ചാർലിയെ തകർത്ത് കലി

dq

ദുൽക്കറിന്റെ പുതിയ ചിത്രം കലിയുടെ ട്രെയിലര്‍ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു. ദുൽക്കറിന്റെ തന്നെ ചിത്രമായ ചാർലി ട്രെയിലറിന്റെ റെക്കോർഡും കലി തകർത്തു. 24 മണിക്കൂറുകൾ കൊണ്ട് 4 ലക്ഷം പേരായിരുന്നു ചാർലി ട്രെയിലർ കണ്ടത്. വെറും 22 മണിക്കൂറുകൾ കൊണ്ട് കലിയുടെ ട്രെയിലർ കണ്ടത് 4 ലക്ഷത്തിന് മുകളിൽ ആളുകൾ.

മാർച്ച് 15ന് പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം ഏഴ് ലക്ഷത്തോളം ആളുകൾ കണ്ട് കഴിഞ്ഞു. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി എന്ന ചിത്രത്തിന് ശേഷം സമീർ താഹിറും ദുൽക്കറും ഒന്നിക്കുന്ന ചിത്രമാണ് കലി. പ്രേമം സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ സായി പല്ലവിയാണ് നായിക.‌

മൂക്കിന്റെ തുമ്പത്ത് ദേഷ്യവുമായി നടക്കുന്ന കഥാപാത്രത്തെയാണ് ദുൽക്കർ അവതരിപ്പിക്കുന്നത്. ഒരു ന്യൂജനറേഷന്‍ ബാങ്കിന്റെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറാണ് സിദ്ധാര്‍ത്ഥ്. ഇയാളുടെ ജീവിതത്തിലെ അഞ്ച് മുതല്‍ 28 വയസ്സ് വരെയുള്ള കാലയളവാണ് സിനിമയുടെ പ്രമേയം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. രാജേഷ് ഗോപിനാഥാണ് തിരക്കഥയും സംഭാഷണവും. ആഷിക് ഉസ്മാന്‍, സമീര്‍ താഹിര്‍,ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് ഹാന്‍ഡ് മെയ്ഡ് ഫിലിംസിന്റെ ബാനറില്‍ ചിത്രം നിർമിക്കുന്നു. ചിത്രം മാർച്ച് 26ന് പുറത്തിറങ്ങും.