മറവിക്കും ഓർമയ്ക്കും ഇടയിലെ അൽപദൂരം: ‘ത്രീ ഓഫ് അസ്’ റിവ്യു
‘എറ്റേണൽ സൺഷൈൻ ഓഫ് എ സ്പോട്‌ലെസ് മൈൻഡ്’ എന്ന സിനിമ ചലച്ചിത്ര പ്രേമികൾ ആരും തന്നെ മറക്കാനിടയില്ല. ഓർമകൾ മാഞ്ഞുപോകും മുമ്പ് ഉള്ള നിമിഷങ്ങളെ ചേർത്തുപിടിക്കുന്ന സിനിമയാണത്. ഓർമയിൽനിന്നു പ്രിയപ്പെട്ടയാൾ മാഞ്ഞു പോകും മുൻപുള്ള...
‘എറ്റേണൽ സൺഷൈൻ ഓഫ് എ സ്പോട്‌ലെസ് മൈൻഡ്’ എന്ന സിനിമ ചലച്ചിത്ര പ്രേമികൾ ആരും തന്നെ മറക്കാനിടയില്ല. ഓർമകൾ മാഞ്ഞുപോകും മുമ്പ് ഉള്ള നിമിഷങ്ങളെ ചേർത്തുപിടിക്കുന്ന സിനിമയാണത്. ഓർമയിൽനിന്നു പ്രിയപ്പെട്ടയാൾ മാഞ്ഞു പോകും മുൻപുള്ള...
‘എറ്റേണൽ സൺഷൈൻ ഓഫ് എ സ്പോട്‌ലെസ് മൈൻഡ്’ എന്ന സിനിമ ചലച്ചിത്ര പ്രേമികൾ ആരും തന്നെ മറക്കാനിടയില്ല. ഓർമകൾ മാഞ്ഞുപോകും മുമ്പ് ഉള്ള നിമിഷങ്ങളെ ചേർത്തുപിടിക്കുന്ന സിനിമയാണത്. ഓർമയിൽനിന്നു പ്രിയപ്പെട്ടയാൾ മാഞ്ഞു പോകും മുൻപുള്ള...
Clementine: "This is it, Joel. It's going to be gone soon"
Joel: "I know"
Clementine: "What do we do?"
Joel: "Enjoy it"
‘എറ്റേണൽ സൺഷൈൻ ഓഫ് എ സ്പോട്‌ലെസ് മൈൻഡ്’ എന്ന സിനിമ ചലച്ചിത്ര പ്രേമികൾ ആരും തന്നെ മറക്കാനിടയില്ല. ഓർമകൾ മാഞ്ഞുപോകും മുമ്പ് ഉള്ള നിമിഷങ്ങളെ ചേർത്തുപിടിക്കുന്ന സിനിമയാണത്. ഓർമയിൽനിന്നു പ്രിയപ്പെട്ടയാൾ മാഞ്ഞു പോകും മുൻപുള്ള ആ ഇടനേരം. മറക്കാൻ പോകുന്നു എന്ന് തിരിച്ചറിവുള്ള ആ സമയം. ഓർമകൾ ഇല്ലാതെയാവാൻ പോവുകയാണ് എന്നു പറയുമ്പോൾ, ആ നിമിഷങ്ങളെ ആസ്വദിക്കാൻ മാത്രം പറഞ്ഞുവയ്ക്കുകയാണ് സിനിമയിൽ.
മാഞ്ഞുപോകും എന്ന് ഉറപ്പുള്ള ഓർമയെ ചേർത്തു പിടിക്കുന്നതിലെ നോവ്... അവിനാഷ് അരുൺ സംവിധാനം ചെയ്ത് ഷഫാലി ഷാ, ജയദീപ് അഹ്‌ലാവത്, സ്വാനന്ദ് കിർകിരെ എന്നിവർ അഭിനയിച്ച ‘ത്രീ ഓഫ് അസ്’ അത്തരമൊരു സിനിമയാണ്. കവിത പോലെ മനോഹരമാണ് ഓരോ സംഭാഷണവും. ഓർമകൾ മാഞ്ഞു തുടങ്ങുമ്പോൾ, ഏറ്റവും പ്രിയപ്പെട്ടവരെ തിരിച്ചറിയാതെയാകുമ്പോൾ എല്ലാത്തിനും അപ്പുറം സ്വയം മറന്നു തുടങ്ങുമ്പോൾ... എല്ലാത്തിന്റെയും ഉത്ഭവത്തിലേക്ക് തിരികെ പോകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഓർമിപ്പിക്കുന്നുണ്ട് ത്രീ ഓഫ് അസ്.
