Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

*കണ്‍മണീ, അന്‍പോട് കാതലന്‍...

ആദി താരയെ ആദ്യം കാണുന്നത് റയില്‍വേ സ്റ്റേഷനിലാണ്്; ആ നഗരത്തിലേക്കുള്ള ആദ്യത്തെ വരവില്‍. കൂടെയുള്ള ചെറുപ്പക്കാരനോടു വഴക്കിട്ട് 'ഇപ്പൊച്ചാടും ട്രെയിനിനു മുന്നിലേക്ക്' എന്നു പേടിപ്പിക്കുകയായിരുന്നു അവള്‍. രണ്ടാംകാഴ്ച, സുഹൃത്തിന്റെ വിവാഹദിവസം പള്ളിയില്‍വച്ച്. പിന്നെ പരിചയപ്പെടല്‍, ചങ്ങാത്തം, പ്രണയം.

വിരസനെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കും ഗണപതി. ഓര്‍മയുടെ തിരി മെല്ലെമെല്ലെ അണഞ്ഞുതുടങ്ങുന്ന ഭവാനിയില്‍ പക്ഷെ, നിറപകല്‍പോലെ തെളിഞ്ഞുനില്‍ക്കുന്നുണ്ട് അയാള്‍. പ്രണയമാണ് ഭവാനിക്ക് ഓര്‍മ. ഒരു പ്രാര്‍ഥനപോലെ ഗണപതി അവര്‍ക്ക് കാവലിരിക്കുകയാണ്.

മണിരത്നം പ്രണയം പറഞ്ഞപ്പൊഴൊക്കെ നമ്മള്‍ കണ്ണുനിറയെ കണ്ടിരുന്നിട്ടുണ്ട്. ഓ കാതല്‍ കണ്‍മണി ആ പരമ്പരയിലെ പുതിയ കണ്ണിയാണ്. അന്‍പത്തിയെട്ടാം വയസില്‍ ദക്ഷിണേന്ത്യന്‍ സിനിമയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാനൊരുക്കിയ സിനിമയില്‍ യുവത്വം നിറഞ്ഞുപെയ്യുകയാണ്. രണ്ടു കാലത്തിന്റെ പ്രണയം പറയുന്ന സിനിമ ആഖ്യാനത്തില്‍ വേഗത്തിന്റെ കയറ്റിറക്കങ്ങള്‍ പരീക്ഷിക്കുന്നുണ്ട്.; ചിലരതിനെ ഇഴച്ചില്‍ എന്നു വിളിച്ചേക്കാമെങ്കിലും.

ഒകെ കണ്‍മണി രണ്ടു പ്രണയങ്ങളുടെ കഥയാണ്. പഴയതും പുതിയതുമായ, സാമ്പ്രദായികവും റിബലുമായ രണ്ടുതരം പ്രണയങ്ങള്‍. ആദിയും താരയും, ഗണപതിയും ഭവാനിയും.

dulquer-nithya-ok-kanmani

ഒന്നാമത്തെ പ്രേമകഥ:

ആദി ഒരു ഗെയിം ഡവലപ്പറാണ്. താര ആര്‍ക്കിടെക്ടും. ബന്ധങ്ങള്‍ക്ക് കടലാസുവില പോലുമില്ലാത്ത കാലത്തിന്റെ കുട്ടികളാണ് അവര്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് വിവാഹമുള്‍പ്പെടെയുള്ള വ്യവസ്ഥാപിത സംഗതികളിലൊന്നും താല്‍പര്യമില്ല. യാദൃശ്ചികമായി കണ്ട പെണ്‍കുട്ടിയില്‍ അനുരക്തനായ ആദി സിനിമയിലെ പതിവുപോലെ അവളുമായി പ്രണയത്തിലാകുന്നു. അല്‍പ്പകാലം കഴിഞ്ഞ് ആദി യുഎസിലേക്കും താര പാരിസിലേക്കും പോകും. അതുവരെ ഒരുമിച്ചു ജീവിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. സ്വന്തം സ്വപ്നങ്ങള്‍ക്കുപിന്നാലെയാണ് അവരുടെ യാത്ര. അവരെ വിവാഹം കഴിപ്പിക്കാന്‍ താരയുടെ അമ്മയും ആദിയുടെ ചേട്ടനും ശ്രമിക്കുന്നുണ്ട്. പക്ഷെ വിവാഹമെന്ന ബോറന്‍ ഏര്‍പ്പാടില്‍ അവര്‍ക്കു വിശ്വാസമില്ല. വ്യക്തിപരമായ സ്വാതന്ത്യ്രമാണ് വലുതെന്നും വിവാഹം അതിനു തടസമാണെന്നുമാണ് അവരുടെ വാദം. അതാണ് ഒകെ കണ്‍മണിയിലെ ആദ്യപ്രണയം. മനോഹരദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്ന ആ പ്രേമകഥയ്ക്കു ചുറ്റും മണിരത്നം പാട്ടും നിറപ്പകിട്ടും തിളക്കങ്ങളുമൊക്കെ നിറച്ചുവച്ചിട്ടുമുണ്ട്. കുറച്ചേറെ പൈങ്കിളിയായ ഒരു പ്രേമം. úആദിയും താരയുമായി മറ്റാരെയും സങ്കല്‍പ്പിക്കാനാകാത്ത വിധം സുന്ദരമാണ് ദുല്‍ഖറിന്റെയും നിത്യയുടെയും പ്രകടനം.

