ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണവുമായെത്തിയ ബാഹുബലി കേരളത്തിലെ മിക്ക സ്ക്രീനുകളിലും നിറഞ്ഞോടുകയാണ്. കോടികൾ വാരി ചിത്രം മുന്നോട്ട് കുതിക്കുമ്പോൾ മലയാള സിനിമകൾ കിതയ്ക്കുകയാണ്. ബാഹുബലി വന്ന സമയത്ത് തീയറ്ററിലുണ്ടായിരുന്ന ചിത്രങ്ങൾ പടിക്കു പുറത്തായി. റിലീസ് ചെയ്യേണ്ടിയിരുന്ന ഒരുപാട് സിനിമകൾ നീട്ടി വച്ചു. ചുരുക്കത്തിൽ വെട്ടിലായത് ഇൗ ചിത്രങ്ങൾക്കായി പണം മുടക്കിയ നിർമാതാക്കൾ. സത്യത്തിൽ അന്യഭാഷാ സിനിമയായ ബാഹുബലി കേരളത്തിൽ വലിയ വിജയം നേടിയത് മലയാള ചലച്ചിത്ര വ്യവസായത്തിന് ഗുണകരമായോ ?
രഞ്ജന്‍ പ്രമോദ് (സംവിധായകൻ)
സ്വാഭാവികമായും വമ്പൻ സ്രാവുകൾ കോടികൾ മുടക്കിയ സിനിമകളുടെ വലിയ റിലീസുമായി വരുന്ന സമയത്ത് ചെറിയ സിനിമകളെ അത് ബാധിക്കും. അവർ വലിയ ഒച്ചപ്പാടും ബഹളവുമായി വരുന്നതുകൊണ്ട് പ്രേക്ഷകശ്രദ്ധ കൂടുതൽ പിടിച്ചുപറ്റുന്നു.
ഇതൊരു വാസ്തവമാണ്. ഇതിന് പരിഹാരമില്ല. കാരണം ഇത് ബിസിനസ് ആണ്. അവർ പ്രതീക്ഷിക്കുന്ന പബ്ലിസിറ്റിയിൽ തിയറ്ററുകാരെ കയ്യിലെടുക്കുകയാണ്. അതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കോടികൾ മുടക്കുന്ന ഇതുപോലെയുള്ള സിനിമയിൽ ഒരു തരത്തിലുമുള്ള കലാപരമായ പരീക്ഷണങ്ങൾ നടത്തില്ല. കാരണം മുതൽ മുടക്ക് വലുതാണ്. നേരത്തേ പരീക്ഷിക്കപ്പെട്ടിട്ടുള്ള പഴയ സിനിമകൾ തന്നെയാണ് ആവർത്തിക്കുന്നത്. അല്ലാതെ അതിൽ ഒരു പരീക്ഷണം നടത്താൻ പറ്റില്ല.
കലാപരമായ അംശങ്ങളുള്ള പരീക്ഷണങ്ങൾ നടത്തുന്ന നന്മകൾ പറയാൻ ശ്രമിക്കുന്ന സിനിമകൾ മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ് . അത്തരം സിനിമകൾ വലിയ കോർപ്പറേറ്റുകൾ ഇതുപോലെ വിതരണം ചെയ്യാൻ തയാറാവില്ല. നമ്മൾ നിർമ്മിച്ചു കഴിഞ്ഞ് അതിന്റെ വിതരണം വൻ കോർപ്പറേറ്റിനെ ഏൽപ്പിക്കാം. എന്നിരുന്നാലും ഇത്തരത്തിലുള്ള സിനിമകൾക്ക് കിട്ടുന്നതുപോലെ വലിയ റിലീസ് കിട്ടില്ല.
