ശക്തമായ കഥാപാത്രവുമായി തമ്പി ആന്റണി; പുഴയമ്മ

സാമൂഹ്യപ്രാധാന്യമുള്ള വിഷയവുമായി തമ്പി ആന്റണി പ്രധാനവേഷത്തിലെത്തുന്ന പുഴയമ്മ.  നാടിന്റെ സമ്പത്തായ നദികളെ നശിപ്പിക്കുന്നതിനെതിരായ ബോധവത്കരണമാണ് ഈ ചിത്രം. പൂര്‍ണമായും പുഴയില്‍ മാത്രം ചിത്രീകരിക്കുന്നെന്നതാണ് വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രത്യേകത.

പുഴയമ്മയിൽ ബേബി മീനാക്ഷി, തമ്പി ആന്റണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. ചീനവലത്തട്ടിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അച്ഛനും മകളും. പുഴ നേരിടുന്ന പ്രശ്നങ്ങളെ ഒരു പതിമൂന്നുകാരിയുടെ കണ്ണുകളിലൂടെ കാണുകയാണ് ചിത്രത്തില്‍. പുഴകളെ മലിനപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരേ അവള്‍ തീര്‍ക്കുന്ന പ്രതിരോധത്തിന്റെ കഥയാണ് 'പുഴയമ്മ' പറയുന്നത്.  പുഴയില്ലാത്ത ഒരു രംഗം പോലും സിനിമയിലുണ്ടാവില്ല എന്നതായിരിക്കും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ശിവനേസൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് തമ്പി ആന്റണി അവതരിപ്പിക്കുന്നത്. തമ്പി ആന്റണിയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവാകുന്ന കഥാപാത്രമാകും ശിവനേസൻ. മഴ എന്ന പെൺകുട്ടിയെ മീനാക്ഷി അവതരിപ്പിക്കുന്നു. ഹോളിവുഡ് നടി റോസ ലിൻഡയും ചിത്രത്തിലൊരു ഭാഗമാകുന്നുണ്ട്.

സലീല്‍ ചൗധരിയുടെ മകന്‍ സഞ്ജയ് ചൗധരി സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം  മധു അമ്പാട്ട്, ലോകനാഥന്‍. ചേരാനല്ലൂർ, കൊച്ചി എന്നിവ പ്രധാനലൊക്കേഷൻ. നിർമാണം ഗോകുലം മൂവീസ്.