മൌനരാഗത്തില്‍ നമ്മള്‍ കണ്ട കഥയുടെ മറ്റൊരു വേര്‍ഷനാണ് കണ്‍മണിയെന്ന് വേണമെങ്കില്‍ പറയാം. വിവാഹമോചനം കാത്തിരിക്കുന്ന ദമ്പതിമാര്‍ പിരിയാനുള്ള ദിവസമടുത്തുവരവെ തിരിച്ചറിയുന്ന പ്രണയത്തിന്റെ ഊഷ്മളതയാണ് മൌനരാഗം. രേവതിയും മോഹനും കാര്‍ത്തിക്കും മനോഹരമായി അഭിനയിച്ച ചിത്രം. കണ്‍മണിയില്‍ പക്ഷെ പിരിയണമെന്നുറപ്പിച്ചു പ്രണയിക്കുന്ന രണ്ടുപേരാണ്. ചില കൌതുകങ്ങള്‍ക്കും ശാരീരികമായ ആഹ്ളാദങ്ങള്‍ക്കുമപ്പുറം പ്രണയം മറ്റുചിലതുകൂടിയാണെന്ന് അവര്‍ക്കു തോന്നിത്തുടങ്ങുന്നത് താരയ്ക്കു പാരീസീലേക്കു പോകാനുള്ള ദിവസം അടുത്തുവരുമ്പോഴാണ്. പ്രണയം അതിന്റെ മാജിക് തുടങ്ങുകയാണ്. മറ്റേയാളിന്റെ അഭാവത്തില്‍ ലോകത്തെത്തന്നെ ശൂന്യമാക്കിക്കളയുന്ന മായാജാലം. പക്ഷെ രണ്ടുപേരും അതുതുറന്നുപറയുന്നില്ല. ഒടുവില്‍, കഥയിലെ രണ്ടാമത്തെ പ്രണയവുമായി നേര്‍ക്കുനേര്‍ വരുന്ന ആ നിമിഷത്തിലാണ് ഈഗോയുടെ പുറന്തോട് പൊട്ടിച്ച് താര അവനോട് പ്രണയം ചോദിക്കുന്നത്, അവനത് സമ്മതിക്കുന്നതും.

dulquer-nithya-menon

രണ്ടാമത്തെ പ്രണയകഥ:

