ജീവിതത്തിൽ ആദ്യമായും അവസാനമായും അരവിന്ദേട്ടനെ കണ്ട രംഗങ്ങൾ എനിക്കു മറക്കാനാവില്ല. പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ രണ്ടാംവർഷ വിദ്യാർഥി ആയിരിക്കെയാണ് ആദ്യ കൂടിക്കാഴ്ച. അക്കാലത്ത് ഇൻസ്‌റ്റിറ്റ്യൂട്ടിലെത്തിയ രാമു കാര്യാട്ട് എന്നെ പരിചയപ്പെട്ടിരുന്നു. കൊച്ചിയിൽ നടൻ ദിലീപ് കുമാർ എത്തുമ്പോൾ അത് ഫിലിമിലാക്കാൻ അദ്ദേഹം എന്നെയാണ് ചുമതലപ്പെടുത്തിയത്. അതിന് ആവശ്യമായ കുറച്ചു ഫിലിമും അദ്ദേഹം എനിക്കു തന്നു.
ചെന്നൈയിലെ വിക്രം സ്‌റ്റുഡിയോയിലെ ലാബിലാണ് ഈ ഫിലിം പ്രോസസ് ചെയ്‌തത്. നെഗറ്റീവ് പരിശോധിക്കാനായി ഞാൻ ചെന്നൈയിലെത്തി. സ്വാമീസ് ലോഡ്‌ജിലാണ് താമസം. ഒരുദിവസം രാത്രി പത്തുമണിയോടെ ഞാൻ ലോഡ്‌ജിലേക്ക് നടന്നു പോകുമ്പോൾ അരവിന്ദനും സംഘവും എതിരെ വരുന്നു. അദ്ദേഹത്തിന്റെ പ്രശസ്‌തമായ താടിയാണ് ആദ്യം ശ്രദ്ധിച്ചത്. മൂന്നുനാലു പേർ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.
പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണെന്നു പറഞ്ഞ് ഞാൻ സ്വയം പരിചയപ്പെടുത്തി. അദ്ദേഹം കുറേനേരം എന്നെ നോക്കിനിന്നുവെങ്കിലും ഒന്നും സംസാരിച്ചില്ല. ‘നമുക്കു കാണാം എന്നുമാത്രം പറഞ്ഞ് പിരിഞ്ഞു. 1973ൽ ആയിരുന്നു അത്.
അടുത്തവർഷം സ്വർണമെഡലോടെ ഞാൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നു പാസായി. ജോലിതേടി ചെന്നൈയിലേക്കു പോയെങ്കിലും സിനിമാരംഗത്ത് ആരും ഞങ്ങളെ അടുപ്പിക്കാത്ത അവസ്‌ഥയായിരുന്നു. പുസ്‌തകം നോക്കി പാചകം ചെയ്യുന്നവരാണ് ഇൻസ്‌റ്റിറ്റ്യൂട്ടുകാർ എന്നായിരുന്നു സിനിമാരംഗത്തുള്ളവരുടെ പരിഹാസം. ഈ രംഗത്തു പരിചയ സമ്പത്തില്ലാതെയും കഷ്‌ടപ്പാട് അറിയാതെയും വന്ന ഞങ്ങളെ ചലച്ചിത്ര വ്യവസായം അംഗീകരിച്ചില്ല.
അരവിന്ദേട്ടന്റെ ആദ്യചിത്രമായ ഉത്തരായനത്തിന്റെ ക്യാമറ മങ്കടയുടേതായിരുന്നു. അടുത്ത സിനിമയ്‌ക്കായി അദ്ദേഹം ക്യാമറാമാനെ അന്വേഷിക്കുകയായിരുന്നു. കല്യാണം കഴിച്ചശേഷം ജീവിക്കാൻ നിവൃത്തിയില്ലാതെ ഞാൻ കറങ്ങുന്ന സമയമായിരുന്നു അത്. ചെന്നൈയിൽ പണിയൊന്നും ലഭിക്കാതെ വന്നപ്പോൾ തെലുങ്കു സിനിമയുടെ ടൈറ്റിൽ എടുത്താണ് ജീവിച്ചിരുന്നത്. രാത്രിമുഴുവൻ മിനക്കെട്ടാൽ 300 രൂപ ലഭിക്കും. തുടർന്ന് കെഎസ്‌എഫ്‌ഡിസിയിൽ ക്യാമറാമാനായി ഞാൻ ജോലിക്കു കയറി. എന്റെ ഭാര്യയുടെ കസിനും കോട്ടയംകാരനുമായ പ്രഹ്‌ളാദന് അരവിന്ദേട്ടനുമായി അടുപ്പമുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെക്കുറിച്ച് അരവിന്ദേട്ടനോടു പറയുന്നത്. അങ്ങനെ കാഞ്ചന സീതയുടെ ക്യാമറാമാനായി ഞാൻ നിയമിതനായി.