ഫ്രാൻസിലും ലോകത്തിന്റെ എല്ലാ രാജ്യങ്ങളിലും വലിയ പ്രൊഡക്ഷൻസ് വരുന്ന സമയത്ത് ആ പ്രദേശത്തുണ്ടാകുന്ന ചെറിയ സിനിമകളെ ബാധിക്കപ്പെട്ടിട്ടുണ്ട്. വലിയ സൂപ്പർമാർക്കറ്റുകൾ വരുമ്പോള്‍ ചെറിയ കടകൾ അവസാനിക്കുന്നതുപോലെ. എല്ലാം ബിസിനസിന്റെ ഭാഗമാണ്. അതിനെ അതിജീവിച്ചേ പറ്റു നമ്മുടെ പ്രാദേശിക സിനിമകൾ. നമ്മുടെ നാട്ടില്‍ സിനിമകൾക്ക് സർക്കാറിന്റെ ഭാഗത്തുനിന്നും ഒരു സംരക്ഷണം ഉണ്ടാകണം. പ്രാദേശിക സിനിമകൾക്ക് ഒരു പ്രോത്സാഹനം ഉണ്ടാകണം. എങ്ങനെയാണോ പരമ്പരാഗത കലയായ ഓട്ടംതുള്ളലിനെ സംരക്ഷിക്കുന്നത് അതുപോലെ തന്നെ മലയാള സിനിമകളിലെ ചെറിയ ചെറിയ ശ്രമങ്ങളെ അതായത് ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ആകുന്ന സമയത്ത് നമ്മുടെ മലയാള സിനിമയെ പ്രദർശിപ്പിക്കുന്നതിനുവേണ്ടി തിയറ്ററുകൾ ഉണ്ടാകുമെന്ന് ഉറപ്പ് വരുത്തണം.
മലയാള സിനിമ നന്നായി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് (രക്ഷാധികാരി ബൈജു പോലുള്ള സിനിമ) ചില തിയറ്ററുകളിൽ ബാഹുബലി വന്നപ്പോൾ ഈ സിനിമ എടുത്തുമാറ്റി. അതേ സമയം മലയാള സിനിമയാണ് വന്നിരുന്നെങ്കിൽ ഹോൾഡ് ഓവർ വരാതെ ആ സിനിമ തിയറ്ററിൽ നിന്നു മാറ്റാൻ പറ്റില്ല. ഈ നിയമങ്ങളൊന്നും പുറത്തുനിന്നുവരുന്ന പ്രൊഡക്ഷൻസിനു ബാധകമാകുന്നില്ല.
അതിനു കാരണം അവരുടെ പടത്തിന് അത്രയ്ക്ക് പ്രതീക്ഷയാണ് ഉള്ളത്. അവര് പറയുന്നത് കേൾക്കാൻ തിയറ്ററുകാർ തയാറാകും. നേരത്തേ തന്നെ തിയറ്ററുകാരുടെ കയ്യിൽ നിന്നും സമ്മതപത്രം എഴുതിവാങ്ങിക്കുകയാണ് . നമ്മൾ മലയാള സിനിമ റിലീസിങ്ങിനു കൊടുക്കുമ്പോൾ തിയറ്ററുകാർ പറയും സമ്മതപത്രം എഴുതി വാങ്ങിയ കാര്യം പറയും.
ബാഹുബലി റിലീസ് ചെയ്യുന്ന സമയത്തുള്ള പ്രതീക്ഷ രക്ഷാധികാരി ബൈജുവിന് ഇല്ല. രക്ഷാധികാരി ബൈജു മൗത്ത് പബ്ലിസ്റ്റിയിലൂടെയാണ് ബാഹുബലിയേക്കാൾ വലിയ സിനിമയായി മാറുന്നത്. കേരളത്തിൽ തരംഗമായി മാറുന്ന സമയത്ത് കൂടുതൽ തിയറ്ററുകളും കൂടുതൽ സ്ക്രീനുകളും കിട്ടി ഈ സിനിമ കൂടുതൽ വളരും. ബാഹുബലിക്ക് കിട്ടിയ തുക പോലെ ഒരിക്കലും വലിയ കലക്ഷൻ രക്ഷാധികാരിബൈജുവിന് കിട്ടില്ല. അത് വേറൊരു വാസ്തവം.
ബാഹുബലി ഒരു കോർപ്പറേറ്റ് സിനിമയാണ്. അത്തരം സിനിമകൾ മലയാളത്തിനില്ല. ഇവിടെ കോർപ്പറേറ്റ് സിനിമകളും ഇൻഡിപെന്റന്റ് സിനിമകളുമാണ് ഉള്ളത്. നമ്മുടേത് ചെറുകിട ഇൻഡിപെന്റന്റ് പ്രൊഡ്യൂസേഴ്സ് ആണ്. ഒരു വ്യക്തി അല്ലെങ്കിൽ രണ്ടുമൂന്ന് വ്യക്തികൾ ചേർന്ന് പ്രൊഡ്യൂസ് ചെയ്യുന്നു. ഇതിന് ഇൻഡിപെന്റന്റ് ഫിലിം എന്നാണ് പറയുന്നത്.
