സ്വാഭാവിക ഹാസ്യത്തിന്‍റെ തമ്പുരാന്‍ വിടവാങ്ങിയിട്ട് പതിനേഴ് വർഷം

കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് ഇന്ന് 17 വര്‍ഷം. മലയാളത്തില്‍ ചിരി പലവഴിക്ക് സഞ്ചരിച്ചെങ്കിലും പപ്പു തീര്‍ത്ത സ്വാഭാവിക ഹാസ്യത്തിന് പിന്മുറക്കാര്‍ അധികമില്ല. ട്രോള്‍ പേജുകളിലും മിമിക്രി വേദിയിലും പപ്പുവിന്റെ കഥാപാത്രങ്ങള്‍ ഇന്നും അരങ്ങുവാഴുന്നു.

മൂടുപടമാണ് ആദ്യ ചിത്രമെങ്കിലും കോഴിക്കോട്ടുകാരന്‍ പത്മദളാക്ഷനെ കുതിരവട്ടം പപ്പുവാക്കിയത് ഭാര്‍ഗവീനിലയമാണ്. പേര് വിളിച്ചതാകട്ടെ എഴുത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറും. പീന്നീട് ഹാസ്യത്തിന്റെ സുല്‍ത്താനായി പപ്പു. മരശേരി ചുരം എന്ന് കേള്‍ക്കുമ്പോള്‍ മലയാളിക്ക് പപ്പുവിനെ ഒാര്‍മ്മവരും. ആ രംഗം ഇന്നും കാലാതീതം.‌

ചിരി മാത്രമല്ല, കണ്ണിനെ ഇൗറനണിയിച്ച നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ വേറിട്ട തലവും പപ്പു കാഴ്ച വച്ചു 37 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 1500 ലേറെ ചിത്രങ്ങള്‍. മാള,പപ്പു,ജഗതി ത്രയങ്ങള്‍ മലയാള സിനിമയുെട അരങ്ങില്‍ തീര്‍ത്ത ചിരിവെട്ടത്തിന് ഇന്നും പത്തരമാറ്റ്.

പപ്പുവിന്റെ കഥാപാത്രങ്ങളെ തിരിച്ചറിയാന്‍ രൂപം ആവശ്യമില്ല. ആ ശബ്ദം തന്നെ ധാരാളം. പതിറ്റാണ്ടുകള്‍ക്കിപ്പുറവും തെളിഞ്ഞുകാണാം, പകരകാരനില്ലാത്ത ആ അതുല്യ പ്രതിഭയെ.