ബോളിവുഡിനെയും മറികടന്ന് മമ്മൂട്ടി നായകനാകുന്ന ദ് ഗ്രേറ്റ് ഫാദർ. സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന ഗ്രേറ്റ് ഫാദർ ടീസർ ഇതിനോടകം കണ്ടുകഴിഞ്ഞത് അൻപത് ലക്ഷത്തിന് മുകളിൽ ആളുകളാണ്. ആമിർ ഖാന്റെ ബോക്സ്ഓഫീസ് ഹിറ്റ് ചിത്രം ദംഗൽ സിനിമയുടെ ഫെയ്സ്ബുക്ക് ട്രെയിലർ വ്യൂസ് വെറും മൂന്നുദിവസം കൊണ്ടാണ് ഗ്രേറ്റ് ഫാദർ ടീസർ മറികടന്നത്. മലയാളത്തിൽ ഇതെക്കാലത്തെയും വലിയ റെക്കോര്‍ഡ് തന്നെയാണ്.
മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പ് തന്നെയാണ് ടീസറിന്റെ പ്രധാനആകർഷണം. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഗ്രേറ്റ് ഫാദറിന്റെ വരവ്. അത് വെറുതെയുമായില്ല. സകല റെക്കോര്‍ഡുകളും ഇത് തകർത്തെറിഞ്ഞു. മൂന്നരമണിക്കൂറിനുള്ളിൽ പത്ത് ലക്ഷം ആളുകളാണ് ടീസർ കണ്ടത്. ക്രോസ് പോസ്റ്റിങ് എന്ന ഫെയ്സ്ബുക്കിന്റെ പുതിയ രീതിയാണ് ഇതിൽ ഉപയോഗിച്ചത്.
ആരാധകരെ ആവേശത്തിലാക്കുന്ന ടീസറാണ് ചിത്രത്തിന്റേത്. സിഗരറ്റ് വലിച്ച് ഒരു കെട്ടിടത്തിൽ നിന്നും ഇറങ്ങി വരുന്ന മമ്മൂട്ടിയെ ആണ് ടീസറിൽ കാണിക്കുന്നത്. ഡേവിഡ് നൈനാൻ എന്ന കഥാപാത്രത്തിന്റെ മാസ് ഇൻട്രൊ സീൻ ആണ് ടീസറിലൂടെ പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നത്. അമൽ നീരദ് ചിത്രമായ ബിഗ് ബി പോലെ സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായിരിക്കും ദ് ഗ്രേറ്റ് ഫാദർ. ചിത്രത്തിന്റെ ടീസറും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.
ആരാധകര്‍ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗ്രേറ്റ് ഫാദര്‍'. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെ തരംഗമായി മാറിയിരുന്നു. മാത്രമല്ല സിനിമയുടെ മോഷൻ പോസ്റ്ററും യൂട്യൂബ് റെക്കോർഡുകൾ പിഴുതെറിഞ്ഞിരുന്നു.
2017 മാർച്ച് 30നാകും ഗ്രേറ്റ് ഫാദർ തിയറ്ററുകളിലെത്തുക. നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്ഷൻ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടൻ ആര്യ പ്രധാനവേഷത്തിലെത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദര്‍.