ഇൻഡിപെന്റന്റ് സിനിമകൾക്ക്, കോർപ്പറേറ്റുകൾ ഉണ്ടാക്കുന്ന വലിയ സിനിമകളും അവരുടെ മാർക്കറ്റിങ്ങും പണവും എന്നും ഒരു വെല്ലുവിളി തന്നെയാണ്. ഈ വെല്ലുവിളി കൂടിക്കൊണ്ടിരിക്കുകയേ ഉള്ളൂ. കാരണം നമ്മുടെ ഇൻഡസ്ട്രിയും ഒരു ഗ്ലോബൽ മാർക്കറ്റായി മാറി. എല്ലാ ഭാഷകളിലും ഉള്ള സിനിമകൾ നമ്മുടെ നാട്ടിൽ ഉണ്ട്. നമ്മളും ഇനി ഗ്ലോബൽ മാർക്കറ്റില്‍ സിനിമകൾ ഉണ്ടാക്കാൻ തുടങ്ങണം. എങ്കിലേ നമുക്കും വിജയിക്കാനും കോർപ്പറേറ്റ് തരംഗത്തിൽ പിടിച്ചു നിൽക്കാനും സാധിക്കൂ. നമ്മുടെ സിനിമ എങ്ങനെയാണ് ഗ്ലോബൽ മാർക്കറ്റിലേക്ക് എത്തിക്കുക എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.
ബേസിൽ ജോസഫ് (സംവിധായകൻ)
റിലീസ് നീട്ടിവച്ചത് ബാഹുബലി സിനിമ കൊണ്ടു മാത്രമാണ്. കഴിഞ്ഞ ആഴ്ച സ്ക്രീനുകൾ വളരെ കുറവായിരുന്നു. എന്നാൽ ഇതിൽ പരാതിയോ പരിഭവമോ ഇല്ല. ഏറെ വർഷത്തെ അദ്ധ്വാനത്തിന് ശേഷം വന്ന സിനിമയാണ് ബാഹുബലി 2. അവർ അർഹിച്ച വിജയം നേടുകയും ചെയ്തു.
സ്ക്രീൻ കുറഞ്ഞപ്പോൾ റിലീസ് നീട്ടിവച്ചു. ഈ ആഴ്ച സ്ക്രീൻ കൂടി. ചില പ്രധാനപ്പെട്ട സ്ക്രീനുകള്‍ ഗോദയ്ക്ക് ലഭിച്ചു. അതിൽ സന്തോഷം ഉണ്ട്.
വിജയ് ബാബു (നടൻ, നിർമാതാവ്)
അന്യഭാഷ ചിത്രങ്ങളുടെ ആധിപത്യം മലയാളസിനിമയ്ക്ക് ദോഷം ചെയ്യുകയേ ഒള്ളൂ. എന്നാൽ അതിനെ ബാഹുബലിയുമായി താരതമ്യം ചെയ്യരുത്. ബാഹുബലി ഒരു മലയാളസിനിമയായാണ് റിലീസ് ചെയ്തത്. മാത്രമല്ല ബാഹുബലി ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ്. വർഷങ്ങളുടെ പ്രയത്നം കൊണ്ടുവരുന്ന ചിത്രം. അത് കേരളത്തിൽ മാത്രമല്ല റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞോടുകയാണ്. ഹിന്ദി സിനിമകൾ കാണാൻ പോലും ആളില്ലാത്ത അവസ്ഥ. എന്നാൽ കേരളത്തിൽ യഥാർത്ഥ പ്രശ്നം വരുന്നതേ ഒള്ളൂ.
അന്യഭാഷ ചിത്രങ്ങൾ അവിടെ റിലീസ് ചെയ്ത ഒരാഴ്ചയ്ക്ക് ശേഷമേ കേരളത്തിൽ റിലീസ് ചെയ്യേണ്ടതൊള്ളൂ എന്നതാണ് ഈ വിഷയത്തിൽ എന്റെ തീരുമാനം. അവിടെ വിജയിച്ചാൽ കേരളത്തിലും ആ ചിത്രം ഓടും. മലയാളത്തെ തഴഞ്ഞ് അന്യഭാഷയില ഒരുപാട് മോശം ചിത്രങ്ങള്‍ക്ക് ഇവിടെ ഇത്രവലിയ സ്വീകാര്യത കൊടുക്കുന്നത് എന്തിനാണ് .
