ലോകത്തെ തന്നെ ഏറ്റവും ശക്തരായ അധോലോക കുടുംബമാണ് ഗാംബിനോസ്. യാതൊരു തുമ്പും അവശേഷിപ്പിക്കാതെയാണ് അവരുടെ കൊലപാതക രീതി. അമേരിക്കയിൽ താമസമാക്കിയ ഈ ഇറ്റാലിയൻ കുടുംബത്തിനെ പൊലീസിനുപോലും ഭയമായിരുന്നു. ഈ ഭീകര കുടുംബത്തിൽനിന്നു പ്രചോദനമുള്‍ക്കൊണ്ട് നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് ഗാംബിനോസ്’.
മലബാർ ആണ് കഥാപശ്ചാത്തലം. കുറ്റകൃത്യങ്ങളിൽ ഗാംബിനോസിന്റെ രീതി പിന്തുടരുന്ന കുടുംബം. ഭരണകൂടത്തിനും പൊലീസിനും നിരന്തരം വെല്ലുവിളി സ്യഷ്ടിക്കുന്ന കുടുംബം അറിയപ്പെടുന്നതും ഗാംബിനോസ് എന്നാണ്.
ചോര കൊണ്ട് എഴുതിയ അധോലോകത്തിന്റെ നിഗൂഢതകൾ നിറഞ്ഞ കഥയുമായാണ് ചിത്രം എത്തുന്നത്. സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.
സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയന്‍ നായകനാകുന്ന ചിത്രത്തിൽ രാധിക ശരത്കുമാർ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ് നടൻ സമ്പത്ത്, ശ്രീജിത് രവി, നീരജ , സിജോയ് വർഗീസ്, മുസ്തഫ, സാലു കെ. ജോർജ് എന്നിവരാണ് മറ്റുതാരങ്ങൾ. ഓസ്ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരൂ ബ്രോഡ്കാസ്റ്റിങ്ങിന്റെ ബാനറിലാകും റിലീസ്.
രചന സക്കീർ മഠത്തിൽ. ഛായാഗ്രഹണം എൽബൻ കൃഷ്ണ. സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ഷഫീഖ് മുഹമ്മദ്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.