്ടായിരുന്നു. അന്ന് എനിക്ക് മനസ്സിലായി മലയാളികൾ അപ്പുവിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും ആ വരവിന് വേണ്ടി കാത്തിരിക്കുന്നുണ്ടെന്നും.ഈ വലിയ ഉത്തരവാദിത്വം എന്നെ എൽപ്പിച്ച ലാലേട്ടനും സുചിചേച്ചിയ്ക്കും ഒരുപാട് നന്ദി. അപ്പു എന്റെ രണ്ട് പടങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്. എന്റെ അനിയനെ വെച്ച് സിനിമ ചെയ്യുന്ന സന്തോഷത്തിലാണ് ഞാൻ. സിനിമ ഒരു കൂട്ടായ്മയാണ്. ഞാനും ഈ സിനിമയുടെ അണിയറ പ്രവർത്തകരും ഞങ്ങളുടെ മക്സിമം ഈ സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്യും. പിന്നെ ഈ സിനിമയുടെ ആത്മാവ് എന്റെ സുഹൃത്തായ, ഈ സിനിമയുടെ പ്രൊഡ്യൂസർ കൂടിയായ ആന്റണി എന്നോട് പറഞ്ഞത് "അണ്ണാ..ഒന്നുകൊണ്ടും പേടിക്കണ്ട..അണ്ണന് എന്ത് വേണമെങ്കിലും ചോദിച്ചോ..അണ്ണന് വേണ്ട എല്ലാ കാര്യങ്ങളും ഞാൻ പ്രൊവൈഡ് ചെയ്തിരിക്കും..നമ്മൾ നല്ല സ്ട്രോങ്ങായിട്ട് നിന്ന് ഇതൊരു നല്ല സിനിമയായ് ചെയ്തെടുക്കും..ആന്റണിയ്ക്ക് ഒരുപാട് നന്ദി.’’

പുജയുടെ അന്ന് ജീത്തു പറഞ്ഞ വാക്കുകളാണിവ. ഒരുഗ്രൻ ആക്ഷൻ ത്രില്ലറാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് സൂചന. കെട്ടിടങ്ങളിൽ നിന്ന് കെട്ടിടങ്ങളിലേക്ക് ചാടി മറിയുന്ന അപകടം പിടിച്ച ആക്ഷൻ സീക്വൻസുകൾ സിനിമയിലുണ്ടാകും. ആദ്യ പോസ്റ്ററിൽ തന്നെ പ്രണവ് ഒരു കെട്ടിടത്തിനു മുകളിൽ നിൽക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. താരപുത്രന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.