ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഓർമയായിട്ട് ഇന്ന് 10 വർഷം

നടൻ ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ വേർപാടിന് ഇന്ന് 10 വർഷം. നിഷ്കളങ്കത നിറഞ്ഞ കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങൾ മലായാള സിനിമയ്ക്കു സമ്മാനിച്ചാണ് ഒടുവിൽ വിട പറഞ്ഞത്. ദേവാസുരത്തിലെ പെരിങ്ങോടൻ, മീശമാധവനിലെ നമ്പൂതിരി, രസതന്ത്രത്തിലെ ഗണപതി ചെട്ടിയാർ എന്നിങ്ങനെ ശ്രദ്ധേയമായ കാഥാപാത്രങ്ങൾ ഒട്ടേറെയുണ്ട് ഒടുവിലിന്റെ അഭിനയജീവിതത്തിൽ. അടൂർ ഗോപാലകൃഷ്ണന്റെ ‘നിഴൽക്കുത്തി’ലെ കാളിയപ്പൻ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. തനി നാട്ടിൻപുറത്തുകാരനായി ജീവിച്ച ഒടുവിലിന്റെ കഥാപാത്രങ്ങൾ ഗ്രാമീണ നന്മയുടെ പ്രകാശം തൂകുന്നതായിരുന്നു.

കേരളശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒടുവിൽ ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ വിവിധ പ്രവർത്തനങ്ങളുമായി സജീവമാണ്. ഒടുവിലിനു സ്മാരകം നിർമിക്കുക എന്ന ലക്ഷ്യവുമായി ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ വീടായ നീലാഞ്ജനത്തിനു സമീപം സ്ഥലം വാങ്ങിയിട്ടുണ്ട്. നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ സഹായം ലഭിച്ചിട്ടുണ്ട്. നാട്ടിലെ കലാസ്നേഹികളും പിന്തുണയ്ക്കുന്നു. സ്ഥലം ലഭിച്ചതോടെ ആദ്യഘട്ടം പിന്നിട്ടു. സ്മാരക മന്ദിരമാണ് അടുത്ത ലക്ഷ്യം. 10ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ഒടുവിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 31ന് വൈകിട്ട് അ‍ഞ്ചിന് അനുസ്മരണ സമ്മേളനം നടക്കും.