നല്ല സിനിമകൾ മലയാളികൾ കാണണം. മാത്രമല്ല അന്യഭാഷ താരങ്ങൾക്കും ഇവിടെ മാർക്കറ്റ് ഉണ്ട്. ബഡ്ജറ്റിന്റെ കാര്യത്തിൽ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളോട് മലയാളത്തിന് പിടിച്ച് നിൽക്കാൻ സാധിക്കില്ല. നമ്മൾ സിനിമയുടെ ക്വാളിറ്റിയിലാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നത്.
ഇവിടെ ഒരു മലയാളചിത്രം റിലീസ് തീരുമാനിക്കുമ്പോഴേ തിയറ്റർ ഉടമകൾ പറയും ‘രണ്ടാഴ്ച പ്രദർശിപ്പിക്കാമെന്ന കരാറിലെ റിലീസ് ചെയ്യാനാകൂ, അടുത്ത വലിയ പടം വരുമ്പോൾ ചിത്രം മാറ്റും’. ഇതുകേൾക്കുമ്പോൾ നിർമാതാക്കൾ റിലീസ് മാറ്റിവക്കും. സത്യം പറഞ്ഞാൽ അന്യഭാഷ ചിത്രങ്ങളുടെ റിലീസ് നോക്കി മലയാളചിത്രങ്ങൾ പുറത്തിറക്കേണ്ട അവസ്ഥയാണ് ഇപ്പോൾ.
അങ്ങനെ റിലീസ് നീട്ടി നീട്ടി അഞ്ചോ ആറോ മലയാളചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്യുന്നു. ഇതോടെ പ്രേക്ഷകരും സിനിമയുടെ നിർമാതാവും കുഴങ്ങും.
സാബു ചെറിയാൻ (നിർമാതാവ്)
ഒരു സിനിമയുടെയും റിലീസ് തടയാൻ പാടില്ല എന്ന അഭിപ്രായമാണ് എന്റേത്. പ്രേക്ഷകനെ സംബന്ധിച്ചടത്തോളം നല്ലതും വലുതുമായ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണ്. ജനങ്ങളെ വീണ്ടും തിയറ്ററുകളിലേക്ക് ആവേശത്തോടെ എത്തിക്കാൻ പ്രാപ്തിയുള്ള സിനിമകളാണ് ബാഹുബലി പോലുള്ള സിനിമകൾ. അതിനെ തെറ്റായരീതിയിൽ കാണേണ്ടതില്ല.
സർക്കാർ ഉടമസ്തഥയിലുള്ള തിയറ്ററുകളിൽ മലയാളസിനിമകൾക്ക് മുൻഗണനകൊടുക്കണമെന്ന് പലരും പറഞ്ഞുകേട്ടു. സർക്കാർ തിയറ്ററുകളിൽ അവിടെയുള്ള ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാരല്ല. തിയറ്ററിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് അവരുടെ ശമ്പളം. മാത്രമല്ല തിയറ്ററുകളുടെ നവീകരണത്തിനും ഉപയോഗിക്കുന്നത് ഈ തുക തന്നെ.
കൊമേഴ്സ്യൽ സിനിമകൾ ഓടിച്ചാൽ മാത്രമേ ഈ തുക പിരിഞ്ഞ് കിട്ടൂ. അല്ലെങ്കിൽ അവരുടെ ശമ്പളവും അവതാളത്തിലാകും. മാത്രമല്ല ഒരു സിനിമ കാണാൻ മിനിമം പതിനഞ്ച് പേരെങ്കിലും തിയറ്ററുകളിൽ ചെന്നെങ്കിലേ കറണ്ട് കാശെങ്കിലും നഷ്ടം വരാതിരിക്കൂ.
ഇവിടെ സൗജന്യമായി പ്രദർശനം നടത്തിയാൽ പോലും സിനിമ കാണാൻ ആളുകൾ വരാറില്ല. ജനങ്ങൾ അവർ ഇഷ്ടപ്പെടുന്ന സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവരാണ്. നിർബന്ധിച്ച് ആരെയും കാണിക്കാനുള്ളതല്ല സിനിമ.