"പൂരി സിന്ദഗി ഇസീ സോച് മേ നികൽജാതിഹെ കി... ഹമെ ഭാഗ്ദർ പസന്ത് ഹേ യാ ശാന്ത്...
അഭി കുചി ദിനൊ പഹലെ സിന്ദഗി നെ കഹാ.. ബസ് കരോ ..ബസ്"
‘അൽപനേരം പതിയെ പോകാൻ ജീവിതം എന്നോടു പറഞ്ഞു’ എന്ന് ശൈലജ (ഷെഫാലി ഷാ) പറയുന്നുണ്ട്. തിരക്കിനു പുറകെ പോകുമ്പോൾ നഷ്ടമാകുന്ന ചില മാത്രകളെ, നല്ലൊരു ഓർമയെ തിരിച്ചുപിടിക്കാൻ തിരക്കിനിടയിൽ എപ്പോഴെങ്കിലും ഒന്നു മെല്ലെ പോകണം. പതിഞ്ഞ താളത്തിലുള്ള ആ പോക്ക് സിനിമയിൽ ഉടനീളം ഉണ്ട്. സംഭാഷണങ്ങൾക്കിടയിലെ നിശബ്ദത. ചില നേരങ്ങളിൽ ആ നിശബ്ദതയെ ഭേദിക്കരുത് എന്ന് തോന്നിപ്പോകും. അത്രത്തോളം ഭംഗിയുണ്ട് അതിന്. പ്രണയ സിനിമകൾ കൂടുതൽ ആസ്വാദ്യമാകുന്നത് റൊമാന്റിക് പാട്ടുകളും കലുഷിത രംഗങ്ങളും ഒക്കെ ചേർത്തുവയ്ക്കുന്നതിനേക്കാൾ സൂക്ഷ്മമായ ചില രംഗങ്ങൾ, നോട്ടങ്ങൾ, ചില വാക്കുകൾ ചേർത്തുവയ്ക്കുമ്പോൾ ആണെന്ന് സിനിമയുടെ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ കാണാൻ കഴിയും.
ചില രംഗങ്ങൾ മാത്രം മതി. മനസ്സിൽ ഏറെ നാൾ അവ തങ്ങിനിൽക്കും. ചില വാക്കുകൾ കേട്ടാൽ ഒരു വിങ്ങൽ പോലെ പിന്നെപ്പോഴെങ്കിലും പൊന്തി വരും. നഷ്ടപ്പെട്ട ആരെയോ ഒന്നുകൂടി ഓർമിക്കാൻ ചിലപ്പോൾ അത്തരം രംഗങ്ങൾ കാരണമായേക്കും. അങ്ങനെയുള്ള രംഗങ്ങളാൽ, വാക്കുകളാൽ സമ്പന്നമാണ് ഈ സിനിമ.
ബാല്യകാലത്ത് ഏറ്റവും മുറിവേറ്റ ഒരിടത്തേക്കു തിരിച്ചു പോവുകയാണ് ശൈലജ. മുറിവു മാത്രമല്ല, നല്ല ഓർമകൾ കൂടിയുള്ള ഒരിടമാണത്. യാത്രയിലുടനീളം എന്തോ തേടിയുള്ള, എന്തോ ഒന്ന് പൂർത്തിയാക്കാനുള്ള ഒരു ആകാംക്ഷ അവരുടെ കണ്ണുകളിൽ കാണാൻ കഴിയും. ഷെഫാലിയുടെ കണ്ണുകൾക്ക് വലിയ ആരാധകർ തന്നെയുണ്ട് എന്നു തോന്നുന്നു. ഷെഫാലി അഭിനയിച്ച "വൺസ് എഗെയിൻ" എന്ന ചിത്രത്തിൽ തന്റെ കാമുകനോട് തന്നെ നേരിട്ടു കാണുന്നതിന് മുന്നേ തന്റെ രൂപം എങ്ങനെയായിരിക്കും അയാൾ കരുതിയിരുന്നതെന്ന് അവർ ചോദിക്കുന്ന ഒരു രംഗമുണ്ട്. കുറെയേറെ വിശേഷണങ്ങൾക്ക് ശേഷം "പിന്നെ ഈ നിറഞ്ഞ കണ്ണുകൾ" എന്നയാൾ എടുത്തുപറയുന്നു.