ആന്ധ്രയിലെ രാജമുൻട്രിയിലുള്ള കൊടുംകാട്ടിലായിരുന്നു കാഞ്ചന സീതയുടെ ചിത്രീകരണം. ഈ സിനിമയിലെ പ്രധാന കഥാപാത്രം സീതയാണെന്നും പ്രകൃതിയാണ് സീതയെന്നും അരവിന്ദേട്ടൻ എന്നോടു പറഞ്ഞു. സിനിമയുടെ ബജറ്റ് ഒരു ലക്ഷം രൂപയേ ഉള്ളൂ. ചെലവ് ചുരുക്കാനായി ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുക്കാനും അദ്ദേഹം തീരുമാനിച്ചു. പക്ഷേ, പ്രകൃതിയുടെ പച്ചപ്പും മറ്റും പകർത്തണമെങ്കിൽ കളർ വേണമെന്നായിരുന്നു എന്റെ ആഗ്രഹം. അക്കാലത്ത് ഓർവോ കമ്പനിക്കാർ കളർ ഫിലിം ഇറക്കിയിരുന്നുവെങ്കിലും നിലവാരമില്ലാത്തതിനാൽ ആരും വാങ്ങില്ലായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമിന്റെ വിലയ്‌ക്ക് ആർക്കും വേണ്ടാത്ത ഓർവോ ഫിലിം നൽകാമെന്ന് കമ്പനിക്കാർ പറഞ്ഞപ്പോൾ ഞാൻ ധൈര്യപൂർവം ഏറ്റെടുത്തു. അക്കാലത്താണ് പ്രസാദുകാർ ആദ്യമായി കളർ ലാബ് തുടങ്ങിയത്. മികവ് തെളിയിക്കാനുള്ള ആദ്യ അവസരം എന്ന നിലയിൽ കളർ ഫിലിം കുറ്റമറ്റ രീതിയിൽ പ്രോസസ് ചെയ്യുന്ന ചുമതല അവരും ഏറ്റെടുത്തു.
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ എടുക്കുന്നതുപോലെ കളർ ഫിലിമിൽ ചിത്രീകരിച്ചതാണ് കളർ ശരിയാകാത്തതിനു കാരണമെന്നു ഞങ്ങൾ വൈകാതെ മനസ്സിലാക്കി. പുതിയ സാങ്കേതിക വിദ്യയ്‌ക്ക് ഇണങ്ങുന്ന രീതിയിലാണ് കാഞ്ചനസീത ചിത്രീകരിച്ചത്. മുംബൈയിൽനിന്നെത്തിയ സാങ്കേതിക വിദഗ്‌ധർ കുറ്റമറ്റ രീതിയിൽ അതു പ്രസാദ് ലാബിൽ പ്രോസസ് ചെയ്‌തെടുത്തു. അതിന് എനിക്ക് സംസ്‌ഥാന അവാർഡ് ലഭിക്കുകയും ചെയ്‌തു.
ആന്ധയിലെ കൊടുംകാട്ടിനുള്ളിൽ അരുവിയുടെ തീരത്ത് ടെന്റടിച്ചാണ് ചിത്രീകരണ സംഘം താമസിച്ചിരുന്നത്. അവിടെനിന്നു ബോട്ടിൽ ഘോരവനത്തിലൂടെ 10 മണിക്കൂറെങ്കിലും യാത്ര ചെയ്‌താലേ തൊട്ടടുത്തുള്ള നഗരത്തിൽ എത്താനാവൂ. അരവിന്ദേട്ടനൊപ്പം പത്മരാജൻ, ആർട്ടിസ്‌റ്റ് നമ്പൂതിരി, പത്മകുമാർ, എൻ.എൽ. ബാലകൃഷ്‌ണൻ, ചിന്ത രവി തുടങ്ങിയവരെല്ലാം വനത്തിൽ ഉണ്ടായിരുന്നു. എല്ലാദിവസവും രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ചിത്രീകരണം. ക്യാമറയും ഏതാനും റിഫ്‌ളക്‌ടറുകളും മാത്രമേ ഉള്ളൂ എന്നതിനാൽ കൂടുതൽ വെളിച്ചത്തിനു സാധ്യതയില്ല. എഴുതി തയാറാക്കിയ തിരക്കഥയില്ലാതെയായിരുന്നു ചിത്രീകരണം. ഓരോ ദിവസവും എടുക്കാൻ പോകുന്നത് എന്താണെന്ന് അരവിന്ദേട്ടൻ എന്നോടു പറയും. ആന്ധ്രയിലെ ആദിവാസികൾ ആയിരുന്നു അഭിനേതാക്കൾ. 20 ദിവസംകൊണ്ടു ഷൂട്ടിങ് തീർത്ത് ഞങ്ങൾ കാടിനു വെളിയിലെത്തി.
