‘അയാൾ ജീവിച്ചിരിപ്പുണ്ട്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

വ്യാസൻ കെപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അയാൾ ജീവിച്ചിരിപ്പുണ്ട്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ സംവിധായകൻ ഈ പോസ്റ്ററിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ്. മനോരമ ഓൺലൈനിലൂടെയാണ് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറങ്ങിയത്.

തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയാൾ ജീവിച്ചിരിപ്പുണ്ട്’. സുഹൃദ്ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ വിജയ് ബാബുവും കമ്മട്ടിപ്പാടത്തിലെ ബാലനെ അവതരിപ്പിച്ച് ഗംഭീരമാക്കിയ മണികണ്ഠനുമാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.

ജയ് ബാബു, വ്യാസൻ കെപി, മണികണ്ഠൻ

ജീവിതത്തിലെ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന രണ്ടുപേരുടെ യാത്രയാണ് സിനിമയുടെ പ്രമേയം. പോസ്റ്ററിലൂടെയും സംവിധായകൻ ഈ വിഷയമാണ് പ്രേക്ഷകകരിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ലോക പ്രശസ്തനായ, നിരവധി പുരസ്കാരങ്ങൾ നേടിയ എഴുത്തുകാരൻ ജോൺ മാത്യു മാത്തനായി വിജയ് ബാബുവും മത്സ്യത്തൊഴിലാളിയായ മുരുകനായി മണികണ്ഠനും എത്തുന്നു. ഇവർ ഒരു ഒരു പ്രത്യേക സാഹചര്യത്തിൽ പരിചയപ്പെടുകയും ആ കണ്ടുമുട്ടൽ പുതിയൊരു സൗഹൃദത്തിനു തുടക്കംകുറിക്കുകയുമാണ്.

മറാത്തി നായിക നമ്രത ഗെയ്ക്ക്‌വാദ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കിഷോര്‍ സത്യ, സുധീര്‍ കരമന, ഹരീഷ് പേരടി, ചാലി പാല, മജീദ്, ഗോകുല്‍, പ്രസാദ് കണ്ണന്‍, മഹേഷ്, വി.കെ. ബൈജു, വിവേക് മുഴക്കുന്ന്, ശ്യാം എസ്., ശ്രീജിത്ത്, മനു, ഫട്ടാന്‍, ഗോറി, അമിത്, ജിബി, ഡിവിഷ് മണി, തെസ്നിഖാന്‍, ഐഷാറാണി തുടങ്ങിയവരാണ് മറ്റു പ്രമുഖതാരങ്ങള്‍..

ഫോർട്ടുകൊച്ചി, ഗോവ എന്നിവയാണ് പ്രധാനലൊക്കേഷൻ. ദേശിയ അവാർഡ്‌ ജേതാവ്‌ ഹരിനായർ കാമറ ചലിപ്പിക്കുന്നു. സംഗീതം ഔസേപ്പച്ചൻ. 44 ഫിലിംസാണു നിർമാണം.