ആ കണ്ണുകൾ അവതരിപ്പിക്കാൻ മറ്റാരും പോരാതെ വരും എന്ന് തോന്നിപ്പോകും. വളരെ പതുങ്ങിയ താളത്തിൽ ഉള്ള അവരുടെ നടത്തം. സാരിത്തുമ്പ് തോളിലേക്കിടുന്നതിലെ ആലസ്യം. കണ്ണുകളിൽ പ്രണയവും സങ്കടവും ആകാംക്ഷയും... അവിടെ ഷെഫാലിയോളം യോജിച്ച ഒരു നടി ഉണ്ടാവില്ല.
ഭർത്താവിന് ഒപ്പം ബാല്യകാല ഓർമകളിലേക്ക് തിരികെ വന്ന ശൈലജ പഴയ കാമുകനായ പ്രദീപിനെ (ജയദീപ് അഹ്‌ലാവത്) കാണുമ്പോൾ ആകാംക്ഷ വിട്ടുമാറാത്ത കണ്ണുകളോടെ നോക്കിയിരിക്കുന്നതു കാണാം. എന്നാൽ ആ നോട്ടത്തിനെ എതിർക്കാതെ, അവർക്കു സമയം നൽകി മാറി നിൽക്കുകയാണ് ദീപാങ്കർ (സ്വാനന്ദ് കിർകിരെ). അത്തരം ഒരു ബന്ധം അപൂർവമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ. പ്രദീപിന്റെ ഭാര്യയാകട്ടെ അയാൾ ശൈലജക്ക് ഒപ്പം ഓർമകളുടെ വഴിത്താരകളിലൂടെ പോകണമെന്ന് നിർബന്ധിക്കുകയും ചെയ്യുന്നു. ബാങ്ക് മാനേജരായ പ്രദീപ് ഇടയ്ക്കൊക്കെ കവിതയെഴുതാറുണ്ട് എന്നു കാണാം. അയാളുടെ മ്യൂസ് ആയി മാറുന്നതാകട്ടെ ശൈലജയും.
‘ഇനി കാണുമ്പോൾ ഞാൻ നിന്നെ ഓർക്കാനിടയില്ല’ എന്ന് ശൈലജ പറഞ്ഞവസാനിപ്പിക്കുമ്പോൾ ‘ഞാനോർത്തു കൊള്ളാം’ എന്ന് പ്രദീപ് വാക്കു കൊടുക്കുന്നു. തമ്മിലൊരാൾ മാത്രം ഓർത്താൽ മതി പ്രണയത്തിന്റെ നിലനിൽപ്പിന് എന്നൊരു മനോഹര വാഗ്ദാനം കൂടിയാണത്.
പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കാൻ നാളെയും നേരം ഉണ്ടല്ലോ എന്ന് കരുതി നമ്മൾ മാറ്റിവയ്ക്കാറുണ്ട്. ഒഴിവുകഴിവുകൾ പറയാറുണ്ട്. എന്നാൽ ഓർമകൾ ഇല്ലാതെയാവാൻ അത്രയൊന്നും സമയം വേണ്ട എന്നു കൂടി ‘ത്രീ ഓഫ് അസ്’ ഓർമിപ്പിക്കുന്നുണ്ട്. അതിനു തൊട്ടു മുന്നേയുള്ള നിമിഷങ്ങളെ ചേർത്തുപിടിക്കാൻ മാത്രം പറഞ്ഞു വയ്ക്കുന്നുണ്ട്.