അധികം സംസാരിക്കില്ലെന്നതാണ് അരവിന്ദേട്ടന്റെ പ്രത്യേകത. പകരം അദ്ദേഹം പാട്ടു പാടുകയേയുള്ളൂ. ഒന്നും മിണ്ടാതിരിക്കുന്ന അദ്ദേഹത്തിന്റെ പേരിലായിരിക്കും ചുറ്റുമുള്ളവർ അടിച്ചു പൊളിക്കുക. ഷൂട്ടിങ് സമയത്ത് ആ സിനിമയെക്കുറിച്ചോ ഇനി എടുക്കാൻ പോകുന്ന രംഗത്തെക്കുറിച്ചോ അധികം ഒന്നും പറയില്ല. അടുത്ത സിനിമയെക്കുറിച്ച് ആയിരിക്കും വിപുലമായ ചർച്ച. കാഞ്ചന സീതയുടെ സമയത്തുതന്നെ തമ്പിനെക്കുറിച്ച് ചർച്ച തുടങ്ങിയിരുന്നു. ചെറിയ തെരുവു സർക്കസിന്റെ കഥയാണ് തമ്പ് എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞിരുന്നത്. തിരുനാവായിൽ വച്ചായിരുന്നു ഷൂട്ടിങ്. തെരുവു സർക്കസ് ആകുമ്പോൾ ചെറിയ ടെന്റ് ആയിരിക്കുമല്ലോ. ചെലവ് പരമാവധി കുറയ്‌ക്കേണ്ടതിനാൽ അതിനു പറ്റുന്ന ലൈറ്റുകളും മറ്റുമായാണ് ഞാൻ ഷൂട്ടിങ്ങിനു പോയത്. എന്നാൽ ലൊക്കേഷനിലെത്തിയ ഞാൻ ഞെട്ടി. അവിടെ വലിയൊരു സർക്കസ് ടെന്റും കലാകാരന്മാരുമെല്ലാമാണ് തയാറായിരിക്കുന്നത്. നാലുപേജുള്ള തിരക്കഥയും അരവിന്ദേട്ടന്റെ കൈവശമുണ്ട്. അതുവച്ചു വേണം സിനിമ സൃഷ്‌ടിക്കാൻ. ലൈറ്റുകൾ ഇല്ലാത്തത് വെല്ലുവിളിയായി ഞാൻ ഏറ്റെടുത്തു. ഉള്ളതുവച്ച് പരമാവധി ഗംഭീരമാക്കി. 45 ദിവസംകൊണ്ട് ചിത്രീകരണം തീർന്നു. എവിഎം സ്‌റ്റുഡിയോയിൽ ഫിലിം പ്രോസസ് ചെയ്‌തപ്പോൾ നല്ല റിസൽറ്റ് ലഭിച്ചു. എനിക്കു ദേശീയ അവാർഡ് ലഭിക്കുകയും ചെയ്‌തു.
അവസാന കാലത്ത് എന്നെയും അരവിന്ദേട്ടനെയും തമ്മിൽ മാനസികമായി അകറ്റിയത് ചില സുഹൃത്തുക്കളായിരുന്നു. ഞാൻ പിറവി എടുത്തപ്പോൾ സംഗീതം ഏൽപ്പിച്ചത് അരവിന്ദേട്ടനെയായിരുന്നു. അതിനുശേഷം ഞാൻ സ്വം എടുത്തു. ഇതിനിടെ അരവിന്ദേട്ടന്റെ മാറാട്ടത്തിനു ഛായാഗ്രഹണം നിർവഹിച്ചതും ഞാൻ തന്നെയായിരുന്നു. പക്ഷേ, തുടർന്നുള്ള കൂട്ടായ്‌മകളിലേക്ക് അരവിന്ദേട്ടൻ എന്നെ വിളിക്കാതായി. വാസ്‌തുഹാര ആയപ്പോഴേക്കും അകൽച്ച പൂർണമായി. എനിക്കുപകരം സണ്ണി ജോസഫ് ആണ് അതിന്റെ ക്യാമറ ചെയ്‌തത്.
അരവിന്ദേട്ടൻ മരിച്ചിട്ടും എന്നെ ആരും അറിയിച്ചില്ല. എസ്. ജയചന്ദ്രൻ നായർ വിളിച്ചുപറയുമ്പോഴാണ് ഞാൻ അറിയുന്നത്. ഇടപ്പഴഞ്ഞിയിലെ കേദാരം എന്ന വീട്ടിലേക്കു രാത്രി രണ്ടുമണിക്കു ഞാൻ ചെന്നുകയറുമ്പോൾ അവിടെ പ്രശ്‌നക്കാരായ പല സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. അരവിന്ദേട്ടന്റെ മൃതദേഹംകണ്ട് ഉടനെ ഞാൻ വീട്ടിലേക്കു മടങ്ങി. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കു വയ്‌ക്കണമെന്ന് ചില മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അത് അപ്പോൾ പറയേണ്ടതല്ലെന്നു ഞാൻ പ്രതികരിച്ചതും തെറ്റിദ്ധാരണ സൃഷ്‌ടിച്ചു. അരവിന്ദേട്ടനോടുള്ള പിണക്കം മൂലമാണ് ഇതെന്നായിരുന്നു അവരുടെ വ്യാഖ്യാനം.
അരവിന്ദനെന്ന വിഖ്യാത സംവിധായകന്റെ ആദ്യത്തെയും അവസാനത്തെയും സിനിമകൾ ഒഴികെ മറ്റെല്ലാ സിനിമകൾക്കും ഛായാഗ്രഹണം നിർവഹിക്കാൻ സാധിച്ചതു ഭാഗ്യമായി ഞാൻ കരുതുന്നു.