ഗണപതി റിട്ടയര്‍ ചെയ്ത ബാങ്കുദ്യോഗസ്ഥനാണ്. ഭവാനി ആരാധകരേറെയുള്ള ഒരു സംഗീതജ്ഞയും. ആദിയും താരയും അവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹം കഴിക്കാതെ ഒരുമിച്ചുജീവിക്കുന്നതിനോട് അനുകൂലനിലപാടല്ല ഗണപതിയുടേത്. ചിലനേരം ഭവാനിയുടെ പെരുമാറ്റം വിചിത്രമായിത്തോന്നുന്നുണ്ട് ആദിക്ക്. പിന്നെയാണ് ഗണപതി പറയുന്നത് അത് അല്‍ഷിമേഴ്സാണ് എന്ന്. ആദ്യമൊന്നും ഭവാനിക്കറിയില്ല മറവിയുടെ കാലന്‍പുഴുക്കള്‍ തന്റെ ഓര്‍മകളെ കരണ്ടുതിന്നുന്നുണ്ടെന്ന്. അവര്‍ ആളുകളെയും സംഭവങ്ങളെയും മറന്നുപോകുന്നു, കാലവും സമയവും ഋതുക്കളും തെറ്റുന്നു. പക്ഷെ ഗണപതിയെക്കുറിച്ചുമാത്രം അവര്‍ക്കു തെറ്റില്ല. അയാളുമായുള്ള പ്രണയം, വിവാഹം, ജീവിതം, പിന്നെ സംഗീതവും. രണ്ടു പഴയ മനുഷ്യരുടെ ആത്മബന്ധം മണിരത്നം അതിമനോഹരമായാണ് തിരയിലെഴുതുന്നത്; ഒപ്പം പ്രകാശ് രാജും ലീലാ സാംസണും. ആശുപത്രിയില്‍ ഭവാനിയെ പരിശോധനയ്ക്കു കയറ്റുമ്പോള്‍ അതു കണ്ടുനില്‍ക്കുന്ന ഗണപതി പ്രകാശ് രാജിലെ നടന്റെ മികച്ച നിമിഷങ്ങളിലൊന്നാണ്. ചിരിയെന്നു തോന്നുന്ന മുഖഭാവവും നിറഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന മനുഷ്യന്‍. ആ നോട്ടത്തില്‍ അയാള്‍ക്ക് ഭാര്യയോടുള്ള പ്രണയമത്രയുമുണ്ട്. വീട്ടില്‍, കിടക്കയില്‍ ഭവാനിയെ താങ്ങിക്കിടത്തുമ്പോള്‍ എനിക്കെന്താ അസുഖമെന്ന് ഒരല്‍പ്പം വേവലാതിയോടെ ചോദിക്കുന്ന അവരോട് ഒരു വെറും പനി എന്ന മട്ടിലാണ് ഗണപതിയുടെ മറുപടി: അല്‍ഷിമേഴ്സ്.

OK Kanmani Song

രണ്ടു പ്രണയങ്ങള്‍, നേര്‍ക്കുനേര്‍

പെരുമഴ പെയ്യുന്ന ഒരു ദിവസം, ഇടയ്ക്കിടെ സംഭവിക്കാറുള്ളതുപോലെ, ഭവാനിയെ കാണാതാകുന്നു. മഴയത്ത് അവരെത്തിരഞ്ഞ് തെരുവുകളിലൂടെ ഓടുകയാണ് ആദിയും താരയും. കുറേ ദിവസങ്ങളായി അവര്‍ അസ്ഥസ്ഥരാണ്; പ്രകടിപ്പിക്കുന്നില്ലെങ്കിലും. പ്രണയം അതിന്റെ മന്ത്രവാദം തുടങ്ങിക്കഴിഞ്ഞിരുന്നു. അവശേഷിക്കുന്ന ദിവസങ്ങള്‍ സന്തോഷത്തോടെ കഴിഞ്ഞ് നല്ല ഓര്‍മകളുമായി പിരിയാമെന്നാണ് തീരുമാനമെങ്കിലും പലപ്പോഴും അവരുടെ പിടിവിട്ടുപോകുന്നുണ്ട്. അതിനെ മറികടക്കാന്‍ ഗൌരവത്തിന്റെ മുഖംമൂടിയുണ്ട്.

ഭവാനിയെത്തിരഞ്ഞ് ആ പഴയ മാരുതി ജിപ്സിയുമായി ഇടുങ്ങിയ തെരുവുകളിലൂടെ പായുമ്പോഴാണ് അവര്‍ക്ക് ഗണപതിയേയും ഭവാനിയേയും മനസിലാകുന്നത്; ഓര്‍മയണഞ്ഞണഞ്ഞുപോകുന്ന ഒരു വൃദ്ധയും മടുപ്പനെന്നു തോന്നിക്കുന്ന ഒരു വൃദ്ധനും പരസ്പരം പൂരിപ്പിക്കുന്നതെങ്ങനെയെന്ന് തിരിച്ചറിയുന്നത്. ആ തിരിച്ചറിവിലാണ് താര ആദിയോട് ആ ചോദ്യം ചോദിക്കുന്നത്: എനിക്കിങ്ങനെ വന്നാല്‍ നീയെന്നെ നോക്കുമോ?. ഒട്ടും സംശയിക്കാതെ അവന്റെ മറുപടി 'ഞാന്‍ നിന്നെ നോക്കും, മരണം വരെ' എന്നാണ്.

പിന്നെയവന്‍ അവളോട് ചോദിക്കുന്നു: 'എന്നെ വിവാഹം കഴിക്കുമോ?'

*തലക്കെട്ട്: കമല്‍ഹാസന്‍ ചിത്രം ഗുണയിലെ ഗാനത്തിന്റെ ആദ്യവരി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.